കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ്; രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരണം പിൻവലിച്ച് ഗ്രാമവാസികൾ

ഡോ. രാജുനാരായണ സ്വാമി ഉദ്യോഗസ്ഥർക്കൊപ്പം
ഡോ. രാജുനാരായണ സ്വാമി ഉദ്യോഗസ്ഥർക്കൊപ്പം

ജയ്പൂര്‍: തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി രാജസ്ഥാനിലെ നയാജേട്ട് പുര ഗ്രാമവാസികൾ. കുടിവെള്ളത്തിന്റെ പേരിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഗ്രാമവാസികൾ ആഹ്വാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് നിരീക്ഷകൻ ഡോ. രാജുനാരായണ സ്വാമിയുടെ ഇടപെടലിലാണ് ഗ്രാമവാസികൾ ബഹിഷ്കരണത്തിൽ നിന്ന്‌ പിന്മാറിയത്.

പശ്ചിമരാജസ്ഥാനിലെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളമാണ്. മാറി മാറി വരുന്ന സർക്കാരുകൾ കുടിവെള്ളപ്രശ്നത്തിന് പരിഹാരംകാണാൻ യാതൊന്നും ചെയ്യുന്നില്ല എന്ന് ആരോപിച്ചായിരുന്നു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. തുടർന്ന് ഗ്രാമത്തിൽ നേരിട്ടത്തിയ തിരഞ്ഞെടുപ്പ് നിരീക്ഷകനായ രാജുനാരായണ സ്വാമി, ജില്ലാ കളക്ടർ മുഖേന രേഖാമൂലം ഉറപ്പ്നൽകിയതോടെയാണ് ബഹിഷ്കരണം പിൻവലിച്ചത്.

പട്ടികജാതിവിഭാഗത്തിൽപെട്ടവരാണ് ഗ്രാമത്തിൽ ഭൂരിഭാഗം ആളുകളും. അധികാരത്തിലെത്തുന്നത് ഏത് സർക്കാർ ആണെങ്കിലും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാം എന്നായിരുന്നു കളക്ടറുടെ ഉറപ്പ്. പ്രത്യേക വീഡിയോ കോൺഫറൻസ് മുഖേന സ്ഥലത്തെ സ്ഥിതിഗതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി. രാജുനാരായണ സ്വാമിയുടേയും കളക്ടർ നിഷാന്ദ് ജെയിനിന്റേയും റിട്ടേണിങ് ഓഫീസർ കുസുമലതയുടേയും നടപടിയിൽ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. 

Content Highlights: Nayajet village Rajasthan Election 2023