എക്‌സിറ്റ്‌പോളുകൾ സ്വാഗതംചെയ്ത് BJP; തള്ളിപ്പറഞ്ഞ് AAP; ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് കോൺഗ്രസ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.ടി.ഐ. & എ.എന്‍.ഐ.
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.ടി.ഐ. & എ.എന്‍.ഐ.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സ്വാഗതംചെയ്ത് ബി.ജെ.പി. ഡല്‍ഹിയിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും അവര്‍ ബി.ജെ.പി.യ്ക്ക് ഏറെ സ്‌നേഹവും അനുഗ്രഹവും നല്‍കിയെന്നും ബി.ജെ.പി. ഡല്‍ഹി അധ്യക്ഷന്‍ വിരേന്ദ്ര സച്ഛ്‌ദേവ പറഞ്ഞു. 'ആപ്ദ' (ദുരന്തം) ഡല്‍ഹി വിടുകയാണ്. ഡല്‍ഹിയില്‍ ബി.ജെ.പി. വരുന്നു. അഴിമതിയില്ലാത്ത സര്‍ക്കാരും വികസനവുമാണ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

എക്‌സിറ്റ് പോളുകളെക്കാള്‍ മികച്ചതായിരിക്കും യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലമെന്ന് ബി.ജെ.പി. എം.പി. മനോജ് തിവാരിയും പ്രതികരിച്ചു. ബി.ജെ.പി അധികാരത്തില്‍ വരുന്നതാണ് ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ കണ്ട പ്രതികരണം. ഇത് ബി.ജെ.പി.യുടെ തിരിച്ചുവരവാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണെന്നും മനോജ് തിവാരി പറഞ്ഞു. 

അതേസമയം, എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ആംആദ്മി നേതാക്കളും രംഗത്തെത്തി. ഇതുവരെ ഒരൊറ്റതവണയും ആംആദ്മി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ഒരു എക്‌സിറ്റ് പോളുകളും പറഞ്ഞിട്ടില്ലെന്ന് ആംആദ്മി നേതാവ് സുശീല്‍ ഗുപ്ത പ്രതികരിച്ചു. ''ഇത് ഞങ്ങളുടെ നാലാമത്തെ തിരഞ്ഞെടുപ്പാണ്. ഓരോതവണയും ആംആദ്മി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ഒരു എക്‌സിറ്റ് പോളും പറഞ്ഞിട്ടില്ല. അരവിന്ദ് കെജ്രിവാള്‍ പ്രവര്‍ത്തിച്ചത് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് ഫലം ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാകും. ഞങ്ങള്‍ സര്‍ക്കാര്‍ രൂപവത്കരിക്കും'', സുശീല്‍ ഗുപ്ത പറഞ്ഞു. 

കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലെന്ന് പറയുന്നവര്‍ കോണ്‍ഗ്രസ് കൂടുതല്‍സീറ്റുകളില്‍ വിജയിക്കുന്നത് കാണുമെന്ന് എം.പി.യായ ഗുര്‍ജീത് സിങ് ഔജ്‌ല പ്രതികരിച്ചു. ആംആദ്മി തിരികെവരില്ല. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല. മൂന്നുപാര്‍ട്ടികള്‍ക്കും തുല്യമായ സീറ്റുകളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Content Highlights: delhi exit polls, bjp aap congress leaders response