ഡൽഹി തിരഞ്ഞെടുപ്പ്: യമുനയിൽ രാഷ്ട്രീയം കലർത്തി പാർട്ടികൾ, ഇടപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

യമുന നദിയിലെ വിഷപ്പതയില്‍ കുളിക്കുന്ന ഡല്‍ഹി നിവാസി | Photo:ANI
യമുന നദിയിലെ വിഷപ്പതയില്‍ കുളിക്കുന്ന ഡല്‍ഹി നിവാസി | Photo:ANI

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ യമുനാനദിയും ഡൽഹിയിൽ ചൂടുള്ള ചർച്ചാവിഷയമാകുന്നു. നദി വൃത്തിയാക്കുമെന്നു പറഞ്ഞ് 2020-ൽ അധികാരത്തിലേറിയ ആം ആദ്മി പാർട്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ബി.ജെ.പി.യും കോൺഗ്രസും തിരഞ്ഞെടുപ്പിന്റെ തുടക്കംമുതൽ ആരോപിക്കുന്നുണ്ട്. അധികാരമേറ്റശേഷമുണ്ടായ കോവിഡ് മഹാമാരിയും പിന്നീടു താനടക്കം നേതാക്കളെ ബി.ജെ.പി. കള്ളക്കേസിൽ ജയിലിലടച്ചതിനാലുമാണ് അതു സാധിക്കാതിരുന്നതെന്നാണ് മുൻ മുഖ്യമന്ത്രികൂടിയായ എ.എ.പി. നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ മറുപടി.

യമുനാനദിയിൽ ഹരിയാണ വ്യാവസായിക മാലിന്യം തള്ളുന്നെന്നും അമോണിയ കലർത്തുന്നെന്നുമുള്ള മുഖ്യമന്ത്രി അതിഷിയുടെ ആരോപണമാണ് ഏറ്റവുമൊടുവിലെ ചർച്ചാവിഷയം. ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള വെള്ളത്തിൽ വിഷം കലർത്തി ഡൽഹിക്കാരെ കൊല്ലാനുള്ള നീക്കമാണ് ഹരിയാണയിലെ ബി.ജെ.പി. നടത്തുന്നതെന്ന് കെജ്‌രിവാൾ ആരോപിച്ചു.

തോൽവി മണത്ത് ബോധപൂർവമുള്ള നീക്കമെന്നാണ് ആരോപണം. എന്നാൽ, നദി വൃത്തികേടായിക്കിടക്കുന്നതിന് തങ്ങളെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ഹരിയാണ മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി തിരിച്ചടിച്ചു. വെള്ളം പരിശോധിക്കാൻ ചീഫ് സെക്രട്ടറിമാരെ അയക്കാമെന്നും സെയ്‌നി പറഞ്ഞു.

അതിനിടെ, വിഷയത്തിലിടപെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ വസ്തുതാന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ചയ്ക്കകം സമർപ്പിക്കാൻ ഹരിയാണ സർക്കാരിനോടാവശ്യപ്പെട്ടു. വസ്തുതാന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ചയ്ക്കകം സമർപ്പിക്കാൻ ഹരിയാണ സർക്കാരിനോടാവശ്യപ്പെട്ടു

Content Highlights: Delhi elections heat up with BJP & Congress attacking AAP over Yamuna river cleaning.