വാർ റൂം തുറന്ന് രേവന്ത്

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയെന്നാണ് രേവന്ത് റെഡ്ഡിയെ കോൺഗ്രസ് പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ കാമാറെഡ്ഡിയിലെത്തി നേരിടാൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ തയ്യാറായത് താൻ മുഖ്യമന്ത്രിസ്ഥാനാർഥിയാണെന്ന് പ്രഖ്യാപിക്കാൻകൂടിയാണ്. മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന രണ്ടുപേർ മത്സരിക്കുന്നതുകൊണ്ട് ഈ തിരഞ്ഞെടുപ്പിലെ താരമണ്ഡലമാണ് സിദ്ദിപ്പേട്ട് ജില്ലയിലെ കാമാറെഡ്ഡി.
‘‘ഇവിടത്തെ വോട്ടർമാർ കെ.സി.ആറിന്റെ രാഷ്ട്രീയ അന്ത്യം കുറിക്കും’’ -കഴിഞ്ഞദിവസം കാമാറെഡ്ഡിയിൽ റാലിയെ അഭിസംബോധനചെയ്തുകൊണ്ട് രേവന്ത് പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധിക്കൊപ്പമെത്തിയ രേവന്തിനെ സ്വീകരിക്കാൻ പതിനായിരങ്ങളാണ് ആവേശപൂർവം കാത്തുനിന്നത്. സംസ്ഥാനത്ത് കോൺഗ്രസിന്റെ താരപ്രചാരകൻകൂടിയായതുകൊണ്ട് രേവന്തിന് സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിന് അധികം സമയം കിട്ടുന്നില്ല. ‘‘വീടുകയറിയുള്ള പ്രചാരണത്തിലാണ് ഞങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. നല്ല പ്രതികരണമാണ്.’’ -പട്ടണത്തിലെ കോൺഗ്രസ് ഓഫീസിൽവെച്ചുകണ്ടപ്പോൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹി സന്ദീപ് വംഗാല പറഞ്ഞു. കാലിഫോർണിയയിൽ ജോലിചെയ്യുന്ന സന്ദീപ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കാൻ അവധിയെടുത്ത് നാട്ടിൽ വന്നിരിക്കുകയാണ്. ഒപ്പം ബെംഗളൂരുവിൽനിന്നുള്ള യുവാക്കളുമുണ്ട്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ഇവർ പ്രൊഫഷണൽ രൂപംനൽകുന്നു.
സംസ്ഥാന കോൺഗ്രസ് ആസ്ഥാനമായ ഗാന്ധിഭവനിലും മണ്ഡലങ്ങളിലും പ്രചാരണപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് പാർട്ടിയുടെ വാർ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ഗാന്ധിഭവനിൽ ഒരു നിലയിൽ മുഴുവനായി വ്യാപിച്ചുകിടക്കുന്ന വാർ റൂം കണ്ടാൽ ഏതോ ബഹുരാഷ്ട്ര ഐ.ടി. കമ്പനിയുടെ ഓഫീസ് ആണെന്നേ തോന്നൂ. കർണാടകയിൽ വിജയംകണ്ട തന്ത്രങ്ങളാണ് തെലങ്കാനയിൽ കോൺഗ്രസ് പരീക്ഷിക്കുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അഞ്ചുമന്ത്രിമാരും 40 എം.എൽ.എ.മാരും അവിടെനിന്നുള്ള നൂറുകണക്കിന് പ്രവർത്തകരും പ്രചാരണരംഗത്തുണ്ട്. അവിടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ എങ്ങനെയാണ് നടപ്പാക്കിയതെന്ന് അവർ വോട്ടർമാരോട് വിശദീകരിക്കുന്നു. തെലങ്കാന സർക്കാരിന്റെ മുഴുപ്പേജ് പരസ്യങ്ങൾക്കൊപ്പം ഭരണനേട്ടങ്ങൾ വിവരിച്ച് കർണാടക സർക്കാരിന്റെ പരസ്യങ്ങളും പത്രങ്ങളിൽ ഇടംപിടിക്കുന്നു. ഡിസംബർ ഒമ്പതിന് സോണിയാഗാന്ധിയുടെ ജന്മദിനത്തിൽ തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ അധികാരമേൽക്കുമെന്നാണ് കഴിഞ്ഞദിവസം ഡി.കെ. ശിവകുമാർ അവകാശപ്പെട്ടത്. കോൺഗ്രസിന് 20 സീറ്റിൽക്കൂടുതൽ കിട്ടില്ലെന്ന് ബി.എസ്.ആർ. വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു പറഞ്ഞപ്പോൾ 80-ൽ ഒരു സീറ്റു കുറഞ്ഞാൽ പറയുന്ന ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നായിരുന്നു രേവന്തിന്റെ വെല്ലുവിളി.
