കൊണ്ടും കൊടുത്തും കത്തിക്കയറിയ പ്രചാരണം,എക്സിറ്റ് പോളിലെ BJP തരംഗം; ഡൽഹിയിലെ യഥാർഥ വിധിയെന്ത് ?

യമുനയും രാമായണവുമടക്കം വിഷയങ്ങള്‍, ആരോപണപ്രത്യാരോപണങ്ങള്‍, എ.എ.പി എം.എല്‍മാരുടെ രാജി, കൊണ്ടു കൊടുത്തും ത്രികോണപോരാട്ടം കണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുക്കമാണ് ഡല്‍ഹി വിധിയെഴുതിയത്. 60.2%-മാണ് പോളിങ്. പോളിങ് ശതമാനത്തിലെ കുറവ് ആര്‍ക്കനുകൂലമാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍. വിധിയെഴുത്തിന് പിന്നാലെ നിരനിരയായി പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഒട്ടുമിക്ക ഏജന്‍സികളും ബി.ജെ.പി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു. ഈ പ്രവചനങ്ങളെ തള്ളുകയാണ് എ.എ.പി. യഥാര്‍ഥ ജനവിധി ഫെബ്രുവരി എട്ടിന് പുറത്തുവരും.
ചാണക്യ, മാട്രിസ്, പി-മാര്‍ക്, പോള്‍ ഡയറി എന്നിവരെല്ലാം ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിക്കുന്നു. തുടർഭരണം ലക്ഷ്യമിട്ട് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കില്ലെന്നും വിവിധ ഏജൻസി പോളുകൾ പ്രവചിക്കുന്നു. അതേസമയം, പ്രവചനങ്ങളെ എ.എ.പി. തള്ളിക്കളഞ്ഞു. അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് വിശ്വാസമെന്ന് പാർട്ടി വക്താക്കൾ പറഞ്ഞു. ഡൽഹിയിലെ മോദി തരംഗമാണ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ തെളിയുന്നതെന്ന് ബി.ജെ.പി. പ്രതികരിച്ചു. 70 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. 2020-ൽ എ.എ.പി. 62 സീറ്റും ബി.ജെ.പി. എട്ടു സീറ്റുമാണ് നേടിയത്. വോട്ടെടുപ്പിന് പിന്നാലെ കണക്കുകൂട്ടലിലാണ് ഓരോ പാര്‍ട്ടികളും.
ഡല്‍ഹിയില്‍ തീപാറിയപ്രചാരണമായിരുന്നു എ.എ.പിയും ബി.ജെ.പിയും കോൺഗ്രസും നടത്തിയത്. രാമായണത്തെ കൂട്ടുപിടിച്ചും പാർട്ടികൾ പോരടിക്കുന്ന കാഴ്ചയാണ് പ്രചാരണവേളയിൽ കണ്ടത്. വനവാസകാലത്ത് സീതയെ തട്ടിക്കൊണ്ടുപോകാൻ രാവണൻ അയച്ച സ്വർണ മാനിനെപ്പോലെയാണ് ബി.ജെ.പി.യെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത് വിവാദത്തിന് തുടക്കമിട്ടു.വാഗ്ദാനങ്ങൾ പാലിക്കാതെ ബി.ജെ.പി. വഞ്ചിക്കുമെന്ന് കാണിക്കാനാണ് ഇത്തരത്തിൽ കെജ്‌രിവാൾ പ്രതികരിച്ചതെങ്കിലും രാമായണത്തെ കെജ്‌രിവാൾ അവഹേളിച്ചെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കെജ്‌രിവാൾ ഹിന്ദുവിരുദ്ധനാണെന്നും ബി.ജെ.പി. ആരോപിച്ചു. ഇല്ലാക്കഥ പറഞ്ഞ് കെജ്‌രിവാൾ രാമായണത്തെ അവഹേളിച്ചെന്നും ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നും ബി.ജെ.