മകന്റെ മുന്നറിയിപ്പ് കേട്ടില്ല; കെ.സി.ആറിന് ഈ തോല്‍വിയില്‍ സ്വയം പഴിക്കാം

കെ. ചന്ദ്രശേഖര്‍ റാവുവും കെ.ടി. രാമറാവുവും | File Photo: ANI
കെ. ചന്ദ്രശേഖര്‍ റാവുവും കെ.ടി. രാമറാവുവും | File Photo: ANI

ഹൈദരാബാദ്: തെലങ്കാനയില്‍ മൂന്നാംവട്ടവും വിജയം തേടിയിറങ്ങിയ കെ. ചന്ദ്രശേഖര്‍ റാവുവിനും ബി.ആര്‍.എസിനും തിരിച്ചടിയായത് ഭരണവിരുദ്ധവികാരം. എന്നാല്‍ മകനും മന്ത്രിയുമായ കെ.ടി. രാമറാവു ഈ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അന്നത് ചെവിക്കൊണ്ടിരുന്നെങ്കില്‍ ഈ പരാജയം ഒഴിവാക്കാമായിരുന്നുവെന്നും ചില പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

ഭരണവിരുദ്ധവികാരം ശക്തമായ മണ്ഡലങ്ങളിലെ മുപ്പതോളം എം.എല്‍.എമാര്‍ക്ക് ടിക്കറ്റ് നല്‍കരുതെന്നും പുതുമുഖങ്ങളെ കൊണ്ടുവരണമെന്നും രാമറാവു, തിരഞ്ഞെടുപ്പിന് മുന്നോടിയായി
കെ.സി.ആറിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രകടനം മെച്ചപ്പെടുത്താന്‍ ഈ എം.എല്‍.എമാര്‍ക്ക് കെ.സി.ആര്‍. നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും കെ.സി.ആര്‍. സീറ്റ് നിരസിച്ചില്ല. ഫലമോ ഭൂരിഭാഗം മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അതേസമയം ബി.ആര്‍.എസിനു വേണ്ടി ആദ്യമായി മത്സരിച്ച പത്തില്‍ ഒന്‍പതുപേരും വിജയിക്കുകയും ചെയ്തു. 

ആകെയുള്ള 119 സീറ്റുകളില്‍ 64 ഇടത്താണ് കോണ്‍ഗ്രസ് വിജയിച്ചത്. ബി.ആര്‍.എസ്. 39 മണ്ഡലങ്ങളിലും എ.ഐ.എം.ഐ.എം. ഏഴിടത്തും സി.പി.ഐ. ഒരിടത്തും വിജയിച്ചു. 

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടി ആവിഷ്‌കരിച്ച ക്ഷേമപദ്ധതികളായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ആര്‍.എസ്. തുറുപ്പുചീട്ടായി അവതരിപ്പിച്ചത്. എന്നാല്‍ ഇത് ഫലം കണ്ടില്ല. പല പദ്ധതികളുടെയും നടപ്പാക്കല്‍, ഫണ്ട് വിതരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എം.എല്‍.എമാര്‍ക്ക് അമിതാധികാരം നല്‍കുന്നതായിരുന്നു. ഇത് അഴിമതിയ്ക്കും വേര്‍തിരിവിനും വഴിവെച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു.


 

Content Highlights: k chandra sekhar rao telangana election failure trs kt ramarao