മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും, വ്യക്തിയല്ല പാർട്ടിയാണ് വലുത് - സച്ചിൻ പൈലറ്റ്

#ടോംകിൽനിന്ന് പ്രകാശൻ പുതിയേട്ടി
സച്ചിൻ പൈലറ്റ് (ഫയൽ ചിത്രം) | Photo: PTI
സച്ചിൻ പൈലറ്റ് (ഫയൽ ചിത്രം) | Photo: PTI

പ്രചാരണകേന്ദ്രങ്ങളിൽനിന്ന് പ്രചാരണകേന്ദ്രങ്ങളിലേക്ക് പായുകയാണ് കോൺഗ്രസ് പ്രവർത്തകസമിതി അംഗം സച്ചിൻ പൈലറ്റ്. മറ്റുസംസ്ഥാനങ്ങളിലെ പ്രചാരണത്തിന് ഇടയ്ക്കിടെ പോകേണ്ടതിനാൽ രാജസ്ഥാനിലെ സ്വന്തം മണ്ഡലമായ ടോംകിൽ മുൻ പി.സി.സി. അധ്യക്ഷനായ പൈലറ്റിന് കിട്ടുന്നത് വളരെ കുറച്ചുദിവസങ്ങൾ. സമയം കാര്യക്ഷമമായി ഉപയോഗിക്കാൻ ഓരോയിടത്തും പ്രസംഗം രണ്ടുമിനിറ്റുമാത്രം. പൊതുയോഗങ്ങൾ അഞ്ചുമിനിറ്റിൽ പൂർത്തിയാക്കി അടുത്ത കേന്ദ്രത്തിലേക്ക്. പൈലറ്റിനെ കൈയിലാക്കാൻ പിന്നാലെ വെച്ചുപിടിച്ചെങ്കിലും ഓരോയിടത്തെത്തുമ്പോഴും അടുത്ത സ്ഥലത്തേക്ക് പോയിരിക്കും. പ്രൈവറ്റ് സെക്രട്ടറി നിരഞ്ജൻസിങ് വാട്‌സാപ്പിൽ ലൊക്കേഷനിട്ട്‌ മടുത്തപ്പോൾ വിളിച്ചു: “ഗാംസ്ഡിയിലെ ലവാദാർ പഞ്ചായത്തോഫീസിനടുത്തേക്ക്‌ പോകൂ. അവിടേക്ക് വരുന്നുണ്ട്.”

കഴിഞ്ഞതവണ സച്ചിൻ പൈലറ്റ് 54,179 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് ടോംക് സീറ്റ് ബി.ജെ.പി.യിൽനിന്ന് പിടിച്ചെടുത്തത്. പൈലറ്റിന്റെ സമുദായമായ ഗുജ്ജർ, മുസ്‌ലിം, മാലീസ് (പൂക്കളും പച്ചക്കറിയും കൃഷിചെയ്യുന്നവർ), മീണ (പട്ടികവർഗം), പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ടവരാണ് ടോംകിൽ കൂടുതൽ.

ലവാദാറിലെ റാംദേവ്ജി ക്ഷേത്രത്തിനുമുന്നിൽ സ്ത്രീകളും കുട്ടികളും യുവാക്കളും വയോധികരും അടങ്ങുന്ന പത്തഞ്ഞൂറുപേർ നട്ടുച്ചനേരത്തെ കൊടുംവെയിലിലും പൈലറ്റിനെ കാത്തിരിക്കുന്നു. ക്ഷേത്രത്തിനുമുന്നിൽ പൈലറ്റിന് സംസാരിക്കാനായി ചെറിയ സ്റ്റേജ്. എല്ലാവർക്കും നൽകാനായി എൺപത് കിലോ ലഡു സർപഞ്ച് എത്തിച്ചിരിക്കുന്നു. പൈലറ്റ്‌ എത്തിയയുടൻ നാട്ടുകാർ ആചാരപൂർവം തലപ്പാവ് കെട്ടിക്കൊടുത്തു. കോൺഗ്രസ് സർക്കാർ മറ്റെല്ലായിടത്തും വരുമെന്നും രാജസ്ഥാനിലും വരാൻപോവുകയാണെന്നും പൈലറ്റ്‌. വയലിൽ പണിക്കുപോകുന്നതുപോലും മാറ്റിവെച്ച് കൈപ്പത്തിക്ക് വോട്ടുചെയ്യുമെന്ന് ഒന്നുരണ്ടുസ്ത്രീകൾ വിളിച്ചുപറഞ്ഞു. ഇതോടെ എല്ലാവരും കൈയടിച്ച് പൈലറ്റിന് ജയ് വിളിച്ചു.

തിരക്കിനിടയിലും സച്ചിൻ പൈലറ്റ്‌ ഗ്രാമീണരെയും അടുത്തിരുത്തി മാതൃഭൂമിയുമായി സംസാരിക്കാൻ സമയം കണ്ടെത്തി.

മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും

?പി.സി.സി. അധ്യക്ഷനെന്നനിലയിൽ 2018-ൽ കോൺഗ്രസിനെ വിജയത്തിലെത്തിക്കാൻ താങ്കൾ പ്രയത്നിച്ചു. ഇത്തവണയും രാജസ്ഥാനിലെ താരപ്രചാരകനാണ്. എത്രത്തോളമാണ് പ്രതീക്ഷ

= 21 എം.എൽ.എ.മാർമാത്രമായി 2013-ൽ കോൺഗ്രസ് ദയനീയമായാണ് പരാജയപ്പെട്ടത്. ആ സമയമാണ് സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എന്നെ സംസ്ഥാന അധ്യക്ഷനാക്കുന്നത്. അഞ്ചുവർഷം ഞാൻ എല്ലാവരെയും ഒന്നിപ്പിച്ച് പ്രയത്നിച്ചു. എം.എൽ.എ.മാരുടെ എണ്ണം 21-ൽനിന്ന് 100 ആക്കാൻ പറ്റി. പ്രവർത്തകരുടെയും നേതാക്കളുടെയും കഠിനപ്രയത്നം അതിനാവശ്യമായിവന്നു. അഞ്ചുവർഷംകൂടുമ്പോൾ സർക്കാരിനെ മാറ്റുന്ന രീതിയാണ്‌ രാജസ്ഥാനുള്ളത്. ഇത്തവണ അത് മാറും. കർണാടകത്തിലും ഹിമാചൽപ്രദേശിലുമെല്ലാം നേടിയ വൻവിജയം ഇവിടെയും സ്വാധീനിക്കും.

