അസുർ പോസ്റ്ററുമായി AAP, പ്രചാരണ ഗാനവുമായി BJP; തിരഞ്ഞെടുപ്പ് ചൂടിൽ രാജ്യ തലസ്ഥാനം

ബിജെപി പ്രചരണ ​ഗാനത്തിന്റെ പോസ്റ്റർ, എഎപിയുടെ അസുർ പോസ്റ്റർ | Photo:'X' AAP, BJP
ബിജെപി പ്രചരണ ​ഗാനത്തിന്റെ പോസ്റ്റർ, എഎപിയുടെ അസുർ പോസ്റ്റർ | Photo:'X' AAP, BJP

ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പോസ്റ്ററും പാട്ടുമായി പരസ്യപോരാട്ടത്തിൽ പാർട്ടികൾ. ‘ഭാജ്പ സർക്കാർ ചാഹിയേ’(ബിജെപി സർക്കാർ വേണം) എന്ന ബിജെപിയുടെ പ്രചാരണ ഗാനത്തിന്റെ ഈണം കേട്ടാണ് തലസ്ഥാന ന​ഗരി ഞായറാഴ്ച ഉണർന്നത്.

എഎപിയുടെ പോസ്റ്ററിന് മറുപടിയായാണ് ബിജെപി പ്രചരണ ​ഗാനം പുറത്തിറക്കിയത്. "മുഫ്ത് സുവിധായേ ബന്ദ് കർനെ വാലാ അസുർ"(സൗജന്യങ്ങൾ തടയുന്ന അസുരൻ) എന്ന കുറിപ്പോടെ അമിത് ഷായുടെ ഛായാചിത്രം ഉൾക്കൊള്ളുന്ന പോസ്റ്ററാണ് എഎപി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഡൽഹി നിവാസികൾക്കുള്ള സൗജന്യ സൗകര്യങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ദുഷ്ടശക്തിയാണ് ബിജെപിയെന്ന് എഎപി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

പോസ്റ്റർ പുറത്തിറക്കി ഒരു മണിക്കൂറിനുള്ളിൽ ബിജെപിയുടെ പ്രചരണ ​ഗാനം പുറത്തുവന്നു. 'ദിൽ വാലോ കി ഡൽഹി കോ അബ് ബി.ജെ.പി കി സർക്കാർ ചാഹിയേ' എന്ന ബിജെപിയുടെ ഗാനം, തൊഴിൽ സംരംഭങ്ങൾ, മഹിളാ സമ്മാൻ യോജന, ആയുഷ്മാൻ ഭാരത് തുടങ്ങി പാർട്ടിയുടെ സങ്കൽപ് പത്രിലുള്ള പ്രധാന വാഗ്ദാനങ്ങൾ എടുത്തുകാണിക്കുന്നതാണ്. മൂന്ന് വർഷത്തിനുള്ളിൽ യമുന നദി മാലിന്യമുക്തമാക്കുമെന്ന വാ​ഗ്ദാനവും ​ഗാനം എടുത്തുകാണിക്കുന്നു.


 

Content Highlights: Delhi election heats up with BJP`s campaign song & AAP`s poster attacking BJP