പി. ഡൽഹി പ്രസിഡന്റ് വീരേന്ദ്ര സച്‌ദേവ പറഞ്ഞു. പിന്നാലെ പ്രായശ്ചിത്ത പ്രാർഥനയ്ക്ക് ബി.ജെ.പി. നേതാക്കൾ ഡൽഹിയിലെ ഹനുമാൻ ക്ഷേത്രത്തിലെത്തുകയും ചെയ്തു. എന്നാൽ വിട്ടുകൊടുക്കാതെ കെജ്‌രിവാളിന്റെ മറുപടിയുമെത്തി. രാവണനെ ന്യായീകരിക്കുന്ന അസുരപ്രേമികളായി ബി.ജെ.പി. നേതാക്കൾ മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിൽ പഞ്ചാബിൽനിന്ന് നേതാക്കളെയിറക്കി ആം ആദ്മി പാർട്ടി നടത്തുന്ന പ്രചാരണം വരെ ബി.ജെ.പി.യും കോൺഗ്രസും ഉയർത്തിക്കാട്ടി. മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉൾപ്പെടെയുള്ളവർ ഡൽഹിയിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണം നയിക്കാനെത്തിയിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പഞ്ചാബ് പോലീസിന്റെ അകമ്പടിയുണ്ട്. ഇത് പഞ്ചാബിലെ ഭരണകൂടസംവിധാനങ്ങളുടെ ദുരുപയോഗമാണെന്നാണ് പാർട്ടികൾ ആരോപിച്ചത്. എന്നാൽ ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് അതേനാണയത്തിൽ എ.എ.പിയുടെ മറുപടിയുമെത്തി.
അരവിന്ദ് കെജ്‌രിവാളിന്റെ മണ്ഡലമായ ന്യൂഡൽഹിയിലെ ബി.ജെ.പി. സ്ഥാനാർഥി പർവേഷ് വർമ പഞ്ചാബി നേതാക്കളുടെ വരവിനെ വിമർശിച്ചിരുന്നു. ഇത് എ.എ.പി. പ്രചാരണവിഷയമാക്കി. ബി.ജെ.പി. നേതാവ് പഞ്ചാബികളെ അപമാനിച്ചെന്ന് കെജ്‌രിവാൾ ആരോപിച്ചു. എന്നാൽ, താൻ വിമർശിച്ചത് എ.എ.പി. നേതാക്കളെയാണെന്ന് വിശദീകരിച്ച് പിന്നാലെ വർമ രംഗത്തെത്തുകയും ചെയ്തു. അധികാരദുർവിനിയോഗം നടത്തിയാണ് എ.എ.പി.പ്രചാരണമെന്നാണ് ന്യൂഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് ദീക്ഷിതും ആരോപിച്ചിരുന്നത്.
യമുനയിൽ കത്തിപ്പടർന്ന വിവാദം
യമുനാനദിയിൽ ഹരിയാണ വ്യവസായ മാലിന്യം തള്ളുന്നെന്നും അമോണിയ കലർത്തുന്നെന്നുമുള്ള മുഖ്യമന്ത്രി അതിഷിയുടെ ആരോപണം അടുത്ത വിവാദത്തിന് വഴിവെച്ചു. ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള വെള്ളത്തിൽ വിഷം കലർത്തി ഡൽഹിക്കാരെ കൊല്ലാനുള്ള നീക്കമാണ് ഹരിയാണയിലെ ബി.ജെ.പി. നടത്തുന്നതെന്ന് കെജ്‌രിവാൾ കൂടി ആരോപിച്ചതോടെ വിഷയം വൻ ചർച്ചയായി. നദി വൃത്തിയാക്കുമെന്നു പറഞ്ഞ് 2020-ൽ അധികാരത്തിലേറിയ ആം ആദ്മി പാർട്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ബി.ജെ.പി.യും കോൺഗ്രസും തിരഞ്ഞെടുപ്പിന്റെ തുടക്കംമുതൽ ആരോപിക്കുന്നുണ്ട്. അധികാരമേറ്റശേഷമുണ്ടായ കോവിഡ് മഹാമാരിയും പിന്നീടു താനടക്കം നേതാക്കളെ ബി.ജെ.പി. കള്ളക്കേസിൽ ജയിലിലടച്ചതിനാലുമാണ് അതു സാധിക്കാതിരുന്നതെന്നാണ് മുൻ മുഖ്യമന്ത്രികൂടിയായ എ.എ.പി. നേതാവ് അരവിന്ദ് കെജ്‌രിവാൾ വിഷയത്തിൽ മറുപടി നൽകിയിരുന്നത്.
