അഴിമതിക്കെതിരെ ചൂലെടുത്തിറങ്ങി; ഒടുവില്‍ അഴിമതിയില്‍ പതനം, ആപ്പ് യുഗം അവസാനിക്കുന്നോ?

അഴിമതിക്കഥകള്‍ കേട്ടുമടുത്ത, മാറ്റംകൊതിക്കുന്ന ജനതയ്ക്ക് പ്രതീക്ഷാനിര്‍ഭരമായ ഒരു ക്രിസ്മസ് സന്ദേശത്തോടെയാണ് 2013-ല്‍ രാജ്യത്ത് ആ പുതുചരിത്രം പിറന്നത്. രാഷ്ട്രീയപാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്ത ആംആദ്മി പാര്‍ട്ടി അതേ വര്‍ഷം രാജ്യതലസ്ഥാനത്ത് അധികാരത്തിലേറി. സര്‍ക്കാര്‍മന്ദിരങ്ങളില്‍ താമസിച്ച് വിലകൂടിയ വാഹനങ്ങളില്‍ വന്നിറങ്ങുന്ന വിഐപി നേതാക്കളെ കണ്ടുശീലിച്ച ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയിലേക്ക് സാധാരണവേഷത്തില്‍ കൈയിലൊരു ചൂലുമായി ഇറങ്ങിവന്ന നേതാവ് മുഖ്യമന്ത്രി കസേരയിലെത്തി. പിന്നീടങ്ങോട്ട് ചൂല്‍ വിപ്ലവമായിരുന്നു. രാജ്യത്ത് പടര്‍ന്നുപിടിച്ചിരുന്ന അഴിമതി തൂത്തെടുക്കാന്‍ ചൂലുമായി എത്തിയ എഎപിയും കെജ്‌രിവാളും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഴിമതിയുടെ ചുഴിയില്‍തന്നെ അകപ്പെട്ട് മുങ്ങിപ്പോകുന്ന കാഴ്ചയാണ് കാണാനാകുന്നത്.
മദ്യനയ അഴിമതി കേസിലുണ്ടായ ക്ഷീണം മാറ്റാന്‍ ജയില്‍വാസത്തിന് ശേഷം മുഖ്യമന്ത്രി കസേരയില്‍നിന്നിറങ്ങി എല്ലാ ഔദ്യോഗിക സൗകര്യങ്ങളും വേണ്ടെന്ന് വെച്ച് സാധാരണക്കാരനായി കെജ്‌രിവാള്‍ ഒരിക്കല്‍കൂടി മുന്നിലെത്തിയെങ്കിലും,ജനം ഇത്തവണ സ്വീകരിച്ചില്ല. അഗ്‌നിപരീക്ഷയില്‍ ജനം പരാജയപ്പെടുത്തി.
കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒട്ടേറെ അത്ഭുതങ്ങള്‍ കാണിച്ച എഎപിയും കെജ്‌രിവാളും ഈ തകര്‍ച്ചയില്‍നിന്ന് എങ്ങനെ കരകയറും എന്നതാണ് ഇനി കണ്ടറിയേണ്ടത്.
അസൂയാവഹമായ വളര്‍ച്ച
2013-ലെ ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പുനാളില്‍ 'ആരാണീ അരവിന്ദ് കെജ്‌രിവാള്‍' എന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പരിഹാസം. വോട്ടെണ്ണുന്ന ദിവസം അവര്‍ക്കതിന് മറുപടി കിട്ടി. 15 വര്‍ഷം ഡല്‍ഹി ഭരിച്ച ഷീലാ ദീക്ഷിത്തിന്റെ കസേര തെറിച്ചു. കോണ്‍ഗ്രസിന്റെ കരുത്തയായ മുഖ്യമന്ത്രിയെ അവരുടെ മണ്ഡലത്തില്‍ തറപറ്റിച്ചുകൊണ്ടായിരുന്നു കെജ്രിവാളിന്റെയും എ.എ.പി.യുടെയും തിരഞ്ഞെടുപ്പരങ്ങേറ്റം.
