24-ാം വയസ്സിൽ ബിസിനസ് രംഗത്ത്, ഒഡിഷയിലെ ആദ്യ മുസ്‌ലിം വനിതാ എം.എൽ.എ; ചരിത്രം കുറിച്ച് സോഫിയ ഫിർദൗസ്

ഒഡിഷയിലെ ആദ്യ മുസ്‌ലിം വനിതാ എം.എല്‍.എ.യായി ചരിത്രം കുറിച്ച് സോഫിയ ഫിര്‍ദൗസ്. ബാരാബതി-കട്ടക്ക് നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചതോടെയാണ് 32-കാരിയായ സോഫിയ ഫിര്‍ദൗസ് ചരിത്രത്തിലിടം നേടിയത്.
1936-ല്‍ ഒഡിഷ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ഒട്ടേറെ വനിതകള്‍ എം.എല്‍.എമാരായിട്ടുണ്ടെങ്കിലും ഒരു മുസ്‌ലിം വനിത നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സോഫിയ ഫിര്‍ദൗസിന്റെ വിജയത്തോടെ ഒരു മുസ്‌ലിം വനിതയും ഒഡിഷ നിയമസഭയിലെത്തിയിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയും നഗരത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ. പൂര്‍ണ ചന്ദ്ര മഹാപാത്ര(69)യെ 8001 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോഫിയ പരാജയപ്പെടുത്തിയത്.
തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു സോഫിയയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ.യായിരുന്ന മുഹമ്മദ് മൊഖിയത്തിന്റെ മകളായ സോഫിയ, വായ്പ തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട പിതാവിന് മത്സരിക്കാന്‍ കഴിയാതിരുന്നതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പോരാട്ടത്തിനിറങ്ങിയത്. വോട്ടെടുപ്പിന് കഷ്ടിച്ച് ഒരുമാസം മാത്രം ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയ സോഫിയക്ക് പക്ഷേ, പ്രചരണത്തില്‍ ബഹുദൂരം മുന്നേറാനായി. വീടുകള്‍ കയറിയിറങ്ങി ഓരോ വോട്ടര്‍മാരെയും നേരിട്ടുകണ്ടുള്ള പ്രചരണത്തിനാണ് സോഫിയ മുന്‍ഗണന നല്‍കിയത്. ഒടുവില്‍ വോട്ടെണ്ണിയപ്പോള്‍ മിന്നുംജയം നേടി സോഫിയ ചരിത്രം രചിക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവും ബാരാബതി-കട്ടക്ക് മണ്ഡലത്തിലെ മുന്‍ എം.എല്‍.എ.യും പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ 'മെട്രോ ഗ്രൂപ്പി'ന്റെ എം.ഡി.യുമായ മുഹമ്മദ് മൊഖിയമാണ് സോഫിയയുടെ പിതാവ്. 2014-ല്‍ മണ്ഡലത്തില്‍ മത്സരിച്ച മുഹമ്മദിന് അന്ന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍, 2019-ല്‍ മുഹമ്മദ് കോണ്‍ഗ്രസ് എം.എല്‍.എ.യായി മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. ഇത്തവണയും മുഹമ്മദ് തന്നെ ഇവിടെ മത്സരിക്കുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. എന്നാല്‍, ഒഡിഷ റൂറല്‍ ഹൗസിങ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍(ഒ.ആര്‍.എച്ച്.ഡി.സി) വായ്പ തട്ടിപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് മുഹമ്മദിന് തിരിച്ചടിയായി. മത്സരിക്കാന്‍ അയോഗ്യനായി. സുപ്രീംകോടതി ശിക്ഷ സ്‌റ്റേ ചെയ്യാതിരുന്നതോടെ മത്സരിക്കാനുള്ള എല്ലാ സാധ്യതകളും മങ്ങി. ഇതോടെയാണ് മുഹമ്മദിന്റെ മകളായ സോഫിയ ഫിര്‍ദൗസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
യുവത്വത്തിന്റെ ചുറുചുറുക്ക്, ബിസിനസ് രംഗത്തും സജീവം...
