ജമ്മു കശ്മീർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ SP-യും; കോൺഗ്രസ്-NC സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി (എസ്.പി). പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ അധ്യക്ഷന്‍ ജിയ ലാല്‍ വര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയോ മൂന്നാമത്തേയോ ഘട്ടത്തില്‍ എസ്.പി. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം.
ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി (എന്‍.സി) ചേര്‍ന്നാണ് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ സഖ്യത്തിനെ എസ്.പി. പിന്തുണയ്ക്കുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയ്യതികളില്‍ മൂന്ന് ഘട്ടമായാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സീറ്റ് വിഭജനം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. 90 സീറ്റുകളില്‍ 51 എണ്ണത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സും 32 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുക. അഞ്ച് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും സൗഹൃദമത്സരവും നടത്തും. സി.പി.എമ്മിനും പാന്തേഴ്‌സ് പാര്‍ട്ടിയ്ക്കുമായി ഓരോ സീറ്റ് വീതവും സഖ്യം നീക്കിവെച്ചിട്ടുണ്ട്.
അതേസമയം ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ 24 നിയമസഭാ മണ്ഡലങ്ങളിലേക്കായി 279 സ്ഥാനാര്‍ഥികള്‍ ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനായി പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.
ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 23.27 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 11.51 ലക്ഷം പേര്‍ സ്ത്രീകളും 11.76 ലക്ഷം പേര്‍ പുരുഷന്മാരും 60 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ്.
Content Highlights: Samajwadi Party (SP) to contest Jammu Kashmir Election; Extends support of Congress, NC alliance