പിന്നീടങ്ങോട്ട് ഡല്‍ഹിയില്‍ ആപിന്റെ നാളുകളായിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാന്‍കൂടിയുള്ളതാണെന്ന് ഓര്‍മിപ്പിക്കുന്ന ഡല്‍ഹി മോഡല്‍ അവതരിപ്പിക്കാന്‍ ആപിന് തുടക്കത്തില്‍ കഴിഞ്ഞു.
2017-ല്‍ പഞ്ചാബില്‍ അരങ്ങേറ്റംകുറിച്ച ആംആദ്മി പാര്‍ട്ടി ആദ്യ അങ്കത്തില്‍ തന്നെ മുഖ്യപ്രതിപക്ഷമായി മാറി. 2022-ലെ അവരുടെ രണ്ടാം അങ്കത്തില്‍ പഞ്ചാബിലെ പരമ്പരാഗത രാഷ്ട്രീയപ്പാര്‍ട്ടികളെ തൂത്തെറിഞ്ഞ് ഭരണം പിടിക്കുകയും ചെയ്തു.
2011-ല്‍ അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ ലോക്പാല്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്നുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാള്‍ ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്. 2006-ല്‍ ആദായനികുതി വകുപ്പില്‍നിന്ന് ജോയന്റ് കമ്മിഷണറായി സ്വയംവിരമിച്ച കെജ്‌രിവാളിന് തന്റെ കരിയറിലുണ്ടായ കൈപ്പേറിയ അനുഭവങ്ങളാണ് അഴിമതിക്കെതിരായ പോരാട്ടത്തിന് പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ച കെജ്‌രിവാളിനെ ഏഷ്യയിലെ നോബല്‍സമ്മാനം എന്നുവിശേഷിപ്പിക്കുന്ന മഗ്സസേ അവാര്‍ഡ് 2006-ല്‍ തേടിയെത്തിയിരുന്നു.
ദേശീയ ശ്രദ്ധയിലേക്കെത്തുംമുമ്പേ വിവിധ അഴിമതിക്കഥകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. 2012ലാണ് ദേശീയപ്പാര്‍ട്ടിയുണ്ടാക്കാന്‍ കെജ്‌രിവാള്‍ നീക്കം ആരംഭിച്ചത്. എന്നാല്‍ അണ്ണ ഹസാരെ ഇതിനോട് വിയോജിച്ചു. അതുവരെ ഒന്നിച്ചുനീങ്ങിയ കിരണ്‍ബേദി, സന്തോഷ് ഹെഗ്ഡെ തുടങ്ങിയവരും ഹസാരെയ്ക്കൊപ്പം നിന്നു. പ്രശാന്ത് ഭൂഷണ്‍, ശാന്തി ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ കെജ്രിവാളിനൊപ്പവുംനിന്നു. ഹസാരയ്ക്കൊപ്പമുള്ള പ്രക്ഷോഭത്തിന് സാമൂഹികമാധ്യമങ്ങളിലും മറ്റും രാജ്യവ്യാപകമായി പിന്തുണ നേടിയെടുക്കുന്നതില്‍ വിജയിച്ച കെജ്‌രിവാള്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിലും ആ സ്വീകാര്യത ലഭ്യമാക്കി. 2012 നവംബര്‍ 26-ന് ആംആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
രാഷ്ട്രീയപ്പാര്‍ട്ടിയായി 2013-ല്‍ രജിസ്റ്റര്‍ചെയ്ത എ.എ.പി. ചൂല്‍ ചിഹ്നത്തില്‍ ഡല്‍ഹി നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങി. എഴുപതില്‍ 28 സീറ്റുനേടി എ.എ.പി. ബി.ജെ.പി.യുടെ തൊട്ടുപിന്നിലായി. സര്‍ക്കാരുണ്ടാക്കാനില്ലെന്നുപറഞ്ഞ് ബി.ജെ.പി. പിന്മാറിയതോടെ കെജ്രിവാള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറി. എന്നാല്‍ ആ സര്‍ക്കാര്‍ അധികകാലം മുന്നോട്ട് പോയില്ല. അധികാരമേറിയാല്‍ 15 ദിവസത്തിനകം ഡല്‍ഹിയില്‍ ജനലോക്പാല്‍ ബില്‍ പാസാക്കുമെന്നായിരുന്നു എ.എ.പി.യുടെ വാഗ്ദാനം. അതുപാലിക്കാനായില്ലെന്ന്കാട്ടി 49 ദിവസത്തെ ഭരണമവസാനിപ്പിച്ചു.