നദി വൃത്തികേടായിക്കിടക്കുന്നതിന് തങ്ങളെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ഹരിയാണ മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി പറഞ്ഞു. വെള്ളം പരിശോധിക്കാൻ ചീഫ് സെക്രട്ടറിമാരെ അയക്കാമെന്നും സെയ്‌നി കൂട്ടിച്ചേർത്തു. പിന്നാലെ വിഷയത്തിലിടപെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹരിയാണ സർക്കാരിനോടാവശ്യപ്പെടുകയും ചെയ്തു. ആരോപണത്തിലുറച്ചുനിന്ന എ.എ.പി. വിഷയത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുകയും ചെയ്തു. ഡൽഹിയിലെ ജലശുദ്ധീകരണികൾക്ക് താങ്ങാവുന്നതിലും ഉയർന്നതോതിൽ വിഷാംശമുള്ള വെള്ളമാണ് ഹരിയാണയിൽനിന്ന് യമുനയിലൊഴുകിയെത്തുന്നതെന്ന് അതിഷി കമ്മിഷനുമുന്നിൽ ചൂണ്ടിക്കാട്ടി.
ഇതിനുപിന്നാലെ ബി.ജെ.പി.യും കമ്മിഷനെ സമീപിച്ച് പരാതിനൽകി. പ്രശ്നം ഗുരുതരമാണെന്നും ആരോപണത്തിൽ തെളിവ് ഹാജരാക്കണമെന്നും കെജ്‌രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. അതേസമയം, തലസ്ഥാനത്ത് ജലവിതരണത്തിന്റെ ഉത്തരവാദിത്വമുള്ള ഡൽഹി ജൽബോർഡ് സി.ഇ.ഒ. ശില്പ ഷിന്ദേ എ.എ.പി. ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തുമയച്ചു. പിന്നാലെ വിമർശനങ്ങൾക്ക് മറുപടിയായി ഹരിയാണ മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി നദിയിലെ ജലം കുടിച്ചു. ഡൽഹിയിലെ പല്ല ഗ്രാമത്തിൽ നിന്നാണ് സെയ്‌നി ജലം കുടിച്ചത്.
കെജ്‌രിവാളിന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള പ്രസ്താവന ജനങ്ങളെ ഭീതിയിലാക്കിയെന്നും താൻ യമുനാ നദിയിൽ നിന്ന് വെള്ളം കുടിച്ചിരിക്കുന്നുവെന്നും സെയ്‌നി പ്രതികരിച്ചു. ഹരിയാണയിലെ ബിജെപി സർക്കാർ യമുന നദിയിൽ വിഷം കലർത്തിയെന്ന് കെജ്‌രിവാൾ പറഞ്ഞു. കൂട്ടക്കൊലയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ജല അതോറിറ്റി ഇവിടെ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. വെള്ളത്തിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാൾ കള്ളം പറയുകയാണെന്നും സെയ്‌നി കൂട്ടിച്ചേർത്തു.
