ജനങ്ങള്‍ക്ക് മടുത്തിരുന്നു, അവര്‍ മാറ്റത്തിനുവേണ്ടി വോട്ട് ചെയ്തു- ഡല്‍ഹി ഫലത്തില്‍ പ്രിയങ്ക

പ്രിയങ്കാ ഗാന്ധി | Photo:  ANI
പ്രിയങ്കാ ഗാന്ധി | Photo: ANI

കല്‍പ്പറ്റ: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എം.പി. പ്രിയങ്കാ ഗാന്ധി. രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ മാറ്റത്തിനുവേണ്ടി വോട്ട് രേഖപ്പെടുത്തിയെന്നും കാര്യങ്ങള്‍ നടക്കുന്ന രീതിയില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നുവെന്നും പ്രിയങ്ക വയനാട്ടില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. 

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന കാര്യം തിരഞ്ഞെടുപ്പിന് മുന്‍പേ നടന്ന പാര്‍ട്ടി യോഗങ്ങളില്‍ തന്നെ വ്യക്തമായിരുന്നു. ആളുകള്‍ മാറ്റത്തിനു വേണ്ടി വോട്ട് ചെയ്തുവെന്നാണ് മനസ്സിലാക്കുന്നത്. വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍- പ്രിയങ്ക പറഞ്ഞു. പരാജയപ്പെട്ടവര്‍ കൂടുതല്‍ കഠിനമായി പരിശ്രമിക്കുകയും ആളുകളുടെ വിഷയങ്ങളില്‍ പ്രതികരിക്കുകയും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി നിയമസഭയുടെ എഴുപത് സീറ്റുകളിലേക്ക് നടന്ന പോരാട്ടത്തില്‍ ഒരു സീറ്റില്‍പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. 49 സീറ്റുകളില്‍ വിജയം ഉറപ്പിച്ച ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കത്തിലാണ്. എ.എ.പി. 21 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
 

Content Highlights: priyanka gandhi on delhi assembly poll result