ഒരുവര്‍ഷത്തോളം നീണ്ട രാഷ്ട്രപതിഭരണത്തിനൊടുവില്‍ ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയാല്‍ ഒളിച്ചോടാതെ വാഗ്ദാനങ്ങള്‍ പാലിക്കാമെന്ന കെജ്‌രിവാളിന്റെ അഭ്യര്‍ഥന ജനങ്ങള്‍ കേട്ടു. എഴുപതില്‍ 67 സീറ്റുകളും തൂത്തുവാരി എ.എ.പി. വീണ്ടും അധികാരത്തിലേക്ക്. 'മഫ്ലര്‍മാന്‍' കെജ്‌രിവാള്‍ രണ്ടാമതും മുഖ്യമന്ത്രിയായി. ഇത്തവണ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി മൂന്നാംവട്ടം തിരഞ്ഞെടുപ്പിനെ നേരിട്ടു. അരവിന്ദ് കെജ്‌രിവാളിന്റെയും ആം ആദ്മിപാര്‍ട്ടിയുടെയും കുതിപ്പില്‍ ഡല്‍ഹിയില്‍ വീണ്ടും എതിരാളികള്‍ നിലംപരിശായി. എഴുപതില്‍ 62 സീറ്റും സ്വന്തമാക്കി എഎപി രാജ്യതലസ്ഥാനം വീണ്ടും തൂത്തുവാരി.
വളര്‍ച്ചപോലെ തകര്‍ച്ച
അഴിമതിക്കെതിരായ പോരാട്ടം ഉയര്‍ത്തിക്കാട്ടി രാജ്യതലസ്ഥാനത്ത് മൂന്നുതവണ അധികാരത്തിലേറിയ അരവിന്ദ് കെജ്‌രിവാളിനും ആപിനും നാലാംതവണ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങേണ്ടി വന്നത് തങ്ങള്‍ നേരിടുന്ന അഴിമതി ആരോപണങ്ങളിലെ വിശദീകരണങ്ങളുമായിട്ടാണ്. ആ വിശദീകരണത്തിൽ ജനം സംതൃപ്തരായില്ല.
ലെഫ്റ്റനന്റ് ഗവണര്‍ണറെ ഉപയോഗിച്ച് വരിഞ്ഞുമുറുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെല്ലാം പൊട്ടിച്ചെറിഞ്ഞായിരുന്നു എഎപി ഡല്‍ഹിയില്‍ അതുവരെ കുതിപ്പ് നടത്തിയിരുന്നത്. എന്നാല്‍ മൂന്നാംവട്ടം അധികാരത്തിലേറിയതിന് പിന്നാലെ പുതിയ മദ്യനയം 2021-ല്‍ നടപ്പാക്കിയതോടെ കെജ്‌രിവാളിനും ആപിനും അടിതെറ്റി.
