ഹരിയാണയിൽ നിന്ന് ഇന്ത്യ സഖ്യം എങ്ങോട്ട്?

അപ്രതീക്ഷിതമായതൊന്നും ഹരിയാണയിൽ കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദശാബദത്തിനിപ്പുറം ഹരിയാണയിലെ ജനങ്ങൾ വീണ്ടും തങ്ങൾക്ക് ഭരണം കൈമാറുമെന്ന് അവർ ഉറച്ചുവിശ്വസിച്ചു. ഒക്ടോബർ എട്ടിന് രാവിലെ ആദ്യഫലസൂചനകൾ പുറത്തുവന്നതോടെ പ്രവർത്തകർ ആഹ്ളാദത്തിമിർപ്പിലായി. എന്നാൽ, ഇത്രമാത്രം ഉറപ്പോടെ നേരിട്ട തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് പിഴച്ചുവെന്ന് അധികം വൈകാതെ പാർട്ടി തിരിച്ചറിഞ്ഞു. മണ്ണും കൃഷിയും മുതൽ ഗുസ്തിയും രാഷ്ട്രീയവുംവരെ ചർച്ചയായ ഹൃദയഭൂമിയിൽ മൂന്നാംതവണയും താമര വിരിഞ്ഞു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ചരടുവലികൾക്കും സാക്ഷിയായ ഹരിയാണ നാടകത്തിന് തിരശ്ശീല വീഴുമ്പോൾ ബി.ജെ.പി.ക്ക് ജനങ്ങളുടെ 'ഫുൾമാർക്ക്'.
ശക്തമായ ത്രികോണപോരാട്ടത്തിന് സാധ്യത തെളിഞ്ഞ ഹരിയാണ ഗോദയിൽ മുൻ വർഷത്തേതുപോലെ ഭാഗ്യം തങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഒരുപക്ഷേ ബി.ജെ.പി. പോലും പ്രതീക്ഷിച്ചിരുന്നില്ല. ഉൾപാർട്ടി പടലപിണക്കങ്ങളും വിമതരും ഇരുക്യാമ്പുകളിലും വെല്ലുവിളിയുയർത്തിയെങ്കിലും അത് ബി.ജെ.പി.യെ വല്ലാതെ ബാധിച്ചിരുന്നു. സഖ്യമെന്ന നിലയിൽ എൻ.ഡി.എ. ഒറ്റക്കെട്ടല്ലായിരുന്നു എന്നതും കോൺഗ്രസിനെ സംബന്ധിച്ച് അമിത ആത്മവിശ്വാസമായി. ചുവടുമാറ്റത്തിനും പാലംവലിക്കും പേരുകേട്ട സംസ്ഥാനത്ത് ഇനിയെന്ത് എന്ന് കണ്ടറിയണം. ജാതിസമവാക്യങ്ങളും പ്രാദേശികരാഷ്ട്രീയവും കൂട്ടിയും കിഴിച്ചും പരിശോധിക്കുമ്പോൾ ഫലത്തിനിപ്പുറവും പല യുദ്ധങ്ങൾക്കും ഹരിയാണയിലെ ഗുസ്തിക്കളരികൾ ഇനിയും സാക്ഷിയായേക്കാം.
Content Highlights: haryana election result 2024