ഡല്‍ഹിയും കൈപ്പിടിയില്‍; നിറംമങ്ങിയ ലോക്‌സഭാ വിജയത്തിന് ശേഷവും മേധാവിത്വം തുടര്‍ന്ന് ബിജെപി

ലോക്‌സഭയിലെ നിറംമങ്ങിയ വിജയത്തിന് ശേഷവും ബിജെപി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അശ്വമേധം തുടരുന്നു. ചിട്ടയായ പ്രവര്‍ത്തനവും വീടുവീടാന്തരം കയറി വോട്ടുറപ്പിക്കാന്‍ ആര്‍.എസ്.എസ്സും ശക്തമായി കളത്തിലിറങ്ങിയപ്പോള്‍ അരവിന്ദ് കെജ് രിവാളിന്റെ പരിവേഷവും എഎപിയെ രക്ഷിച്ചില്ല. 2024ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ മേധാവിത്വം വ്യക്തമാണ്. അരുണാചല്‍ പ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തി. ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി. ഒഡീഷയില്‍ ഏറെനാളായി അധികാരത്തിലുണ്ടായിരുന്ന ബിജു ജനതാദള്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തി. പ്രതിസന്ധികള്‍ക്കിടയിലും ഹരിയാണയില്‍ ബിജെപി അധികാരം നിലനിര്‍ത്തി. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സര്‍ക്കാര്‍ വന്‍ വിജയം നേടി. 2024ല്‍ തിരഞ്ഞെടുപ്പ് നടന്ന സിക്കിം, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ മാത്രമാണ് ബിജെപിക്ക് വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കാതെ പോയ സംസ്ഥാനങ്ങള്‍. കാലങ്ങളായി ഡല്‍ഹി പിടിക്കുകയെന്ന സ്വപ്‌നവും ബിജെപി ഇപ്പോള്‍ നടപ്പാക്കി
1993ലാണ് ഡല്‍ഹിയില്‍ ബിജെപി ഭരണത്തിലെത്തുന്നത്. ഇതിന് ശേഷം മൂന്ന് മുഖ്യമന്ത്രിമാരെയാണ് ഡല്‍ഹിയില്‍ ബിജെപി മാറിമാറി പരീക്ഷിച്ചത്. മദന്‍ലാല്‍ ഖുറാന, സാഹിബ് സിങ് വെര്‍മ പിന്നെ സുഷമാ സ്വരാജ്. ഭരണത്തിലെത്തി ആദ്യത്തെ മൂന്ന് വര്‍ഷത്തിനിടെ മദന്‍ലാല്‍ ഖുറാനയെ മാറ്റി സാഹിബ് സിങ് വെര്‍മയെ മുഖ്യമന്ത്രിയാക്കിയ ബിജെപി അടുത്ത രണ്ടാം വര്‍ഷം സുഷമാ സ്വരാജിനെ മുഖ്യമന്ത്രിയാക്കി. ഡല്‍ഹിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി എന്ന ചരിത്രത്തില്‍ സുഷമാ സ്വരാജിന്റെ പേരങ്ങനെ എഴുതിച്ചേര്‍ത്തു. 1998ലായിരുന്നു സുഷമ ഡല്‍ഹി മുഖ്യമന്ത്രിയായത്. ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ഡല്‍ഹി ബിജെപിയില്‍ പ്രശ്‌നങ്ങള്‍ നിലനിന്ന സമയത്താണ് സുഷമയെ പാര്‍ട്ടി ഡല്‍ഹിയുടെ മുഖ്യമന്ത്രിസ്ഥാനമേല്‍പ്പിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരേന്ത്യയില്‍ ഉള്ളിവില വര്‍ധിച്ചതും അത് ജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമായി നില്‍ക്കുന്ന സമയം. ഒരേസമയം ആഭ്യന്തരവും അല്ലാതെയുമുള്ള പ്രതിസന്ധി സമയത്താണ് സുഷമാ സ്വരാജ് മുഖ്യമന്ത്രിയാകുന്നത്. 52 ദിവസത്തെ മുഖ്യമന്ത്രി പദവിയ്ക്ക് ശേഷം സുഷമാ സ്വരാജ് രാജിവെച്ചു. പിന്നാലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് കേന്ദ്രമന്ത്രിയാവുകയും ചെയ്തു.
