കെജ്‌രിവാൾ കള്ളം പറയുന്നു, യമുനയിൽ വിഷമില്ല; നദിയിൽ നിന്ന് വെള്ളം കുടിച്ച് ഹരിയാണ മുഖ്യമന്ത്രി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കത്തിപടർന്ന് യമുനാ നദി വിവാദം. യമുനാനദിയിലെ വെള്ളത്തിൽ ഹരിയാണ വിഷം കലർത്തുന്നെന്ന മുഖ്യമന്ത്രി അതിഷിയുടെയും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും വിമർശനങ്ങൾക്ക് മറുപടിയായി നദിയിലെ ജലം കുടിച്ച് ഹരിയാണ മുഖ്യമന്ത്രി നയാബ് സിങ് സൈനി. ഡൽഹിയിലെ പല്ല ഗ്രാമത്തിൽ നിന്നാണ് മുഖ്യമന്ത്രി ജലം കുടിച്ചത്.
കെജ്‌രിവാളിന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള പ്രസ്താവന ജനങ്ങളെ ഭീതിയിലാക്കി. താൻ യമുനാ നദിയിൽ നിന്ന് വെള്ളം കുടിച്ചിരിക്കുന്നു. ഹരിയാണയിലെ ബിജെപി സർക്കാർ യമുന നദിയിൽ വിഷം കലർത്തിയെന്ന് കെജ്‌രിവാൾ പറഞ്ഞു. കൂട്ടക്കൊലയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ജല അതോറിറ്റി ഇവിടെ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. വെള്ളത്തിൽ വിഷാംശം കണ്ടെത്തിയിട്ടില്ല. അരവിന്ദ് കെജ്‌രിവാൾ കള്ളം പറയുകയാണ്. സൈനിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിൽ ശക്തമായ ആരോപണ പ്രത്യാരോപണങ്ങളുമായി ദേശീയ പാർട്ടികൾ മുന്നോട്ടുപോകുന്നതിനിടയിലാണ് തിങ്കളാഴ്ച യമുന നദിയിലെ മലിനീകരണത്തിൽ ഹരിയാണക്കെതിരെ ശക്തമായ ആരോപണങ്ങളുമായി മുഖ്യമന്ത്രി അതിഷി രംഗത്തെത്തിയത്. ഹരിയാണയിൽ നിന്നെത്തുന്ന വെള്ളത്തിൽ ഉയർന്ന അളവിൽ അമോണിയ കലർന്നിരിക്കുന്നെന്നും തിരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടിക്കണ്ട് ബി.ജെ.പി. ഡൽഹിക്കാരെ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്നുമായിരുന്നു ആരോപണം. ഡൽഹിയിലെ ജലശുദ്ധീകരണികൾക്ക് താങ്ങാവുന്നതിലും ഉയർന്നതോതിൽ വിഷാംശമുള്ള വെള്ളമാണ് ഹരിയാണയിൽനിന്ന് യമുനയിലൊഴുകിയെത്തുന്നതെന്ന് അതിഷി തിരഞ്ഞെടുപ്പ് കമ്മീഷനുമുന്നിലും ചൂണ്ടിക്കാട്ടി.
വെള്ളത്തിൽ വിഷം കലർത്തി ഡൽഹിയിൽ കൂട്ടക്കൊലയ്ക്കാണ് ബി.ജെ.പി. പദ്ധതിയിടുന്നതെന്ന് അരവിന്ദ് കെജ്‌രിവാളും രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ഇത് നിഷേധിച്ച ഹരിയാണ മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി വെള്ളം പരിശോധിക്കാമെന്ന് മറുപടി നൽകിയിരുന്നു. എഎപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെ ബി.ജെ.പിയും കമ്മിഷനെ സമീപിച്ച് പരാതിനൽകി.
Content Highlights: Haryana CM drinks river water