രാജസ്ഥാന്‍: രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംനേടി വസുന്ദര, ഝല്‍റാപട്ടനില്‍ മത്സരിക്കും

വസുന്ധര രാജെ | Photo: PTI
വസുന്ധര രാജെ | Photo: PTI

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രണ്ടാഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 83 സ്ഥാനാര്‍ഥികളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും പട്ടികയിലുണ്ട്. ഝല്‍റാപട്ടന്‍ മണ്ഡലത്തില്‍നിന്ന് രാജെ ജനവിധി തേടും. 41 സ്ഥാനാര്‍ഥികളുടെ ആദ്യപട്ടികയില്‍ വസുന്ധരയ്ക്ക് സ്ഥാനം ലഭിക്കാതിരുന്നത് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഒറ്റപ്പെട്ട പ്രതിഷേധങ്ങളുമുയര്‍ന്നു.

എന്നാല്‍, കാത്തിരിക്കാനാണ് വസുന്ധരപക്ഷക്കാരോട് പാര്‍ട്ടിനേതൃത്വം നിര്‍ദേശിച്ചിരുന്നത്. ബി.ജെ.പി.യുടെ ദേശീയ ഉപാധ്യക്ഷകൂടിയായ വസുന്ധര 2003, 2008, 2013, 2018 വര്‍ഷങ്ങളില്‍ ഝല്‍റാപട്ടന്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്തും വസുന്ധര രാജെയും തമ്മിലുള്ള പോരാട്ടമായി അവതരിപ്പിക്കുന്നതിനോട് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് യോജിപ്പില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസും തമ്മിലുള്ള പോരായിട്ടായിരിക്കും ബി.ജെ.പി. തിരഞ്ഞടുപ്പ് നേരിടുക. അതുകൊണ്ടുതന്നെയാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തി വസുന്ധരയ്ക്ക് മേല്‍ക്കൈ ലഭിക്കുന്നത് ഒഴിവാക്കിയതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Content Highlights: Vasundhara Raje in second list of Rajasthan candidates