പിതാവിന്റെ പാത പിന്തുടര്‍ന്ന് 24-ാം വയസ്സില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് ചുവടുറപ്പിച്ച ചരിത്രമാണ് 32-കാരിയായ സോഫിയ ഫിര്‍ദൗസിന്റേത്. ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി(കെ.ഐ.ഐ.ടി.)യില്‍നിന്ന് സിവില്‍ എന്‍ജിനിയറങ്ങില്‍ ബി.ടെക്ക് നേടിയ സോഫിയ ഫിര്‍ദൗസ്, 2022-ല്‍ ബെംഗളൂരു ഐ.ഐ.എമ്മില്‍നിന്ന് 'എക്‌സിക്യൂട്ടിവ് ജനറല്‍ മാനേജ്‌മെന്റ്' പ്രോഗ്രാമും പൂര്‍ത്തിയാക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഷെയ്ഖ് മിറാജുല്‍ ഹഖ് ആണ് ഭര്‍ത്താവ്.
പിതാവിന്റെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ മെട്രോ ഗ്രൂപ്പില്‍ ഡയറക്ടര്‍ പദവിയാണ് സോഫിയ വഹിച്ചിരുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ക്രെഡായ്)യുടെ ഭുവനേശ്വര്‍ ചാപ്റ്റര്‍ പ്രസിഡന്റുമാണ്. ക്രെഡായിയുടെ ഭുവനേശ്വര്‍ ചാപ്റ്ററിലെ ആദ്യ വനിതാ പ്രസിഡന്റെന്ന നേട്ടവും സോഫിയയ്ക്ക് സ്വന്തമായിരുന്നു.
താനൊരു രാഷ്ട്രീയക്കാരിയല്ലെന്നായിരുന്നു ഉജ്ജ്വല വിജയത്തിന് ശേഷം സോഫിയ ഫിര്‍ദൗസിന്റെ പ്രതികരണം. പിതാവിന് മത്സരിക്കാന്‍ കഴിയാതിരുന്ന സാഹചര്യമുണ്ടായപ്പോള്‍ അഞ്ഞൂറോളം വരുന്ന പ്രവര്‍ത്തകര്‍ തങ്ങളുടെ വീട്ടില്‍ യോഗംചേര്‍ന്നു. കട്ടക്കില്‍ തന്റെ പിതാവുണ്ടാക്കിയ ഉറച്ച അടിത്തറയും അദ്ദേഹം ചെയ്ത കഠിനാധ്വാനവും അംഗീകരിച്ചുകൊണ്ട് അവര്‍ തന്നെയാണ് ഏകകണ്ഠമായി തന്റെ പേര് നിര്‍ദേശിച്ചതെന്നും സോഫിയ പറഞ്ഞു.
2014-ലും 2019-ലും പിതാവിനായി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ പരിചയമുണ്ടായിരുന്നു. അന്ന് വീടുകള്‍ കയറിയിറങ്ങി പിതാവിനായി വോട്ട് ചോദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. സാമൂഹികമാധ്യമങ്ങളിലൂടെയും പിതാവിനായി പ്രവര്‍ത്തിച്ചു. ഇതിലൂടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയിലും സുപരിചതായി. ഇതെല്ലാം ഇത്തവണ മത്സരിച്ചപ്പോള്‍ ഉപകാരപ്രദമായെന്നും സോഫിയ പ്രതികരിച്ചു.
ഒരുമാസം, തിരക്കിട്ട പ്രചരണം...
കഷ്ടിച്ച് ഒരുമാസമാണ് സോഫിയ ഫിര്‍ദൗസിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ലഭിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെങ്കിലും ഗോദയിലേക്കിറങ്ങിയതോടെ സോഫിയ 'സൂപ്പര്‍ഫാസ്റ്റായി'. ചുട്ടുപൊള്ളുന്ന വെയിലായിട്ടും ദിവസവും പ്രചരണത്തിനിറങ്ങി. രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയായിരുന്നു ഒരുദിവസത്തെ പ്രചരണത്തിന്റെ ആദ്യഘട്ടം. പിന്നീട് വൈകിട്ട് അഞ്ചുമണിക്ക് പുനഃരാരംഭിക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ രാത്രി ഒമ്പതുമണി വരെ നീളും. വലിയ യോഗങ്ങള്‍ക്കോ റാലികള്‍ക്കോ സോഫിയ പ്രധാന്യം നല്‍കിയിരുന്നില്ല. പകരം വീടുകള്‍തോറും കയറിയിറങ്ങി ഓരോ വോട്ടര്‍മാരെയും നേരില്‍കണ്ട് വോട്ടര്‍ഭ്യഥിക്കാനായിരുന്നു ശ്രമം.
