അവിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസം 5000, ഗാര്‍ഹിക സിലിണ്ടറിന് 400; പ്രകടനപത്രിക പുറത്തിറക്കി BRS

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു | Photo:PTI
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു | Photo:PTI

ഹെെദരാബാദ്: തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി ബി.ആർ.എസ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് പാർട്ടിയുടെ പ്രകടന പത്രിക അവതരിപ്പിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നതാണ് പത്രികയിലെ പ്രധാന വാ​ഗ്ദാനം. 

തെലങ്കാന അന്നപൂർണ പദ്ധതിക്ക് കീഴിലുള്ള എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പൊതുവിതരണ സംവിധാനത്തിലൂടെ സൂപ്പർഫൈൻ അരി വിതരണം ചെയ്യും. സൗഭാഗ്യ ലക്ഷ്മി പദ്ധതിക്ക് കീഴിൽ വരുന്ന അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ. പ്രായമായവർക്കും അവിവാഹിതരായ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമുള്ള ആസറ പെൻഷൻ തുക വർധിപ്പിക്കും. പ്രായമായവർക്കും അവിവാഹിതരായ സ്ത്രീകൾക്കും നിലവിൽ ലഭിക്കുന്ന 2016 രൂപയിൽ നിന്നും തുക 5000-ത്തിലേക്ക് ഘട്ടംഘട്ടമായി വർധിപ്പിക്കും. സമാനമായ രീതിയിൽ ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന തുക 3016-ൽ നിന്നും 6000 രൂപയിലേക്ക് ഉയർത്തും. 

ബിപിഎൽ കുടുംബങ്ങൾക്ക് ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ 400 രൂപയ്ക്ക് നല്‍കുമെന്നും കെ.സി.ആർ പറഞ്ഞു. അംഗീകൃത പത്രപ്രവർത്തകർക്കും ഇതേ ആനുകൂല്യം ലഭിക്കും. ആരോഗ്യ ശ്രീ പദ്ധതിക്ക് കീഴിൽ ചികിത്സയ്ക്കായി പത്രപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന പരിരക്ഷ 15 ലക്ഷം രൂപയായി ഉയർത്തും. സാധാരണക്കാർക്ക് വീടുകൾ അനുവദിക്കുന്ന പദ്ധതികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സംവരണേതര വിഭാഗക്കാര്‍ക്കായി 119 നിയോജക മണ്ഡലങ്ങളിലും ഓരോ റസിഡൻഷ്യൽ സ്‌കൂൾ ആരംഭിക്കും. ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി നടപ്പാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കും. സർക്കാർ അനുവ​ദിച്ച ഭൂമിയിൽ കഴിയുന്നവർക്ക്  ഭൂമിയുടെ മേൽ സമ്പൂർണ അവകാശം നൽകുമെന്നും ബിആർഎസ് പ്രകടനപത്രിക ഉറപ്പുനൽകുന്നു.

Content Highlights: BRS has released its manifesto ahead of the Telangana elections