കിട്ടാക്കനിയായ ഡല്‍ഹി
1998ന് ശേഷം പിന്നീട് ഡല്‍ഹി ഭരണം ബിജെപിക്ക് കിട്ടാക്കനിയായി മാറി. 1998ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞു. 49 സീറ്റില്‍ നിന്ന് 17 സീറ്റിലേക്ക് ബിജെപി യുടെ സീറ്റുനില കൂപ്പുകുത്തി. കോണ്‍ഗ്രസാകട്ടെ 14 സീറ്റില്‍ നിന്ന് 52 സീറ്റിലേക്ക് ഉയര്‍ന്ന് ഭരണം പിടിച്ചു. 1998 മുതല്‍ 2013 വരെ മൂന്ന് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നു. ഡല്‍ഹി ബിജെപിയിലെ കുഴപ്പങ്ങളും നേതൃത്വ പ്രശ്‌നങ്ങള്‍ക്കും പുറമെ ദേശീയ രാഷ്ട്രീയത്തിലും ബിജെപി അധികാരത്തില്‍ നിന്ന് മാറിനിന്ന സമയങ്ങളായിരുന്നു പിന്നിടുണ്ടായിരുന്നത്. ഇത് ഡല്‍ഹി രാഷ്ട്രീയത്തിലും പ്രതിഫലിച്ചു.
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രസക്തി ഉയര്‍ന്നുതുടങ്ങിയ സമയം. ഡല്‍ഹിയിലും കോണ്‍ഗ്രസിന് ബദലായി ബിജെപി സ്വയം പ്രഖ്യാപിച്ച് മുന്നോട്ടുവന്നു. 2013ല്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതുപോലെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഭരണം കിട്ടുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധിച്ചെങ്കിലും ഭരണത്തിലെത്താനുള്ള 36 സീറ്റ് എന്ന മാന്ത്രിക സംഖ്യ മറികടക്കാനായില്ല. അഴിമതിക്കെതിരായ സമരങ്ങളിലൂടെ ഡല്‍ഹിയുടെ പുതിയ രാഷ്ട്രീയമുഖമായി മാറിയ അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയ പരീക്ഷണത്തിന് മുന്നില്‍ ബിജെപിക്ക് കാലിടറുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. തിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയായ കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 28 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 31 സീറ്റും കോണ്‍ഗ്രസിന് എട്ട് സീറ്റും. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് എഎപിക്ക് പുറത്തുനിന്നുള്ള പിന്തുണ കൊടുത്തു. കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയ കെജ്‌രിവാളിനെ ബിജെപി പലയിടത്തും നിശിതമായി വിമര്‍ശിച്ചുകൊണ്ടേയിരുന്നു. കോണ്‍ഗ്രസിന്റെ ബി ടീമാണ് എഎപിയെന്നായിരുന്നു അന്നത്തെ ബിജെപിയുടെ ആരോപണം. എന്നാല്‍ വെറും രണ്ടുവര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ നിലംപൊത്തി. അത് എല്ലാവരും പ്രതീക്ഷിച്ചിരുന്നതുമാണ്.
എന്നാല്‍ പിന്നീട് രാജ്യം കണ്ടത് മറ്റൊരു ചരിത്രമായിരുന്നു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയം. നരേന്ദ്രമോദിയിലൂടെ ബിജെപി ഒറ്റയ്ക്ക് രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്ന അനുകൂല സമയം. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ആകെയുള്ള ഏഴ് സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. ഇത്തവണ ഡല്‍ഹി തങ്ങള്‍ക്ക് തന്നെയെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു. അതിനുള്ള എല്ലാകാരണങ്ങളുമുണ്ടായിരുന്നു. എന്നാല്‍ 2013ലെ കുറ്റങ്ങളും കുറവുകളും തിരിച്ചറിഞ്ഞ് എഎപി നേരിട്ട് ജനങ്ങളിലേക്കിറങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി അവരെ കൂടുതലായി ചിന്തിപ്പിച്ചു. ജനങ്ങളിലേക്ക് തങ്ങളുടെ ആശയങ്ങള്‍ എത്തിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയും ചെയ്തു. 2015ലെ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം പ്രതീക്ഷിച്ച ബിജെപിക്ക് ലഭിച്ച തിരിച്ചടി സത്യത്തില്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതായിരുന്നു സത്യം. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് ഡല്‍ഹി നിയമസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടു. വെറും മൂന്ന് സീറ്റുകളുമായി ബിജെപി കഷ്ടിച്ച് കടന്നുകൂടി. പ്രതിപക്ഷമില്ലാത്ത മൃഗീയഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരാണ് ഡല്‍ഹിയിലധികാരത്തിലെത്തിയത്.
