പോരാട്ടത്തിനിടയിലും കേരളത്തെ മറക്കാതെ ഡോ. രേണു ജോഗി

ചങ്ങനാശ്ശേരി, കോട്ടയം, തിരുവനന്തപുരം, തൃപ്പൂണിത്തുറ... അരയ്ക്കുതാഴെ തളര്‍ന്ന അജിത് ജോഗിയെയുംകൊണ്ട് ആയുര്‍വേദചികിത്സയ്‌ക്കെത്തിയ സ്ഥലങ്ങള്‍ ഡോ. രേണു ജോഗി ഓര്‍ത്തെടുത്തത് കോട്ട മണ്ഡലത്തിലെ അമാനെ എന്ന ഉള്‍ഗ്രാമത്തില്‍െവച്ചായിരുന്നു; റായ്പുരില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ. ''കേരളം ജോഗിജിക്ക് പ്രിയപ്പെട്ട സ്ഥലമായിരുന്നു. ചികിത്സയ്ക്കും അല്ലാതെയും ഞങ്ങള്‍ പലപ്രാവശ്യം വന്നിട്ടുണ്ട്. കുമരകത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് ഒടുവില്‍ വന്നത്'' -കോട്ട മണ്ഡലത്തിലെ ജനതാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രേണു സ്ഥലപ്പേരുകളുടെ ഉച്ചാരണംപോലും തെറ്റാതെ ഓര്‍മകള്‍ കോര്‍ത്തെടുത്തു.
2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മഹാസമുന്ദില്‍വെച്ച് അജിത് ജോഗി വാഹനാപകടത്തില്‍പ്പെട്ടത്. നട്ടെല്ലിന് ഗുരുതരപരിക്കേറ്റ ജോഗിയുടെ പിന്നീടുള്ള ജീവിതം വീല്‍ച്ചെയറില്‍. ഇതിനിടയിലാണ് ആയുര്‍വേദചികിത്സയ്ക്കായി നിരന്തരം കേരളത്തിലെത്തിയത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു ചികിത്സയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തത്.
1952 മുതല്‍ കോണ്‍ഗ്രസ് കോട്ടയായ കോട്ടമണ്ഡലം ജോഗികുടുംബത്തിന്റെ കുത്തകപ്രദേശമാണ്. പതിനേഴുവര്‍ഷമായി ഡോ. രേണു ജോഗിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2013 വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു രേണു. എന്നാല്‍, 2018-ല്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതോടെ ഭര്‍ത്താവ് അജിത് ജോഗിയുടെ ജെ.സി.സി. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്താക്കിയായിരുന്ന കഴിഞ്ഞവട്ടം വിജയം.
സിറ്റിങ് എം.എല്‍.എ.യായ രേണുവിനെ നേരിടുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി മുന്‍ കേന്ദ്രമന്ത്രി ദിലീപ് സിങ് ജുഡിയോയുടെ മകന്‍ പ്രഭാല്‍ പ്രതാപ് സിങ് ജുഡിയോ. ഛത്തീസ്ഗഢ് ടൂറിസം കോര്‍പ്പറേഷന്‍ ചെയര്‍മാനും മുഖ്യമന്ത്രി ബഘേലിന്റെ വിശ്വസ്തനുമായ അടല്‍ ശ്രീവാസ്തവയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
തിരഞ്ഞെടുപ്പുപ്രചരണത്തിനായി ഒരു ഗ്രാമത്തില്‍നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് പോകുന്നതിനിടയില്‍ വാഹനത്തിലിരുന്ന് രേണു ജോഗി 'മാതൃഭൂമി'യുമായി സംസാരിച്ചു, അജിത് ജോഗിയില്ലാത്ത ഛത്തീസ്ഗഢിലെ ആദ്യ തിരഞ്ഞെടുപ്പിനെക്കുറിച്ച്...
അജിത് ജോഗിയോട് ജനങ്ങള്‍ക്കുള്ള സ്‌നേഹം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ടോ
തീര്‍ച്ചയായും. മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം ആത്മകഥയെഴുതി പൂര്‍ത്തിയാക്കിയിരുന്നു. അതിന്റെ കോപ്പികള്‍ ഞങ്ങള്‍ ഇവിടെ വിതരണംചെയ്യുന്നുണ്ട്. ഞാന്‍ അജിത് ജോഗി സ്ഥാപിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്. ഇവിടെ ഒരു ത്രികോണമത്സരമാണ് നടക്കുന്നത്. ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം ത്രികോണമത്സരമാണ്. ജനങ്ങളുടെ പ്രതികരണത്തില്‍ ഞാന്‍ സംതൃപ്തയാണ്.
തൂക്കുസഭയാണെങ്കില്‍ ആരെ പിന്തുണയ്ക്കും
അതേക്കുറിച്ച് ചര്‍ച്ചചെയ്യാറായില്ല. സന്ദര്‍ഭത്തിനനുസരിച്ച് തീരുമാനമെടുക്കും. ഞാന്‍ വളരെ ശുഭാപ്തിവിശ്വാസിയാണ്.
Content Highlights: chhattisgarh assembly election, janta congress chhattisgarh, renu jogi