ദക്ഷിണ ഡല്‍ഹിയില്‍ ബി.ജെ.പി തരംഗം; എ.എ.പി കോട്ടകൾ പൊളിഞ്ഞു

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബി.ജെ.പി മുന്നേറ്റമായിരുന്നു ഡല്‍ഹി കണ്ടത്. ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ ഭരണമാറ്റത്തിന്റെ സൂചനകള്‍ പുറത്തുവന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുംതോറും ആം ആദ്മിയുടെ നെഞ്ചിടിപ്പേറി. ആദ്യ ഘട്ടത്തില്‍ അരവിന്ദ് കെജ്‌രിവാളും അതിഷിയും മനീഷ് സിസോദിയുമടക്കമുള്ള എ.എ.പി നേതാക്കള്‍ പിന്നിലായി. ദക്ഷിണ ഡല്‍ഹിയിലെ ബി.ജെ.പി കുതിപ്പാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്.
ദക്ഷിണ ഡല്‍ഹിയിലും ബി.ജെ.പി തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആരംഭത്തില്‍ കണ്ടത്. ദക്ഷിണ ഡല്‍ഹിയിലെ 15 നിയമസഭാ സീറ്റുകളില്‍ 11 സീറ്റുകളിലും ബി.ജെ.പി മുന്നിട്ടുനിന്നു. നാല് സീറ്റുകളില്‍ മാത്രമാണ് എ.എ.പിക്ക് ലീഡെടുക്കാനായത്. ദക്ഷിണ ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 10 സീറ്റുകളും ന്യൂ ഡല്‍ഹി, ഗ്രേറ്റര്‍ കൈലാഷ്, മാല്‍വിയ നഗര്‍, ആര്‍.കെ പുരം, കസ്തുര്‍ബാ നഗര്‍ സീറ്റുകളാണ് ഇതിലുള്‍പ്പെടുന്നത്. 2020-നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ 15 സീറ്റുകളില്‍ 14 സീറ്റുകളിലും എ.എ.പിയാണ് വിജയിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ ഈ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലെ എ.എ.പി പതനത്തിന് ആക്കം കൂട്ടിയത്.
കല്‍ക്കാജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി പിന്നിലാണ്. ന്യൂ ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളും രണ്ടാമതാണ്. എട്ടുറൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ കെജ്‌രിവാളിനെ പിന്നിലാക്കി പര്‍വേഷ് സാഹിബ് ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്നുമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 45 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നു. കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.
Content Highlights: south delhi bjp leading aap