തെലുഗുദേശംവിട്ട് 2017-ൽമാത്രം കോൺഗ്രസിലെത്തിയ രേവന്ത് റെഡ്ഡി നിലവിൽ മൽക്കജ്ഗിരിയിൽനിന്നുള്ള എം.പി.യാണ്. കെ.സി.ആറിനെ നേരിടാനുള്ള വ്യക്തിപ്രഭാവമൊന്നും അദ്ദേഹത്തിനില്ലെന്ന് ബി.ആർ.എസ്. പറയുന്നു. പക്ഷേ, പ്രബല റെഡ്ഡി വിഭാഗത്തിന്റെ പിന്തുണ ചെറിയകാര്യമല്ല.
അഞ്ചുതവണ എം.എൽ.എ.യായ ഗമ്പ ഗോവർധനെ മാറ്റിയാണ് രണ്ടാം മണ്ഡലമായി കുടുംബവേരുകളുള്ള കാമാറെഡ്ഡി കെ.സി.ആർ. തിരഞ്ഞെടുത്തത്. തന്റെ അമ്മയുടെ വീട് ഇവിടെയാണെന്നകാര്യം 40 വർഷം കഴിഞ്ഞാണ് കെ.സി.ആറിന് ഓർമവന്നത് എന്നാണ് രേവന്തിന്റെ പരിഹാസം. കെ.സി.ആർ. വരുന്നു എന്നറിഞ്ഞതോടെ രേവന്തും കാമാറെഡ്ഡിയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർഥിയാവുമെന്ന് കരുതിയിരുന്ന മുൻ മന്ത്രി മുഹമ്മദലി ഷബ്ബീറിന് നിസാമാബാദ് അർബനിലേക്ക് മാറേണ്ടിവന്നു. ബി.ജെ.പി.യുടെ കാട്ടിപ്പള്ളി വെങ്കട രമണയും മത്സരരംഗത്തുണ്ട്. കാമാറെഡ്ഡിയിൽ ജയം എളുപ്പമല്ലാത്തതുകൊണ്ട് രേവന്ത് റെഡ്ഡി കോഡങ്കലിലും മത്സരിക്കുന്നു. ആകെ നടന്ന 17 തിരഞ്ഞെടുപ്പുകളിൽ ഒമ്പതുതവണയും കോൺഗ്രസ് ജയിച്ച മണ്ഡലമാണ് കാമാറെഡ്ഡി. പക്ഷേ, കഴിഞ്ഞതവണ ബി.ആർ.എസിനായിരുന്നു ജയം. കോൺഗ്രസിന്റെ മണ്ഡലമായിരുന്ന കോഡങ്കലിൽ കഴിഞ്ഞതവണ 9319 വോട്ടിനാണ് ബി.ആർ.എസ്. ജയിച്ചത്.
വിമതപ്രശ്നമൊന്നുമില്ലാതെയാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതാണ് കോൺഗ്രസിന്റെ ഏറ്റവുംവലിയ ആശ്വാസം. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടപെട്ടാണ് വിമതരെ പിന്തിരിപ്പിച്ചത്. ടിക്കറ്റ് കിട്ടാത്തവരാരും മറ്റുപാർട്ടികളിലേക്കു പോയില്ലെന്നുമാത്രമല്ല, ബി.ജെ.പി.യിലായിരുന്ന നടി വിജയശാന്തിയെപ്പോലെ പലരും തിരഞ്ഞെടുപ്പുവേളയിൽ കോൺഗ്രസിലെത്തുകയും ചെയ്തു. കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെലങ്കാന തിരഞ്ഞെടുപ്പിൽ എ.ഐ.സി.സി.യുടെ പ്രത്യേക നിരീക്ഷകനാണ്. തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്ണുനാഥ് ആഴ്ചകളായി സംസ്ഥാനത്തുണ്ട്.
Content Highlights: edit page telangana election revanth reddy