അഴിമതി കേസുകളും ബിജെപിയുടെ തന്ത്രങ്ങളും
2015ലെ തിരഞ്ഞെടുപ്പ് പരാജയത്തോടെ ഡല്‍ഹിയുടെ ഭരണം പിടിക്കാനുള്ള ബിജെപി പദ്ധതികള്‍ തകര്‍ന്ന് തരിപ്പിണമായി. അഞ്ചുവര്‍ഷം തികച്ച് ഭരിച്ച് 2020 ല്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട അരവിന്ദ് കെജ്‌രിവാളിനെ ജനം വീണ്ടും വന്‍ഭൂരിപക്ഷത്തില്‍ തന്നെ അധികാരത്തിലേറ്റി. 70 സീറ്റില്‍ 62 ലും എഎപി തന്നെ ജയിച്ചു. 2015നെ അപേക്ഷിച്ച് അഞ്ച് സീറ്റ് അധികം നേടി ബിജെപി നിലമെച്ചപ്പെടുത്തി. പക്ഷെ അധികാരത്തിലെത്താനുള്ള ബിജെപിയുടെ സാധ്യതകള്‍ അവിടെ നിലകൊണ്ടു. ഇതിനുമുമ്പ് 2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനം പിന്തുണച്ചത് ബിജെപിയെ ആയിരുന്നുവെന്നതാണ് കൗതുകം. ഡല്‍ഹിയിലെ ഏഴ് സീറ്റിലും വിജയിച്ചത് ബിജെപി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം എഎപിയെ തിരഞ്ഞെടുത്തു. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി, സംസ്ഥാനത്ത് എഎപി എന്ന നിലയിലായി ജനങ്ങളുടെ വിധിയെഴുത്ത്. ഈ രീതിക്കാണ് ഇന്ന് അന്ത്യമായിരിക്കുന്നത്. ഇത്തവണ എഎപി തിരഞ്ഞെടുപ്പിനെ നേരിട്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയോടെയാണ്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് നേതാക്കള്‍ ജയിലിലടയ്ക്കപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അധികാരത്തിന്റെ സകലസാധ്യതകളും പ്രയോഗിച്ചു. ആളും അര്‍ഥവുമായി ബിജെപി കളംനിറഞ്ഞു. അഴിമതി ആരോപണങ്ങളില്‍ എന്തൊക്കെയോ ഉണ്ട് എന്ന് ജനങ്ങള്‍ക്ക് സംശയം ജനിക്കുകയും ചെയ്തു.
മറുവശത്ത് ആ സംശയങ്ങളെ ഊട്ടിയുറപ്പിക്കുന്ന സമീപനമാണ് എഎപിയുടെ ഭാഗത്തുനിന്നുമുണ്ടായത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ആദ്യം ജയിലിലാകുന്നത്. 2023ന് ഫെബ്രുവരിയില്‍ മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ സിസോദിയ പിന്നീട് മാസങ്ങള്‍ക്ക് ശേഷം 2024 ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. അതിനിടയില്‍ സത്യേന്ദര്‍ ജയിനെന്ന മന്ത്രിയും അഴിമതി കേസില്‍ അറസിറ്റിലായി ജയിലില്‍ പോയി. സിസോദിയയ്‌ക്കെതിരെ വീണ്ടും കേസുകള്‍ വരുന്നു. പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണ മുന ഉയരുകയും അദ്ദേഹവും കേസില്‍ അറസ്റ്റിലായി ജയിലില്‍ പോകുന്ന സാഹചര്യമുണ്ടായി. എഎപിയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയുടെ കാലമാണ് പിന്നാലെ ഉണ്ടായത്. ഇതിനിടെ രാജിവെക്കാതെ ജയിലില്‍ നിന്ന് സംസ്ഥാന ഭരണം നിയന്ത്രിച്ച കെജ്‌രിവാളിന്റെ രീതിയും ജാമ്യത്തിലിറങ്ങിയതിന് ശേഷം അതിഷിയെ മുഖ്യമന്ത്രിയാക്കി രാഷ്ട്രീയ പരീക്ഷണവും. ജനങ്ങളില്‍ സംശയത്തിന്റെ കനലുകള്‍ ആളിക്കത്തിക്കേണ്ട ആവശ്യമേ പിന്നീട് ബിജെപിക്കുണ്ടായുള്ളു. ഇതിന് പിന്നാലെ യമുനാ നദിയിലെ മലിനീകരണവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഡല്‍ഹി സര്‍ക്കാരിന് തിരിച്ചടിയായി.
