തെലങ്കാനയില്‍ നടന്നത് കോണ്‍ഗ്രസ്-ബിആര്‍എസ് കനത്ത പോരാട്ടം| എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. തൊട്ടുപിന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തി ബി.ആര്‍.എസുമുണ്ടാവുമെന്നും വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ചില ഫലങ്ങളില്‍ ബി.ആര്‍.എസിനും മുന്‍തൂക്കം നല്‍കുന്നുണ്ട്. എ.ഐ.എം.ഐ.എമ്മും ബി.ജെ.പി.യും മൂന്നും നാലും സ്ഥാനങ്ങളിലായിരിക്കുമെന്നും പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു.
സിഎന്‍എന്‍ എക്‌സിറ്റ്‌പോള്‍ പ്രകാരം കോണ്‍ഗ്രസ് 56 സീറ്റുകള്‍ നേടി മുന്നേറും. ബി.ആര്‍.എസ്. 48 സീറ്റുകളും ബി.ജെ.പി. പത്ത് സീറ്റുകളും എം.ഐ.എം. അഞ്ച് സീറ്റുകളും നേടുമെന്നും എക്‌സിറ്റ് ഫലം സൂചിപ്പിക്കുന്നു. എ.ബി.പി-സി. വോട്ടര്‍ സര്‍വേ പ്രകാരം കോണ്‍ഗ്രസ് 49 മുതല്‍ 65 സീറ്റുകള്‍ നേടും. 38 മുതല്‍ 54 സീറ്റുകള്‍ വരെയാണ് ബി.ആര്‍.എസിന് പ്രവചിക്കുന്നത്. 5-13 സീറ്റുകളില്‍ ബി.ജെ.പി.യും 5-9 സീറ്റുകളില്‍ മറ്റുള്ളവരും വിജയം നേടും.
ഇന്ത്യാ ടി.വി-സി.എന്‍.എക്‌സിന്റെ എക്‌സിറ്റ്‌പോള്‍ പ്രകാരം കോണ്‍ഗ്രസ് 63 മുതല്‍ 79 വരെ മണ്ഡലങ്ങള്‍ പിടിക്കും. ബി.ആര്‍.എസിന് 31 മുതല്‍ 47 വരെയും ബി.ജെ.പി.ക്ക് രണ്ട് മുതല്‍ 4 വരെയും എ.ഐ.എം.ഐ.എമ്മിന് 5 മുതല്‍ ഏഴുവരെ സീറ്റുകള്‍ നേടാനാവുമെന്നും എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.
റിപ്പബ്ലിക് ടി.വി. എക്‌സിറ്റ്‌പോള്‍ പ്രകാരം കോണ്‍ഗ്രസ് 58 മുതല്‍ 68 സീറ്റുകള്‍ നേടും. ബി.ആര്‍.എസ്. 46 മുതല്‍ 56 വരെയും ബി.ജെ.പി. 4 മുതല്‍ 9 സീറ്റുകള്‍ വരെയും നേടും. എ.ഐ.എം.ഐ.എമ്മിന് അഞ്ചുമുതല്‍ ഏഴുവരെയും സീറ്റുകള്‍ പ്രവചിക്കുന്നു.
റിപ്പബ്ലിക് ടി.വി.യുടെ മാട്രൈസ് എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് കോണ്‍ഗ്രസ് 58 മുതല്‍ 68 സീറ്റുകള്‍ വരെ നേടും. ബി.ആര്‍.എസ്. 46 മുതല്‍ 56 വരെയും ബി.ജെ.പി. 4 മുതല്‍ 9 വരെയും എ.ഐ.എം.ഐ.എം. 5 മുതല്‍ ഏഴുവരെ സീറ്റുകളും നേടും.
അതേസമയം 68 സീറ്റുകള്‍ നേടി ബി.ആര്‍.എസ്. വന്‍ വിജയം കൈവരിക്കുമെന്നാണ് ടെന്‍ത് ടി.വി.യുടെ എക്‌സിറ്റ് പോള്‍ പ്രവചനം. 38 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പറയുന്നത്. ബി.ജെ.പി. അഞ്ചിലൊതുങ്ങുമ്പോള്‍ എ.ഐ.എം.ഐ.എം. ഏഴു സീറ്റുകള്‍വരെ നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു. ടൈംസ് നൗ ബി.ആര്‍.എസിന് നല്‍കുന്നത് 66 സീറ്റുകളാണ്. കോണ്‍ഗ്രസിന് 37-ഉം ബി.ജെ.പി.ക്ക് ഏഴും സീറ്റുകള്‍ നല്‍കുന്നു. മറ്റുള്ളവര്‍ക്ക് 9 സീറ്റുകള്‍ എന്നും ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു.
ചാണക്യയുടെ വിലയിരുത്തല്‍ പ്രകാരം കോണ്‍ഗ്രസ് അധികാരത്തിലെത്തും. 67 മുതല്‍ 78 വരെ സീറ്റുകള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേടുമെന്നാണ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. 22 മുതല്‍ 31 വരെ സീറ്റുകളിലായിരിക്കും ബി.ആര്‍.എസിന്റെ മുന്നേറ്റം. ബി.ജെ.പി. ആറുമുതല്‍ ഒന്‍പത് സീറ്റുകള്‍ വരെ നേടും. എ.ഐ.എം.ഐ.എമ്മിന് 6-7 സീറ്റുകളും പ്രവചിക്കുന്നു.
ഇന്ത്യാ ടി.വി.യും കോണ്‍ഗ്രസിനു തന്നെയാണ് പ്രവചിക്കുന്നത്. 63 മുതല്‍ 79 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടും. ബി.ആര്‍.എസ്. 31-47. രണ്ട് മുതല്‍ നാലുവരെ സീറ്റുകള്‍ ബി.ജെ.പി.ക്കും 5 മുതല്‍ ഏഴുവരെ സീറ്റുകള്‍ എ.ഐ.എം.ഐ.എമ്മിനും പ്രവചിക്കുന്നു.
ജന്‍ കി ബാത്തിന്റെ നിരീക്ഷണ പ്രകാരം 48 മുതല്‍ 64 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. 40 മുതല്‍ 55 വരെ സീറ്റുകളാണ് ബി.ആര്‍.എസിന് പ്രതീക്ഷിക്കുന്നത്. ബി.ജെ.പി. ഏഴ് മുതല്‍ 13 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു. അതിനിടെ എ.ഐ.എം.ഐ.എം. നാലുമുതല്‍ ഏഴുവരെ സീറ്റുകള്‍ നേടുമെന്നും പ്രവചനമുണ്ട്.
119 നിയമസഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 60 സീറ്റുകളെങ്കിലും വേണം കേവല ഭൂരിപക്ഷത്തിന്. ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. ചില ഫലങ്ങള്‍ ബി.ആര്‍.എസിനും കേവല ഭൂരിപക്ഷം പ്രഖ്യാപിക്കുന്നു. കേവല ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം, ബി.ജെ.പി.യുടെയും എ.ഐ.എം.ഐ.എമ്മിന്റെയും വിജയങ്ങള്‍ നിര്‍ണായകമാകും. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുതവണയും ബി.ആര്‍.എസായിരുന്നു അധികാരത്തിലിരുന്നത്. മൂന്നാമൂഴത്തില്‍ ബി.ആര്‍.എസ്. ഉണ്ടാവുമോ അതോ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കുമോ എന്നത് കണ്ടറിയണം. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
Content Highlights: exit poll result, five state elections 2023, telengana