?താങ്കളുടെ കഠിനപ്രയത്നം വിജയത്തിലേക്ക് നയിച്ചെങ്കിലും താങ്കൾ കഴിഞ്ഞതവണ മുഖ്യമന്ത്രിയായില്ല

= കോൺഗ്രസിൽ ഒരു വ്യക്തിക്കും അങ്ങനെ തീരുമാനിക്കാനാവില്ല. ഇത് പ്രാദേശികപാർട്ടിയല്ല. ഒരു വ്യക്തിയിലധിഷ്ഠിതമായ പാർട്ടിയുമല്ല, ദേശീയപ്പാർട്ടിയാണ്. തിരഞ്ഞെടുപ്പിൽ ഐക്യത്തോടെ പോരാടും. ജനവിധി അനുകൂലമായാൽ എം.എൽ.എ.മാരും എ.ഐ.സി.സി.യും കാര്യങ്ങൾ തീരുമാനിക്കും. ഹൈക്കമാൻഡ് കഴിഞ്ഞതവണ നേതാവിനെ തീരുമാനിക്കാൻ ഒരൊറ്റവരിപ്രമേയം എം.എൽ.എ.മാർ പാസാക്കി. ഇത്തവണയും അതാണുണ്ടാവുക.

?അഞ്ചുവർഷമായി സ്വന്തം സർക്കാരിനെതിരേ താങ്കൾ ഒട്ടേറെ വിഷയങ്ങൾ ഉന്നയിച്ചു. പി.എസ്.സി. ചോദ്യപ്പേപ്പർ ചോർച്ചയുൾപ്പെടെ. എല്ലാം പരിഹരിക്കപ്പെട്ടോ

= നിയമനമാകട്ടെ, പരീക്ഷകളാകട്ടെ, ആനുകൂല്യങ്ങളാകട്ടെ... യുവാക്കളുടെ ജീവിതംവെച്ച് കളിക്കുന്നതിനെ ഞാൻ ഏതു പാർട്ടി അധികാരത്തിലിരുന്നപ്പോഴും എതിർത്തിട്ടുണ്ട്. പ്രശ്നം ഉയർത്തിയപ്പോൾത്തന്നെ എ.ഐ.സി.സി. ക്രിയാത്മകമായി ഇടപെട്ടു. ചോദ്യപ്പേപ്പർചോർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിയമം പാസാക്കി

?കോൺഗ്രസിപ്പോൾ ജാതി സെൻസസ് വിഷയം ദേശീയതലത്തിൽ ഉയർത്തിയിരിക്കയാണ്. ഇത് രാജസ്ഥാനിൽ എത്രത്തോളം ഗുണംചെയ്യും.

= നമുക്ക് ജാതി സെൻസസ് വേണം. പ്രവർത്തകസമിതി ഏകകണ്ഠമായാണ് അത് ആവശ്യപ്പെട്ടത്. ജാതിസെൻസസ് മാത്രമാണ് ശാസ്ത്രീയമായും ക്യത്യമായും എത്രത്തോളം ജനങ്ങൾ ഏതൊക്കെ രീതിയിൽ ജീവിക്കുന്നുണ്ട് എന്ന്‌ കണ്ടെത്താനുള്ള മാർഗം.

?ഗഹ്‌ലോത്-പൈലറ്റ് പ്രശ്നങ്ങളൊക്കെ തീർന്നോ.

=(എന്താണ് ചോദിക്കുന്നതെന്ന് മനസ്സിലായോ എന്ന് ഗ്രാമീണരോട് ഹിന്ദിയിൽ അന്വേഷിച്ചുകൊണ്ട്) ഞങ്ങൾ തമ്മിൽ ഒരു തർക്കവുമില്ല. വ്യക്തിയുടെ പ്രശ്നങ്ങളല്ല, ജനങ്ങളുടെ പ്രശ്നങ്ങളാണ് ഞങ്ങൾ സംസാരിക്കുന്നത്. ഏതുവ്യക്തിയെക്കാളും വലുത് പാർട്ടിയാണ്. ഖാർഗെജിയും രാഹുൽജിയും എന്നോട് മറക്കാനും പൊറുക്കാനും മുന്നോട്ടുപോവാനും ആവശ്യപ്പെട്ടു. ഐക്യത്തോടെ പോരാടി തിരഞ്ഞെടുപ്പിൽ ജയിക്കും.

?കോൺഗ്രസ് സർക്കാർ വരുമെന്ന ആത്മവിശ്വാസത്തിലാണ് താങ്കൾ. അപ്പോൾ മുഖ്യമന്ത്രിത്തർക്കം വീണ്ടും ഉണ്ടാവുമോ

= ജനവിധി ലഭിച്ചാൽ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാവും. കോൺഗ്രസ് ഒരു സംസ്ഥാനത്തും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചല്ല തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജസ്ഥാനിലും അങ്ങനെത്തന്നെ.

Content Highlights: rajasthan election 2023 interview with sachin pilot