ഞങ്ങളുടേത് നിറവേറ്റുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങൾ, തെലങ്കാനയിൽ കാറ്റ് BJP-ക്ക് അനുകൂലം- പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി | Photo:ANI
പ്രധാനമന്ത്രി നരേന്ദ്രമോദി | Photo:ANI

ഹെെദരാബാദ്: തെലങ്കാനയിലെ കാറ്റ് ബി.ജെ.പിക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ആർ.എസ് ഭരണം സംസ്ഥാനത്തെ ജനങ്ങൾക്ക് മടുത്തെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുനടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

വ്യാജ വാ​ഗ്ദാനങ്ങൾ മാത്രമാണ് അവർ നൽകുകയെന്ന് ബി.ആർ.എസ്സിനേയും കോൺ​ഗ്രസിനേയും ഉന്നംവച്ച് മോദി പറഞ്ഞു. മോദിയുടേത് നിറവേറ്റുമെന്ന് തീർച്ചയുള്ള വാഗ്ദാനങ്ങളാണ്. തെലങ്കാനയിൽ പിന്നാക്ക വിഭാ​ഗത്തിൽ നിന്നുള്ളവരെ മുഖ്യമന്ത്രിയാക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി. ഇതോടെ, ഈ വിഭാ​ഗത്തിലെ ജനങ്ങൾ ആവേശഭരിതരാണ്. ഇതേ വിഭാ​ഗത്തിൽപ്പെട്ട വ്യക്തിയെ മുഖ്യമന്ത്രിയാക്കുമെന്ന വാഗ്ദാനം നേരത്തെ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ബി.ജെ.പിയുടെ ട്രാക്ക് റെക്കോഡ്‌ ജനങ്ങൾ കണ്ടിട്ടുണ്ട്. ബി.ജെ.പി നൽകുന്ന വാ​ഗ്ദാനങ്ങൾ പാർട്ടി നിറവേറ്റുമെന്ന് മുത്തലാഖും ആർട്ടിക്കിൾ 370-ഉം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അവകാശപ്പെട്ടു. സ്ത്രീകൾക്കുള്ള പെൻഷനും സെെനികർക്കുള്ള വൺ റാങ്ക് വൺ പെൻഷനും തങ്ങൾ നടപ്പാക്കി. രാമക്ഷേത്രം നിർമിക്കുമെന്ന വാ​ഗ്ദാനവും പൂർത്തികരിക്കപ്പെടുന്നു. സംസ്ഥാനത്തെ എല്ലാ സമൂഹത്തിലേയും ജനങ്ങൾക്ക് തങ്ങൾ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു. 

Content Highlights: wind of change in favour of BJP, says modi in telangana