പ്രചാരണം അവസാനിച്ചു; രാജസ്ഥാൻ നാളെ ബൂത്തിലേക്ക്

ജയ്പുർ: ശനിയാഴ്ച പോളിങ് ബൂത്തിലേക്ക് പോകുന്ന രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച കൊട്ടിക്കലാശത്തോടെ സമാപിച്ചു. വെള്ളിയാഴ്ച മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നിശ്ശബ്ദപ്രചാരണത്തിലാവും സ്ഥാനാർഥികൾ.
കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ കനത്തപോരാട്ടം നടക്കുന്ന രാജസ്ഥാനിൽ കഴിഞ്ഞതവണത്തേതുപോലെ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നതിനുള്ള നിർണായക ശക്തിയാകാൻ ഒട്ടേറെ സ്വതന്ത്രരും രംഗത്തുണ്ട്. കോൺഗ്രസിന് ഭീഷണിയായി ഏഴും ബി.ജെ.പി.ക്ക് ഭീഷണിയായി 11-ഉം പേർ.
2018 തിരഞ്ഞെടുപ്പിൽ ആകെയുള്ള 200 സീറ്റിൽ 100 സീറ്റുമാത്രമാണ് കോൺഗ്രസ് നേടിയതെങ്കിലും അശോക് ഗഹ്‌ലോതിന് മുഖ്യമന്ത്രിയാവാൻ സാധിച്ചത് തിരഞ്ഞെടുക്കപ്പെട്ട 13 സ്വതന്ത്രരിൽ 10 പേരും പിന്തുണച്ചതിനാലാണ്. പി.സി.സി. അധ്യക്ഷനായിരുന്ന സച്ചിൻ പൈലറ്റ് ചെറുപ്പക്കാർക്ക് സ്ഥാനാർഥിത്വം നൽകാനായി സീറ്റ് നിഷേധിച്ചവരായിരുന്നു ഇവർ. ഗഹ്‌ലോത്-പൈലറ്റ് അധികാരത്തർക്കത്തിൽ സ്വതന്ത്രർ ഗഹ്‌ലോതിനെ പിന്തുണച്ചതോടെ പൈലറ്റിന്റെ മുഖ്യമന്ത്രിമോഹം പൊലിഞ്ഞു. ഇത്തവണ ഇങ്ങനെ സീറ്റുനിഷേധിക്കപ്പെട്ട ഏഴുപേർ വിമതരായി രംഗത്തുണ്ട്. ഇതിൽ നാലുപേർ ജയസാധ്യതയുള്ളവരുമാണ്.
മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തരായവർക്കടക്കം 11 പേർക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. പലരെയും വസുന്ധരതന്നെ സ്വതന്ത്രരായി നിർത്തിയെന്നാണ് അണിയറവർത്തമാനം. ആർക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയുണ്ടാവുകയാണെങ്കിൽ കഴിഞ്ഞതവണത്തേതുപോലെ ഇവരുടെ പിന്തുണ ആർക്ക് എന്നത് നിർണായകമാവും.
Content Highlights: Campaigning for crucial Rajasthan election ends voting tomorrow