10,000 രൂപയുടെ സ്വാധീനം, ജാതിസമവാക്യങ്ങള്‍, ഒപ്പം വികസനകാര്‍ഡുകളും; ‘ബിഗ്‌ജെപി’

#പ്രത്യേക ലേഖകന്‍
ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെപി നഡ്ഡയും |ഫോട്ടോ:PTI
ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെപി നഡ്ഡയും |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ജാതിസമവാക്യങ്ങള്‍ സമര്‍ഥമായി ഉപയോഗിച്ചും വികസനകാര്‍ഡുകള്‍ തരാതരംപോലെ ഉയര്‍ത്തിയുമാണ് എന്‍ഡിഎ സഖ്യം ബിഹാറില്‍ വിജയം ആവര്‍ത്തിച്ചത്. വികസനത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിച്ചുള്ള കരുനീക്കങ്ങളും നിര്‍ണായകമായി.

കോടികളുടെ കേന്ദ്ര പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. മോദി-നിതീഷ് ദ്വയത്തെ വികസനത്തിന്റെ പ്രതീകമായി എന്‍ഡിഎ ഉയര്‍ത്തിക്കാട്ടി. ജെഡിയുവിന്റെ സംസ്ഥാന നേതൃത്വത്തിനൊപ്പം ബിജെപി കേന്ദ്രനേതാക്കളും ചേര്‍ന്നാണ് തന്ത്രങ്ങള്‍ക്ക് രൂപംകൊടുത്തത്. പ്രധാനമന്ത്രി പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അണിയറയില്‍ ചുക്കാന്‍ പിടിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും പട്‌നയില്‍ ക്യാമ്പുചെയ്ത് കരുക്കള്‍ നീക്കി. ഇതോടൊപ്പം അടിത്തട്ടില്‍ പഴുതടയ്ക്കാന്‍ ആര്‍എസ്എസും സഹായിച്ചു. ജാതിയില്‍ ഊന്നിയുള്ള സോഷ്യല്‍ എന്‍ജിനിയറിങ്ങും ഹിന്ദുത്വയിലൂന്നിയ ധ്രുവീകരണ തന്ത്രവും പയറ്റി. ഇക്കുറി ജെഡിയുവും അതിനൊപ്പം നിന്നു.

ബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പ്രധാനമന്ത്രിയും അമിത് ഷായും നുഴഞ്ഞുകയറ്റ ആരോപണം ഉയര്‍ത്തി. ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിന് ഇത് വളമിട്ടു.

10000 രൂപയുടെ സ്വാധീനം

മുഖ്യമന്ത്രി നിതീഷ് കുമാറിന് ബിഹാറിലെ സ്ത്രീ വോട്ടര്‍മാരുടെ ഇടയിലുള്ള സ്വാധീനം ഉറപ്പിക്കാന്‍ സകല മാര്‍ഗങ്ങളും എന്‍ഡിഎ സഖ്യം പയറ്റി. മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജനയുടെ ഭാഗമായി 10,000 രൂപ വീതം 1.25 കോടി സ്ത്രീകളുടെ അക്കൗണ്ടിലെത്തി. വിധവകള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പെന്‍ഷന്‍ 400-ല്‍നിന്ന് 1,100 ആയി ഉയര്‍ത്തിയതും സ്ത്രീകള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കി.

വാഗ്ദാനപ്പെരുമഴ

ബിജലി, പാനി, വികാസ് (വൈദ്യുതി, വെള്ളം, വികസനം) എന്നതായിരുന്നു എന്‍ഡിഎ പ്രചാരണത്തിന്റെ മര്‍മം. 125 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങള്‍ക്കും വാഗ്ദാനം ചെയ്തു. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് രണ്ടുവര്‍ഷംവരെ 1,000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റും പ്രഖ്യാപിച്ചു. ഈവര്‍ഷം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ ഏകദേശം 80,000 കോടിയുടെ കേന്ദ്ര വികസന പദ്ധതി പ്രഖ്യാപനങ്ങളും തുടക്കമിടലുകളും ബിഹാറില്‍ നടന്നു.

ജാതി സമവാക്യങ്ങള്‍

ആര്‍ജെഡി സഖ്യത്തിന്റെ പ്രധാന വോട്ടുബാങ്ക് യാദവ, മുസ്ലിം വിഭാഗങ്ങളാണെന്നറിയാവുന്ന എന്‍ഡിഎ മറിച്ചൊരു ജാതി ധ്രുവീകരണത്തിന് ശ്രമിച്ചു. യാദവര്‍ക്കെതിരേ പലജാതികളായി ഭിന്നിച്ചുനില്‍ക്കുന്ന അതിപിന്നാക്കക്കാരെയും യാദവ ഇതര പിന്നാക്കക്കാരെയും ഒന്നിച്ച് അണിനിരത്തി. ചിരാഗ് പസ്വാന്റെ പാര്‍ട്ടിയിലൂടെ ലഭിച്ച ദളിത് വോട്ടുകളിലെ പങ്കും പ്രധാനമായി. ആര്‍ജെഡി സഖ്യ കേന്ദ്രങ്ങളില്‍ വിമതരെ ആളും അര്‍ഥവും നല്‍കി സഹായിച്ചു. മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ള മേഖലയില്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യവും ഗുണമായി. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ ബിഹാറിലെ ജനസംഖ്യാ അനുപാതം തകര്‍ക്കുന്നു എന്ന ആരോപണം ശക്തമായി പ്രചരിപ്പിച്ചു.

Content Highlights: Bihar Elections: How NDA Mastered Caste Dynamics and Development Narratives for Victory