ഇനി തിരിച്ചടികളില്‍ നിന്ന് എഎപി തിരികെ വരുമോയെന്നാണ് അറിയേണ്ടത്. ഒരുവശത്ത് അഴിമതി ആരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും ചങ്ങലകളാണ് എഎപിയുടെ മേലുള്ളത്. നഷ്ടപ്പെട്ട ജനവിശ്വാസം തിരികെ പിടിക്കേണ്ടത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാകുന്നു. ഭരണത്തില്‍ നിന്ന് പുറത്തുപോകുന്നതിലൂടെ പാര്‍ട്ടി പ്രവര്‍ത്തനത്തിനാവശ്യമായ പണം സമാഹരിക്കുന്നത് കുറയും. വ്യവസായ ലോകത്തുനിന്നുള്ള സംഭാവനകള്‍ കുത്തനെ കുറയും. ഡല്‍ഹിയിലെ ഭരണമാറ്റം എഎപിയുടെ ഡല്‍ഹിയിലെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം. പാര്‍ട്ടി സംവിധാനത്തോട് അതൃപ്തിയുള്ള ഏഴ് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. എഎപി അധികാരത്തില്‍ നിന്ന് പുറത്തുപോയതോടെ പാര്‍ട്ടി സംവിധാനത്തിനെയാണ് അത് ബാധിക്കുക. ഡല്‍ഹി നഷ്ടമായ പാര്‍ട്ടിക്ക് ആകെയുള്ളത് ഇനി പഞ്ചാബ് മാത്രമാണ്. എന്നാല്‍ അവിടെയും സര്‍ക്കാരിനെതിരെ ജനവികാരമുയര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നുണ്ട്. എഎപിയെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങളുടെ കാലമാണ് ഇനി. മറുവശത്ത് ആളും അര്‍ഥവും അധികാരവും കേഡര്‍ സംവിധാനവുമുള്ള ബിജെപിയാണ്. അധികാരത്തിന്റെ സാധ്യതകളെ വിജയകരമായി വിനിയോഗിക്കാന്‍ സാധിക്കുന്നവര്‍.
ബിജെപിയെന്ന അധികാര യന്ത്രം
ഡല്‍ഹിയിലെ വിജയത്തിലൂടെ രാജ്യതലസ്ഥാനത്തിലെ നിയന്ത്രണം ബിജെപിയുടെ കൈയിലേക്കെത്തുകയാണ്. ഡല്‍ഹിയിലെ വിജയത്തോടെ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും ബിജെപി നിയന്ത്രണത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി. കോണ്‍ഗ്രസിന് ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഭരണമുള്ളത്. ജെഎംഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഝാര്‍ഖണ്ഡിലും ഇന്ത്യാ സഖ്യത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലും ഡിഎംകെ തമിഴ്‌നാട്ടിലും എല്‍ഡിഎഫ് കേരളത്തിലും നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മുകശ്മീരിലും അധികാരത്തിലുണ്ട്. പഞ്ചാബില്‍ എഎപിയും. രാജ്യത്തെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ഇന്ന് ബിജെപി ഭരണത്തിന്റെ കീഴിലാണ്. ഈ സാഹചര്യത്തെ പ്രതിപക്ഷം എങ്ങനെ നേരിടുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. മുമ്പ് ബിജെപിയെ എതിര്‍ത്തിരുന്ന ജെഡിയു, തെലുങ്കുദേശം പാര്‍ട്ടി തുടങ്ങിയവര്‍ ഇന്നവരുമായി കൈകോര്‍ത്തു. കോണ്‍ഗ്രസാകട്ടെ അതിന്റെ ഏറ്റവും മോശം കാലത്തിലൂടെയും.
അധികാരം, പണം, ഹിന്ദുത്വ തുടങ്ങിയ തീവ്രമായ ചേരുവകളാണ് ബിജെപിയുടെ കൈയിലുള്ളത്. ജാതി സമവാക്യങ്ങളെ സസൂഷ്മമായി പിരിച്ചെടുത്ത് ഭരണവിരുദ്ധ വികാരത്തെ എങ്ങനെ മറികടക്കാമെന്ന് ഹരിയാണയിലും മധ്യപ്രദേശിലും ബിജെപി തെളിയിച്ചു. ഒബിസി, ആദിവാസി മേഖലകളില്‍ നഷ്ടപ്പെട്ട സ്വാധീനം തിരികെ പിടിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞൈടുപ്പിനൊപ്പം ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രകാരം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സംഭവിക്കുക എന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് യാതൊരു ധാരണയുമില്ല എന്നുള്ളതാണ് വാസ്തവം. സെന്‍സസ് പൂര്‍ത്തിയായാല്‍ രാജ്യത്ത് പാര്‍ലമെന്റ് സീറ്റുകളില്‍ മാറ്റം വരും. സീറ്റുകളുടെ എണ്ണം വര്‍ധിക്കും. പക്ഷെ വ്യക്തമായ പദ്ധതികള്‍ മുന്നോട്ടുവെച്ചാണ് ബിജെപി നീങ്ങുന്നത്. അതിനെ തടഞ്ഞുനിര്‍ത്താനാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
Content Highlights: BJP`s recent victories across multiple states highlight its growing political influence in India