ബി.ജെ.പി-എ.എ.പി പോരിനിടെ കോൺഗ്രസും വെല്ലുവിളികളുമായി രംഗത്തെത്തിയതോടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂടേറി. യമുനയിലെ ജലം കുടിക്കാൻ അരവിന്ദ് കെജ്‌രിവാളിനെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. യമുന നദി വൃത്തിയാക്കി അതിലെ വെള്ളം കുടിക്കുമെന്ന് കെജ്‌രിവാൾ ഡൽഹിക്ക് വാക്ക് നൽകിയിരുന്നുവെന്നും നദിയിലെ വെള്ളം കുടിക്കാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ ആരോപണം വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കുറ്റപ്പെടുത്തി. ഹരിയാണക്കാരെ പ്രതിസ്ഥാനത്തുനിർത്തുന്ന വലിയ പാപമാണ് എ.എ.പി. ചെയ്തതെന്നും രാജ്യം അതു പൊറുക്കില്ലെന്നും മോദി പറഞ്ഞു. അതിനിടെ ആരോപണത്തിൽ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസയക്കുന്നതുവരെയെത്തി കാര്യങ്ങൾ.
എ.എ.പിയെ ഞെട്ടിച്ച് എം.എൽ.എമാരുടെ രാജി, ബജറ്റിൽ പിടിമുറുക്കി ബി.ജെ.പി
അതിനിടെ എ.എ.പിയെ ഞെട്ടിച്ച് എട്ട് എം.എൽ.എമാർ പാർട്ടി വിട്ടു. എ.എ.പി ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്‌രിവാളിലും പാർട്ടിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാർ രാജിവെച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള രാജി അക്ഷരാർഥത്തിൽ പാർട്ടിക്ക് തിരിച്ചടി സമ്മാനിച്ചു. ഗിരീഷ് സോണി, പവൻ കുമാർ ശർമ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ, മദൻ ലാൽ, രാജേഷ് ഋഷി, രോഹിത് കുമാർ, നരേഷ് യാദവ് എന്നിവരാണ് ആം ആദ്മി പാർട്ടി വിട്ടത്. പിന്നാലെ ഇവർ ബി.ജെ.പിയിൽ ചേരുകയും ചെയ്തതോടെ എ.എ.പി പ്രതിരോധത്തിലായി.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ ഉൾപ്പെടെ 18 സിറ്റിങ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. എ.എ.പിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും രാജിക്ക് പിന്നിലുണ്ടെന്നും കരുതപ്പെടുന്നു. എഎപി ജനങ്ങളിൽ നിന്ന് അകന്നെന്നും പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചെന്നും രാജിവെച്ചവർ ആരോപിച്ചിരുന്നു. രാജിവെച്ചവർ ബി.ജെ.പിയിലേക്ക് കൂടുമാറിയത് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. ഈ മണ്ഡലങ്ങൾ നിലനിർത്തുകയെന്നത് കെജ്‌രിവാളിനും എ.എ.പിക്കും അഭിമാനപ്രശ്നം കൂടിയാണ്.
പിന്നാലെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഡൽഹി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണെന്ന വിലയിരുത്തലുകളുമുണ്ടായി. പ്രധാനമായും മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു ബജറ്റ്. ഇത് മധ്യവർഗം കൂടുതലുള്ള ഡൽഹി ജനതയെ ഉന്നംവെച്ചുള്ളതാണെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളുടെ കണക്കുക്കൂട്ടൽ. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ടുള്ള വമ്പൻ പ്രഖ്യാപനമാണ് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചത്. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണിത്.റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുതി സ്ലാബും പ്രഖ്യാപിച്ചിട്ടുണ്ട്. ആദായനികുതി സ്ലാബിലെ പുതിയ സ്‌കീമിലുള്ളവർക്ക് മാത്രമാണ് ഈ നികുതിയിളവ് ബാധകമാവുക. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവർഗ കുടുംബങ്ങളിലെ നികുതിദായകർക്ക് വലിയ ആശ്വാസം കൂടിയാണ്. തിരഞ്ഞെടുപ്പ് ദിവസങ്ങൾമാത്രം അകലെ നിൽക്കേ ഡൽഹിയിലെ മധ്യവർഗത്തെ ഒപ്പം നിർത്താനുള്ള ബി.ജെ.പിയുടെ നീക്കമായി പലരും വിലയിരുത്തുന്നു.
