ചന്ദ്രശേഖരറാവുവിന് തിരിച്ചടി; തെലങ്കാനയിൽ കർഷകർക്കുള്ള സഹായധനവിതരണം നിർത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ

K Chandrasekhar Rao | Photo: ANI
K Chandrasekhar Rao | Photo: ANI

ഹൈദരാബാദ്: റെയ്ത്തബന്ധു പദ്ധതി അനുസരിച്ച് റാബികൃഷിക്ക് നൽകുന്ന സഹായധനവിതരണം നിർത്തിെവക്കാൻ തെലങ്കാന സർക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ. പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നവംബർ 30-നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.

സർക്കാർ ചില നിബന്ധനകൾ പാലിച്ചാൽ പദ്ധതി തുടരാമെന്ന് നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയിരുന്നു. പുതിയ ഗുണഭോക്താക്കളെ ചേർക്കരുതെന്നും പദ്ധതിക്ക് പരസ്യം നൽകരുതെന്നും വിതരണവിഷയത്തിൽ രാഷ്ട്രീയ നേതാക്കൾ പങ്കാളികളാകരുതെന്നും നിർദേശിച്ചിരുന്നു.

സഹായധനം തിരഞ്ഞെടുപ്പിനുമുമ്പ്‌ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ധനമന്ത്രി ടി. ഹരീഷ് റാവു നടത്തിയ പ്രസ്താവന മാധ്യമങ്ങളിൽ വന്നതിനെക്കുറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്.) സ്ഥാനാർഥിയായ ഹരീഷ് റാവു പെരുമാറ്റച്ചട്ടവും കമ്മിഷന്റെ നിർദേശവും ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറെ അറിയിച്ചു.

കർഷകർക്ക് സഹായധനം ലഭിക്കുന്നതിനെതിരേ കോൺഗ്രസ്‌ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് നടപടിയെന്ന് മന്ത്രി ഹരീഷ് റാവു ആരോപിച്ചു. നേരത്തെ സഹായവിതരണത്തിന് കമ്മിഷൻ അനുമതി നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കെ.സി.ആർ. നയിക്കുന്ന പാർട്ടിയുടെ തെറ്റായ നടപടികൾക്കുള്ള തിരിച്ചടിയാണിതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

തെലങ്കാനയിൽ പരസ്യംവേണ്ട: കര്‍ണാടക സര്‍ക്കാരിനും നിര്‍ദേശം

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലങ്കാനയിലെ പത്രങ്ങളിൽ പരസ്യം നൽകുന്നത് നിർത്തണമെന്ന് കർണാടക സർക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് നിയമപ്രകാരം മുൻകൂർ അനുമതി വാങ്ങാത്തതിന് സർക്കാരിനോട് കമ്മിഷൻ വിശദീകരണം തേടി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനുമുമ്പ് വിശദീകരണം നൽകണമെന്നാണ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നത്.

തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ പരസ്യം തെലങ്കാനയിൽ പ്രസിദ്ധീകരിക്കുന്നത് എന്ന് കാണിച്ച് ബി.ജെ.പി. കമ്മിഷന് പരാതി നൽകിയിരുന്നു. ബി.ആർ.എസും ഇതേ ആക്ഷേപവുമായി കമ്മിഷനെ സമീപിച്ചിരുന്നു.

Content Highlights: Election Commission to stop disbursement of subsidy to farmers in Telangana