അധികാരത്തിലെത്തിയാൽ കൂടുതൽ സാമ്പത്തികസഹായം -കെ.സി.ആർ.

ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും അധികാരത്തിലെത്തിയാൽ വിവിധ പദ്ധതികൾക്കുള്ള സാമ്പത്തികസഹായം കൂട്ടുമെന്ന് ബി.ആർ.എസ്. നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു. തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
50 വർഷം ഭരിച്ച കോൺഗ്രസിനു സാധിക്കാത്ത പല ജനോപകാരപ്രദമായ പദ്ധതികളും 10 വർഷംകൊണ്ട് ബി.ആർ.എസ്. സർക്കാർ നടപ്പാക്കി. 200 രൂപയായിരുന്ന പെൻഷൻ 2000 രൂപയാക്കി. ഇത് 5000 ആക്കും. ഋതുബന്ധു പദ്ധതിയിലൂടെ കർഷകർക്കു നൽകുന്ന 10,000 രൂപയുടെ സഹായം 16,000 ആക്കും.
അധികാരത്തിലെത്തിയാൽ പദ്ധതി കടലിലെറിയുമെന്നാണ് കോൺഗ്രസ് പറയുന്നത്. 58 വർഷംമുമ്പ് കോൺഗ്രസാണ് ജനങ്ങളുടെ സമ്മതമില്ലാതെ ഹൈദരാബാദിനെ ആന്ധ്രാപ്രദേശിന് കീഴിലാക്കിയത്. വെറുതേ ബഹളംകൂട്ടാനല്ലാതെ കോൺഗ്രസിനെക്കൊണ്ട് മറ്റൊന്നിനുമാകില്ലെന്നും കെ.സി.ആർ. പറഞ്ഞു.
Content Highlights: More financial support if party comes to power says KCR