ഹരിയാണയിൽ കോൺഗ്രസോ, ആരാകും മുഖ്യമന്ത്രി? ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഹൂഡ

ഭൂപീന്ദര്‍ സിങ് ഹൂഡ | ഫോട്ടോ: എ.എന്‍.ഐ
ഭൂപീന്ദര്‍ സിങ് ഹൂഡ | ഫോട്ടോ: എ.എന്‍.ഐ

ന്യൂഡൽഹി: ഹരിയാണയിൽ തിരിച്ചുവരവ് പ്രതീക്ഷിച്ച കോൺ​ഗ്രസിന് എക്സിറ്റ് പോളുകൾ അനുകൂലമയാതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്ന ആകാംഷയിലാണ് സംസ്ഥാനം. മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു.

മുതിർന്ന നേതാക്കളായ കുമാരി സെൽജയും രൺദീപ് സുർജേവാലയും മുഖ്യമന്ത്രി സ്ഥാനമോഹം വെളിപ്പെടുത്തിയത് സംബന്ധിച്ച ചോദ്യത്തിന് എല്ലാവരും ആഗ്രഹിക്കണം, നിങ്ങൾക്കും ആഗ്രഹിക്കാം.എന്നാൽ എംഎൽഎമാരും ഹൈക്കമാൻഡും തീരുമാനമെടുക്കുമെന്നും ഇതാണ് ജനാധിപത്യമെന്നും ഹൂഡ പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഹാട്രിക് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ​ഗോദയിലേക്കിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 2014-ലെ മോദി തരം​ഗത്തിൽ 47 സീറ്റുകൾ സ്വന്തമാക്കിയാണ് സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലേറിയത്. 2019-ലും അധികാരം നിലനിർത്തി.

അതേസമയം, തിരിച്ചുവരവ് പ്രതീക്ഷിച്ച കോൺ​ഗ്രസിന് വൻ പ്രതീക്ഷ പകരുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. അഗ്‌നിവീർ പദ്ധതി, കർഷക പ്രതിഷേധം, ​ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി പ്രചരണത്തിനിറങ്ങിയ കോൺ​ഗ്രസ് ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ്. ഇത്തവണ കോൺഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നാണ് എക്സിറ്റ് പോൾ റിപ്പോർട്ടുകൾ.


 

Content Highlights: High Command will decide Chief Minister of haryana