'ടോംക് സവായ് മാധോപുരിൽ ഞാൻ ചരിത്രം സൃഷ്ടിക്കും...'; രാഷ്ട്രീയത്തിരക്കിൽ ടിക്കാറാം മീണ

#ജയ്പുരിൽനിന്ന് പ്രകാശൻ പുതിയേട്ടി
ടിക്കാറാം മീണ, രാജസ്ഥാനിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം | Photo: ANI
ടിക്കാറാം മീണ, രാജസ്ഥാനിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം | Photo: ANI

കൃഷിയിടങ്ങളിൽ രജപുത്രജന്മിമാർക്കായി ഒരുനേരത്തെ ആഹാരത്തിന് ജീവിതം ഹോമിക്കേണ്ടിവന്ന ആദിവാസിജീവിതങ്ങളായിരുന്നു രാജസ്ഥാനിലെ മീണമാരുടേത്. മീണമാരിലൊരാൾ ഐ.എ.എസുകാരനായി. ആളെ നാമറിയും. ടിക്കാറാം മീണ. കേരളത്തിന്റെ ചീഫ് ഇലക്‌ഷൻ കമ്മിഷണർ. വിരമിച്ച്, രാജസ്ഥാനിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായ മീണ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ കോ-കൺവീനറാണ്.

ടോംക്‌ സവായ് മാധോപുർ ലോക്‌സഭാ മണ്ഡലത്തിലാണ് മീണയുടെ വീട്. രാഷ്ട്രീയത്തിരക്കായതിനാൽ ജയ്‌പുരിനടുത്ത ജഗദ്പുരയിൽ സഹോദരിയുടെ വീട്ടിലാണിപ്പോൾ താമസം.

സവായ് മധോപുരിൽ ജന്മിത്വത്തിനെതിരേ പോരാടിയ കോൺഗ്രസുകാരനായ സ്വാതന്ത്ര്യസമര സേനാനി ജയ്‌റാം മീണ പട്ടേലിന്റെ ആറുമക്കളിൽ നാലാമനാണ് ടിക്കാറാം. രണ്ടുസഹോദരിമാർ സ്കൂളിന്റെ പടികണ്ടിട്ടില്ല. ആൺമക്കളിൽ മൂത്തയാൾ രത്തൻലാൽ ഐ.പി.എസായി. നാലാമൻ പഠിപ്പിനിറങ്ങിയതോടെ സാമ്പത്തികപ്രശ്നംകാരണം മറ്റു രണ്ടാൺമക്കളും പഠനംനിർത്തി. ഡൽഹിയിൽ ഡിഗ്രി പഠനത്തിനെത്തിയ ടിക്കാറാം ഐ.എ.എസുകാരനായി. പഠിക്കാത്ത സഹോദരങ്ങളിലൊരാളായ രംഗ്‌ലാൽ കോൺഗ്രസ് രാഷ്ട്രീയത്തിലൂടെ രണ്ടുതവണ ജില്ലാപഞ്ചായത്ത് കൗൺസിലറായി. ടിക്കാറാം മീണയുമായുള്ള അഭിമുഖത്തിൽനിന്ന്.

?താങ്കൾ ഒരഭിമുഖത്തിൽ പറഞ്ഞത് കുടുംബതീരുമാനപ്രകാരം സഹോദരൻ രാഷ്ട്രീയം ഉപേക്ഷിച്ചു എന്നാണ്. പിന്നെന്താണ് താങ്കൾ രാഷ്ട്രീയത്തിലേക്ക് വന്നത്

ഇത് സവായ് മധോപുരിലെ ജനങ്ങളുടെ ആഗ്രഹമാണ്. ഞാൻ 30 വർഷമായി മൗനമായി പൊതുപ്രവർത്തനരംഗത്തുണ്ട്. ഒരുവർഷമായി സവായ് മധോപുരിലും ദൗസയിലും ജയ്‌പുരിലും മോട്ടിവേഷണൽ സ്പീക്കറുമാണ്. ആയിരക്കണക്കിന് ചെറുപ്പക്കാരുമായി അങ്ങനെ ബന്ധംസ്ഥാപിച്ചു. എന്റെയും കുടുംബത്തിന്റെയും സ്വാധീനം അറിയാവുന്ന കോൺഗ്രസ്, ബി.ജെ.പി. നേതാക്കൾ ഒരുപോലെ സമീപിച്ചിരുന്നു. വേരുകൾ പരിഗണിച്ച് ഡൽഹിയിൽപ്പോയി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ടു. ഞാൻ ഗഹ്‌ലോത്-പൈലറ്റ് ഗ്രൂപ്പിലില്ല, ഹൈക്കമാൻഡ് ഗ്രൂപ്പിലാണ്. വേണുഗോപാലും ഹൈക്കമാൻഡും പറഞ്ഞാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ടോംക്‌ സവായ് മധോപുരിൽ മത്സരിക്കും.

