മൂന്നാമൂഴത്തിന് കെ.സി.ആര്‍, പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്; തെലങ്കാനയില്‍ വോട്ടിങ് ആരംഭിച്ചു

ഹൈദരാബാദ്: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന് പരിസമാപ്തി കുറിച്ച് തെലങ്കാനയിലും ഇന്ന് വിധിയെഴുത്ത്. 2290 സ്ഥാനാര്‍ഥികളില്‍നിന്ന് 119 എം.എല്‍.എ.മാരെ തിരഞ്ഞെടുക്കുന്നതിനാണ് ഇന്ന് വോട്ടർമാർ ബൂത്തുകളിലേക്കെത്തുന്നത്. 3.26 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിങ് ആറുമണിവരെയാണ്.
റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ ഉത്സവത്തെ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാനയിലെ വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. യുവാക്കളോടും കന്നിവോട്ടര്‍മാരോടും വോട്ടവകാശം വിനിയോഗിക്കാന്‍ അദ്ദേഹം പ്രത്യേകം ആഹ്വാനംചെയ്തു.
നിലവിലെ ഭരണകക്ഷിയായ ബി.ആര്‍.എസിന്റെ എം.എല്‍.സിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിത ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ വോട്ടുരേഖപ്പെടുത്തി. നടന്‍ അല്ലു അര്‍ജുന്‍ ജൂബിലി ഹില്‍സിലാണ് വോട്ടുചെയ്തത്. വോട്ട് ചെയ്യാനുള്ള അധികാരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് സംഗീതസംവിധായകന്‍ എം.എം. കീരവാണി ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനുമായ ജി. കിഷന്‍ റെഡ്ഡി ബര്‍കത്പുരയില്‍ വോട്ട് ചെയ്തു. സൂക്ഷ്മമായി ചിന്തിച്ചശേഷം മാത്രം വോട്ടുചെയ്യാന്‍ പ്രിയങ്കാഗാന്ധി ആഹ്വാനം ചെയ്തു. നടന്‍ എന്‍.ടി.ആര്‍. ഹൈദരാബാദില്‍ വോട്ടുചെയ്തു.
മൂന്നാമൂഴം ലക്ഷ്യമിട്ടിറങ്ങുന്ന കെ.സി. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസും രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. ഇരുപാര്‍ട്ടികള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തി ബി.ജെ.പിയും രംഗത്തുണ്ട്. അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മും മത്സരരംഗത്തുണ്ട്.
Content Highlights: Telangana Voting Begins Across 119 Seats