അതിഷിക്കെതിരേ കോൺഗ്രസ് കളത്തിലിറക്കിയ അൽക്ക; നേടിയത് നാലായിരത്തോളം വോട്ടുകൾ മാത്രം

അല്‍ക്ക ലാംബ, Photo:PTI
അല്‍ക്ക ലാംബ, Photo:PTI

ഡല്‍ഹി: ഡൽഹിയിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നാണ് കൽക്കാജി. ഡല്‍ഹി മുഖ്യമന്ത്രിക്കെതിരേ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ കോണ്‍ഗ്രസ് കളത്തിലിറക്കിയതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമായത്. ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അതിഷിക്കെതിരേ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ അല്‍ക്ക ലാംബയാണ് മത്സരിച്ചത്. ആംആദ്മിയുടെ ശക്തികേന്ദ്രമായ കല്‍ക്കാജിയിൽ അൽക്കയ്ക്ക് നിലംതൊടാനായില്ല. പന്ത്രണ്ട് റൗണ്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ 4367 വോട്ടുകൾ മാത്രമാണ് അൽക്കയ്ക്ക് നേടാനായത്. 

മണ്ഡലം അതിഷിയിലൂടെ എ.എ.പി നിലനിര്‍ത്തി. രണ്ടാമത് ബി.ജെ.പി സ്ഥാനാര്‍ഥി രമേഷ് ബിധുരിയാണ്. മൂന്നാമതെത്തിയ അല്‍ക്കാ ലാംബയ്ക്ക് മണ്ഡലത്തില്‍ ഒരു പോരാട്ടം പോലും കാഴ്ചവെക്കാനായില്ല. അതിഷി അമ്പതിനായിരത്തിലധികവും രമേഷ് 48,000-ലധികവും വോട്ടുകള്‍ പിടിച്ചു. കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അവര്‍ക്ക് പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് കയ്‌പേറിയ അനുഭവവുമായി. 

അഭിഭാഷക കൂടിയായ അല്‍ക്ക ലാംബ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് 1994-ല്‍ കോണ്‍ഗ്രസിലൂടെയാണ്. പക്ഷേ 2013-ല്‍ ആപ്പ് തരംഗത്തിനിടെ അല്‍ക്ക ആം ആദ്മിയില്‍ ചേര്‍ന്നു. എന്നാല്‍ 2019-ല്‍ ആംആദ്മിയോട് വിടപറയുകയും ചെയ്തു. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നുവന്ന അല്‍ക്കയെ 2002-ല്‍ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. 2003-ല്‍  കോണ്‍ഗ്രസ് ടിക്കറ്റില്‍ മോതി നഗര്‍ നിയോജകമണ്ഡലത്തില്‍നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയെങ്കിലും ബിജെപി മുതിര്‍ന്ന നേതാവ് മദന്‍ ലാല്‍ ഖുറാനയോട് പരാജയപ്പെട്ടു.

പിന്നീട് 2014 ഡിസംബറില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനാണ് അല്‍ക്ക കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോകുന്നത്. 2015-ല്‍ ചാന്ദ്‌നി ചൗക്കില്‍നിന്ന് എ.എ.പി ടിക്കറ്റില്‍ ജനവിധി തേടിയ അല്‍ക്ക ബിജെപി സ്ഥാനാര്‍ത്ഥിയായ സുമന്‍ കുമാര്‍ ഗുപ്തയെ പരാജയപ്പെടുത്തി കന്നിജയം സ്വന്തമാക്കി. അരവിന്ദ് കേജ്രിവാളും അല്‍ക്കയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് അല്‍ക്കയ്ക്ക് കോണ്‍ഗ്രസിലേക്കുള്ള വഴി വീണ്ടും തുറന്നുകൊടുത്തത്. ഇരുവരും പൊതുജനമധ്യത്തില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചുതുടങ്ങി. അല്‍ക്ക 2019-ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു. വൈകാതെ എ.എ.പി വിട്ട് കോണ്‍ഗ്രസിലെത്തുകയായിരുന്നു. ഇപ്പോഴിതാ കോൺ​ഗ്രസിലേക്കുള്ള തിരിച്ചുവരവിന് ശേഷം ദയനീയമായ പരാജയവും അൽക്ക ഏറ്റുവാങ്ങി.

Content Highlights: alka lamba loss against atishi