'എനിക്ക് ഒരുമാസം മാത്രമാണ് തിരഞ്ഞെടുപ്പിനുണ്ടായിരുന്നത്. എന്റെ പിതാവിനെ എല്ലാവര്‍ക്കും അറിയാം, അദ്ദേഹം താഴെത്തട്ടില്‍വരെ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 2014-ല്‍ അദ്ദേഹം പരാജയപ്പെടുകയും 2019-ല്‍ വിജയിക്കുകയും ചെയ്തു. അതുകൊണ്ട് ജനങ്ങള്‍ ഇത്രവേഗം എന്നെ വിശ്വസിക്കുമോയെന്നും എനിക്ക് വോട്ട് ചെയ്യുമോ എന്നുമായിരുന്നു എന്നെ അലട്ടിയിരുന്ന ഭയം'- സോഫിയ പറഞ്ഞു.
കട്ടക്കിന്റെ മകളും കട്ടക്കിന്റെ മരുമകളും എന്നതായിരുന്നു സോഫിയ ഫിര്‍ദൗസിനെ പരിചയപ്പെടുത്തിയുള്ള മുദ്രാവാക്യം. 'ചിരിക്കുന്ന എം.എല്‍.എ'യെന്നാണ് സോഫിയക്ക് വോട്ടര്‍മാര്‍ നല്‍കിയ മറ്റൊരു പേര്. പ്രചരണത്തിന്റെ ഒരുഘട്ടത്തിലും വ്യക്തിപരമായ രീതിയില്‍ എതിര്‍സ്ഥാനാര്‍ഥിക്കെതിരേ താന്‍ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ലെന്നായിരുന്നു സോഫിയയുടെ പ്രതികരണം. എതിര്‍സ്ഥാനാര്‍ഥിയോട് എനിക്ക് ബഹുമാനമുണ്ട്. കാരണം അദ്ദേഹം എന്റെയും ഡോക്ടര്‍ കൂടിയാണ്', ഇതായിരുന്നു അവരുടെ വാക്കുകള്‍.
പ്രചോദനം നന്ദിനി സദ്പതി...
ഒഡിഷയുടെ ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന മുന്‍ മുഖ്യമന്ത്രി നന്ദിനി സദ്പതിയാണ് തന്റെ പ്രചോദനമെന്നാണ് സോഫിയ പറഞ്ഞത്. നന്ദിനി സദ്പതിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അവരുടെ പാത പിന്തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറയുന്നു.
ഒരു മുസ് ലിം എം.എല്‍.എ. എന്ന നിലയിലുള്ള ചോദ്യങ്ങളോട് വ്യത്യസ്തമായരീതിയിലായിരുന്നു എം.എല്‍.എ.യുടെ മറുപടി. 'ഞാന്‍ ഒഡിയക്കാരിയാണ്, ഒരു ഇന്ത്യക്കാരിയാണ്, ഒരു വനിതയാണ്. അതാണ് ആദ്യം. എന്റെ കരിയറിലും പ്രൊഫഷണല്‍ ജീവിതത്തിലും വനിതകളുടെ ശാക്തീകരണത്തിനായാണ ഞാന്‍ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയത്തിലും അത് തുടരും. ഒരു 'മുസ്‌ലിം രാഷ്ട്രീയക്കാരിയാവുകയെന്നത്' ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല', സോഫിയ ഫിര്‍ദൗസ് വ്യക്തമാക്കി.
പിതാവിന്റെ ഭരണകാലത്ത് തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് പുതിയ എം.എല്‍.എ.യുടെ ആദ്യലക്ഷ്യം. കട്ടക്കിനെ ഒരു കരകൗശല ഹബ്ബായി മാറ്റുമെന്നും യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും എം.എല്‍.എ. പറയുന്നു. അഴുക്കുചാലും കൊതുക് സംബന്ധമായ പ്രശ്‌നങ്ങളും ഉള്‍പ്പെടെ മണ്ഡലത്തിലെ അടിസ്ഥാനപരമായ പല പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് പുതിയ എം.എല്‍.എ.യുടെ ഉറപ്പ്. ഇതിനൊപ്പം മണ്ഡലത്തിന്റെ വികസനത്തിനായി ജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ടെന്നും എം.എല്‍.എ. പറഞ്ഞു.
Content Highlights: sofia firdous the first muslim woman mla in odisha