?അതിനാലാണോ നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. പാർട്ടി അധികാരത്തിൽ വന്നാൽ മറ്റെന്തെങ്കിലും പദവി സ്വീകരിക്കുമോ

നിയമസഭാ കാര്യത്തിൽ എനിക്ക് വാഗ്ദാനം തന്നിട്ടില്ല; ശ്രമിച്ചിട്ടുമില്ല. ലോക്‌സഭയിലേക്ക് ശ്രമിക്കാനാണ് പാർട്ടി പറഞ്ഞത്. നിയമസഭയിലേക്ക് നല്ല സ്ഥാനാർഥിയെ കിട്ടിയില്ലെങ്കിൽ ഒന്ന് തയ്യാറായി ഇരിക്കണമെന്നുമാത്രം പറഞ്ഞു. പാർട്ടിയുടെ ആശീർവാദം ലോക്‌സഭയിൽ ഉണ്ടായിരിക്കുമെന്നാണ് ശുഭാപ്തിവിശ്വാസം.

?ടോംക് സവായ് മാധേപുർ ബി.ജെ.പി. കഴിഞ്ഞ രണ്ടുതവണയായി ഒരുലക്ഷത്തിലധികം വോട്ടുനേടിയാണ് ജയിച്ചത്. താങ്കൾ വരുമ്പോൾ എന്തുമാറ്റമാണുണ്ടാകുക

പാർട്ടി അവസരംതന്നാൽ ടോംക്‌ സവായ് മധോപുരിൽ ബി.ജെ.പി.യുടെ ഗതികേടാവും. വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞാൽ 12 മണിയോടെത്തന്നെ അവരുടെ കെട്ടിവെച്ച തുക പോയതറിയാം. എനിക്ക് ടിക്കറ്റ് ലഭിച്ചാൽ ഏതു നേതാവിനെ ബി.ജെ.പി. കൊണ്ടുവന്നാലും ഇന്ത്യയിൽ എവിടെയുമില്ലാത്ത രീതിയിൽ 200 ശതമാനം തോൽക്കും. മീണ, ഗുജ്ജർ, ബനിയ, രാജ്പുത്, എസ്.സി., എസ്.ടി. എല്ലാവരും ജാതിനോക്കാതെ വോട്ടുനൽകും. രാംവിലാസ് പസ്വാനാണ് അഞ്ചുലക്ഷത്തിലധികം വോട്ടിന് ഇന്ത്യയിൽ ജയിച്ച് റെക്കോഡിട്ടത്. ഞാൻ ഏഴുലക്ഷത്തിലധികം വോട്ടിന് ജയിക്കും.

?തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ കോ-കൺവീനറാണല്ലോ. എന്തൊക്കെ ആശയങ്ങളാണ് മുന്നോട്ടുവെച്ചത്

കേരളമടക്കമുള്ള സ്ഥലങ്ങളിലെ നല്ലരീതികൾ മുന്നോട്ടുവെച്ചു. കേരള മോഡൽ എന്നു ഞാൻ പറഞ്ഞത് എൽ.ഡി.എഫിനെ പ്രശംസിച്ചു എന്നാക്കി ചിലർ ദുർവ്യാഖ്യാനംചെയ്തു. കേരള മോഡൽ എനിക്ക് കേരളജനത കഴിഞ്ഞ 40-50 വർഷമായി ആരോഗ്യം, വിദ്യാഭ്യാസം, മാനുഷിക വികസനം, പഞ്ചായത്തീരാജ്, ശുചിത്വം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടമാണ്. അതിന് എല്ലാവർക്കും ഒരുപോലെ പങ്കുണ്ട്. കേരളത്തെപ്പോലെ ജനങ്ങൾ ഇവിടെയും സാക്ഷരരായിരിക്കണം.

?താങ്കൾ പിണറായിയെ പ്രശംസിച്ചും ആന്റണിയെ എതിർത്തും പറഞ്ഞില്ലേ

ഞാൻ ആന്റണിക്കെതിരേ ഒന്നും പറഞ്ഞില്ല. പിണറായിയെ പുകഴ്ത്തിയിട്ടുമില്ല. ഭരണത്തിലിരിക്കുമ്പോൾ എനിക്ക് ലഭിച്ചിട്ടുള്ള അനുഭവം വെച്ചിട്ട് ഞാൻ ചില കാര്യങ്ങൾ ആത്മകഥയിലും എഴുതി. വിരമിച്ചാൽ ഞാൻ സർക്കാർ ഉദ്യോഗസ്ഥനല്ല. വ്യക്തിപരമായി സ്വാതന്ത്ര്യമെടുക്കാനും അഭിപ്രായംപറയാനും സ്വാതന്ത്ര്യം അവിടെയുണ്ട്. രാഷ്ട്രീയത്തിലിറങ്ങിയാലാണ്‌ രാഷ്ട്രീയനിലപാട് നാം സ്വീകരിക്കുന്നത്. കോൺഗ്രസാണ് രാജ്യത്തിന്റെ ഭാവിക്കുവേണ്ടത്. ബി.ജെ.പി. ഭരണം ഏകാധിപത്യത്തിന്റേതാണ്.

Content Highlights: rajasthan election tikaram meena busy with congress work