ഒന്നാമനും രണ്ടാമനും വീണു; സിസോദിയക്ക് മണ്ഡലം മാറിയുള്ള പരീക്ഷണവും പാളി

ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിയിലെ ഒന്നാമനും രണ്ടാമനും അടിപതറിയപ്പോള്‍ 'താത്കാലിക' മുഖ്യമന്ത്രി അതീഷിക്ക് സസ്‌പെന്‍സ് ത്രില്ലറിനൊടുവില്‍ നേരിയ ആശ്വാസ വിജയം. മദ്യനയ അഴിമതിക്കേസില്‍ പ്രതിയായ രണ്ട് പേരും ജനത്തിന്റെ ചൂടറിഞ്ഞു. ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ ജംഗ്പുര മണ്ഡലത്തിൽ നിന്നാണ് പരാജയപ്പെട്ടത്. ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ്ങാണ് മനീഷ് സിസോദിയയെ തോൽപിച്ചത്. കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ച് മണ്ഡലത്തിൽ നിന്നു തുടർച്ചയായി മൂന്നുതവണ വിജയിച്ചതിനുശേഷമാണ് മനീഷ് സിസോദിയ ഇക്കുറി ജംഗ്പൂര മണ്ഡലത്തിൽ വിജയം പരീക്ഷിച്ചത്.
675 വോട്ടിനായിരുന്നു സിസോദിയയുടെ തോല്‍വി. മനീഷ് സിസോദിയ 38184 വോട്ട് നേടിയപ്പോള്‍ തര്‍വീന്ദര്‍ 38859 വോട്ടാണ് നേടിയത്. പാർട്ടി പ്രവർത്തകർ നന്നായി പ്രവർത്തിച്ചുവെന്നും എല്ലാവരും കഠിനാധ്വാനം ചെയ്തുവെന്നും മനീഷ് സിസോദിയ തോൽവിക്കു പിന്നാലെ പ്രതികരിച്ചു.
ജനങ്ങൾ നന്നായി പിന്തുണച്ചു. പക്ഷേ താൻ 594 വോട്ടിന് പരാജയപ്പെട്ടു. ജയിച്ചയാളെ അഭിനന്ദിക്കുന്നു. മണ്ഡലത്തിനുവേണ്ടി അദ്ദേഹത്തിന് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു- മനീഷ് സിസോദിയ പറഞ്ഞു.
ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായിരുന്ന സിസോദിയയെ ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2023 മാര്‍ച്ചില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു. 17 മാസങ്ങള്‍ക്ക് ശേഷം ആഗസ്റ്റിലാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
സൗത്ത് ഡൽഹിയിലെ ജംഗ്പുര മണ്ഡലം പരമ്പരാഗതമായി ആപ്പിന്റെയും ബി.ജെ.പി.യുടെയും പോരാട്ടമണ്ഡലമാണ്. 2015 മുതൽ ഇവിടെ ആപ്പാണ് ജയിക്കുന്നത്.
Content Highlights: Delhi Election Results Manish Sisodia Concedes