എ.എ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പതിനെട്ടടവും പയറ്റുന്ന ബി.ജെ.പിയെയാണ് പ്രചാരണവേളകളിലെല്ലാം കണ്ടത്. കഴിഞ്ഞ രണ്ടുതവണയായി എ.എ.പിയെ ഭരണത്തിലെത്തിച്ചതിൽ മധ്യവർഗം വലിയ പങ്കുവഹിച്ചിരുന്നു. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന പ്രതിശീർഷ വരുമാനമുള്ള നഗരമാണ് ഡൽഹി. അങ്ങനൊരിടത്ത് ഇത്തരമൊരു നീക്കം നടത്തുക വഴി വോട്ടർമാരെ ഒപ്പംകൂട്ടാമെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നികുതിയിളവ് പ്രഖ്യാപനത്തിന് അങ്ങനെ പലമാനങ്ങളുമുണ്ടെന്നർഥം. മാത്രമല്ല മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള എ.എ.പിയുടെ പ്രകടന പത്രികയ്ക്ക് മറ്റൊരു തരത്തിലുള്ള ബി.ജെ.പിയുടെ മറുപടി കൂടിയായി ഇത് മാറുന്നുമുണ്ട്.
മധ്യവർഗക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രിക നേരത്തേ ആം ആദ്മി പാർട്ടി പുറത്തിക്കിയിരുന്നു. രാജ്യത്തെ ഇടത്തരക്കാർ കേന്ദ്രസർക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ചാണ് അരവിന്ദ് കെജ്‌രിവാൾ പത്രികയിറക്കിയത്. മധ്യവർഗക്കാർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ നികുതിയിളവുകൾ ആവശ്യമാണെന്നും ഇതിനായി എ.എ.പി. പാർലമെന്റിൽ ശബ്ദമുയർത്തുമെന്നും കെജ്‌രിവാൾ പറഞ്ഞുവെച്ചു. പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ പോർട്ടലുമിറക്കി. ആ നീക്കത്തിന് ബജറ്റിലെ ചരിത്രപ്രഖ്യാപനത്തിലൂടെ മറുപടി. എ.എ.പിയെ തുണച്ചുപോന്ന മധ്യവർഗത്തെ കൂടി ഒപ്പം ചേർത്ത് ഏതുവിധേനയും അധികാരത്തിലെത്താനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. ജനം മാറിചിന്തിക്കുമോയെന്ന് അറിയാൻ ശനിയാഴ്ച വരെ കാത്തുനിൽക്കണം.
വോട്ടെടുപ്പിന് ശേഷവും വിവാദങ്ങൾക്ക് കുറവുണ്ടായില്ല. വോട്ടെടുപ്പിൽ ക്രമക്കേടുനടന്നെന്ന ആരോപണവുമായി എ.എ.പി.യും ബി.ജെ.പി.യും രംഗത്തെത്തി. ബി.ജെ.പി. വ്യാപകമായി വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.സീലംപുരിൽ മുസ്‌ലിം സ്ത്രീകൾ ബുർഖധരിച്ച് വോട്ടുചെയ്യുന്നതിനെ എതിർത്ത് ബി.ജെ.പി. കള്ളവോട്ട് ആരോപണമുന്നയിച്ചു.എ.എ.പി., ബി.ജെ.പി. പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രചാരണത്തിലും വോട്ടെടുപ്പിനു ശേഷവും വിട്ടൊഴിയാതെ നിറഞ്ഞുനിന്ന വിവാദങ്ങൾക്കിടയിലൂടെയാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാനിരിക്കുന്നത്. രാജ്യതലസ്ഥാനം ആർക്കൊപ്പം ചായുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
Content Highlights: delhi assembly election campaign aap bjp congress