സഹായം വേണ്ടിവരുമെന്ന് തിരിച്ചറിവ്; ഇടവേളയ്ക്കുശേഷം മോദിയും വസുന്ധരയും ഒരേ വേദിയിൽ

ജയ്പുർ: ദീർഘകാലമായി ബി.ജെ.പി. നേതൃത്വവുമായി സ്വരച്ചേർച്ചയിലല്ലാതിരുന്ന രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധരാ രാജെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇടവേളയ്ക്കുശേഷം വീണ്ടും ഒരേ വേദിയിൽ. നിയമസഭാതിരഞ്ഞെടുപ്പിനു മുന്നോടിയായി ബാരൻ ജില്ലയിലെ ആന്റയിൽ നടന്ന റാലിയിലാണ് ഇരുനേതാക്കളും ഒരുമിച്ചത്.
മോദിയുഗം തുടങ്ങിയ ശേഷം രാജസ്ഥാനിൽ വസുന്ധരയുഗത്തിന് അസ്തമനകാലമായിരുന്നു. എന്നാൽ, ഇക്കുറി സംസ്ഥാനം പിടിക്കാൻ വസുന്ധരയുടെ സഹായം വേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ പാർട്ടി കേന്ദ്രനേതൃത്വം ഒടുവിൽ സ്ഥാനാർഥിത്വം അനുവദിക്കുകയായിരുന്നു.
പ്രചാരണസമ്മേളനവേദിയിൽ വസുന്ധര മോദിയെ വാഴ്ത്തിക്കൊണ്ടാണ് സംസാരിച്ചത്. അടുത്തവർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി ഹാട്രിക്ജയം നേടുന്നതിനായി രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു. രാജ്യം മുഴുവൻ മോദിയുടെ ശക്തി തിരിച്ചറിയുന്നുണ്ട്. ഇപ്പോൾ ലോകവും അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിക്കുകയാണെന്നും അവർ പറഞ്ഞു.
Content Highlights: PM Modi Vasundhara Raje Share Stage At Election Rally