കൈക്കൂലി വാങ്ങി മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ലൈസന്‍സികള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയെന്നടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. അപകടം മണത്ത് പുതിയനയം കെജ്‌രിവാള്‍ സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും വീണുകിട്ടിയ ആയുധമുപയോഗിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആംആദ്മി പാര്‍ട്ടി നേതൃത്വത്തെ ഒന്നടങ്കം കുരുക്കിലാക്കി. ആംആദ്മി പാര്‍ട്ടിയിലെ ഒന്നാമനായ കെജ്‌രിവാള്‍, രണ്ടാമനായ മനീഷ് സിസോദിയ, മൂന്നാമനായ സഞ്ജയ് സിങ് എന്നിവരെല്ലാം ജയിലിലായി. അഴിമതിക്കെതിരേ യുദ്ധപ്രഖ്യാപനവുമായി തുടങ്ങിയ പാര്‍ട്ടിക്കുമേല്‍ മദ്യനയ അഴിമതിക്കേസ് കരിനിഴല്‍ വീഴ്ത്തി. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് നേതാക്കളെ ബിജെപി കുരുക്കിയതാണെന്ന വിശദീകരണം ജനങ്ങള്‍ വിശ്വാസത്തിലെടുത്തില്ലെന്ന് വേണം കരുതാന്‍. ജയിലിരിക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്ന് കെജ്‌രിവാള്‍ തിഹാറില്‍നിന്ന് മടങ്ങിയെത്തിയതിനു തൊട്ടുപിന്നാലെ രാജിപ്രഖ്യാപിച്ച് അതിഷിയെ പകരം കസേരയില്‍ പ്രതിഷ്ഠിച്ചെങ്കിലും ജനംകൈവിട്ടു.
ആപിന്റെ തകര്‍ച്ചയ്ക്ക് അഴിമതി ആരോപണങ്ങള്‍ വിനയായതിന് പുറമെ ഭരണവിരുദ്ധ വികാരവും അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയെ ചൊല്ലിയുണ്ടായ വിവാദങ്ങളും കാരണങ്ങളായിട്ടുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ എഎപി അവരുടെ ആദ്യ ടേമുകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വൈദ്യുതി, വെള്ളം സബ്സിഡികള്‍ വോട്ടര്‍മാരെ സന്തോഷിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കാലിടറിയിരുന്നത് എഎപിയുടെ വാഗ്ദാനങ്ങളും അത് നിറവേറ്റുന്നതില്‍ അവര്‍ കാണിച്ച കൃത്യതയുമായിരുന്നു.
എന്നാല്‍ മൂന്നാംടേമില്‍ പല വാഗ്ദാനങ്ങളും അവര്‍ക്ക് പാലിക്കാനായില്ല. രാജ്യതലസ്ഥാനത്തെ വായു നിലവാരം സംബന്ധിച്ചടക്കം ഡല്‍ഹിക്കാരെ അലട്ടാന്‍ തുടങ്ങി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞുള്ള എഎപിയുടെ ഒഴിഞ്ഞുമാറ്റം ജനംവകവെച്ചു നല്‍കിയില്ല. കൂടാതെ ബിജെപിയുടെ 'ഇരട്ട എഞ്ചിന്‍' വാഗ്ദാനങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുകയും തിരഞ്ഞെടുപ്പ് അത് പ്രതിഫലിപ്പിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പില്‍ കെജ്രിവാളിനെതിരായ ബിജെപിയുടെ ഫലപ്രദമായി ഉപയോഗിച്ച മറ്റൊരു ആയുധമായിരുന്നു 'ശീഷ് മഹല്‍'. കെജ്രിവാള്‍ അധികാരത്തിലിരുന്നപ്പോള്‍ ഔദ്യോഗിക വസതി കോടികള്‍ മുടക്കി നവീകരിച്ചതിനെ പരാമര്‍ശിക്കാനാണ് ബിജെപി ശീഷ്മഹല്‍ എന്ന പദം ഉപയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട സിഐജി റിപ്പോര്‍ട്ടും ബിജെപി ആയുധമാക്കി. സാധരണക്കാരുടെ മുഖ്യമന്ത്രി എന്ന പേരുണ്ടായിരുന്ന കെജ് രിവാളിന്റെ വസതിയിലെ ആഡംബര സൗകര്യങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നു.
തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞില്ലെങ്കിലും അധികാരമില്ലാത്ത എഎപിക്കൊപ്പം എത്ര എംഎല്‍എമാര്‍ അഞ്ചുവര്‍ഷം പിടിച്ചുനില്‍ക്കുമെന്നും കണ്ടറിയേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുമാണ് സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ ഒരുകൂട്ടം എഎപി എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നത്.
Content Highlights: Delhi Election Assembly Result-Factors Behind AAP's Delhi Setback