'തൂക്ക് സഭയെങ്കില്‍ കോണ്‍ഗ്രസിന് പിന്തുണ'; അജിത് ജോഗിയുടെ മകന്‍ അമിത് ജോഗി പറയുന്നു

അമിത് ജോഗി | Photo: twitter.com/amitjogi
അമിത് ജോഗി | Photo: twitter.com/amitjogi

റായ്പുര്‍ നഗരത്തിലെ സിവില്‍ ലൈനിലുള്ള ജോഗി നിവാസിന്റെ ഓഫീസ് മുറിയുടെ ചുവര്‍ നിറയെ അജിത് ജോഗിക്കൊപ്പമുള്ള അമിതിന്റെ ചിത്രമാണ്.'അച്ഛന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് എന്റെ ദൗത്യം.അതിന് എത്രകാലം വരെയും കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ് '-അജിത് ജോഗി സ്ഥാപിച്ച ജനതാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അമരക്കാരന്‍ അമിത് ജോഗി 'മാതൃഭൂമി'യോട് പറഞ്ഞു.പാഠനില്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെതിരെ സ്ഥാനാര്‍ഥിയായ അമിത് ,പ്രചരണത്തിനിറങ്ങും മുമ്പ് ഒരുമിച്ച് ഉച്ചഭക്ഷണത്തിനിരുത്തിയായിരുന്നു സംസാരം.

അക്കാദമിക് മികവിലെന്നതു പോലെ  രാഷ്ട്രീയത്തിലും അച്ഛന്റെ പിന്തുടര്‍ച്ചക്കാരനാണ് അമിത്.മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ സ്വര്‍ണമെഡലോടെ ബിരുദം നേടിയശേഷം  ഐ.എ.എസും ഐ.പി.എസും ഒരുമിച്ച് കിട്ടിയപ്പോള്‍ ആദ്യം ഐ.പി.എസും പിന്നീട്  ഐ.എ.എസും സ്വീകരിച്ച അച്ഛന്‍  ജോഗി 1986 ലാണ് സിവില്‍ സര്‍വീസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.തുടര്‍ന്ന് കേന്ദ്രമന്ത്രിയും ഛത്തീസ്ഗഢിന്റെ ആദ്യമുഖ്യമന്ത്രിയുമായി.2020 ല്‍ മരിച്ചെങ്കിലും ഛത്തീസ്ഗഢിനിപ്പോഴും അജിത് ജോഗി ഒരു വികാരമാണ്.അമിത് ജോഗിയും പഠനമികവിന്റെ പ്രതീകമാണ്.ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍ നിന്ന് ബിരുദം,ജെ.എന്‍.യുവില്‍ നിന്ന് പൊളിറ്റിക്സിലും ഇന്‍ര്‍നാഷണല്‍ സ്റ്റഡീസിലും  ബിരുദാനന്തര ബിരുദം,റായ്പുര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം എന്നിവ നേടിയ ശേഷമാണ് 2003 ല്‍ അമിത്  രാഷ്ട്രീയത്തിലിറങ്ങിയത്.ക്രമേണ രാഹുലിന്റെ വിശ്വസ്തനായി.അമേരിക്കയിലെ ഡാളസിലാണ് അമിത്തിന്റെ ജനനം.2002 ലാണ് ഇന്ത്യന്‍ പൗരത്വം നേടിയത്.

എന്നാല്‍ അച്ഛനില്‍ നിന്ന് അമിത് വ്യത്യസ്തനാകുന്നത്,തുടക്കം മുതലുള്ള വിവാദങ്ങളാണ്.സ്വന്തം പൗരത്വത്തെക്കുറിച്ചുള്ള തര്‍ക്കം മുതല്‍ ഈ വിവാദങ്ങള്‍ തുടങ്ങുന്നു.എന്‍.സി.പി നേതാവിന്റെ വധം,ദിലീപ് സിങ് ജുഡോയ്ക്കെതിരെയുള്ള ഗൂഢാലോചന തുടങ്ങി കേസുകളുടെ പരമ്പര.2013 ലെ തിരഞ്ഞെടുപ്പില്‍  ജയിച്ചു.എന്നാല്‍,പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2017 ജനുവരിയില്‍ കോണ്‍ഗ്രസ്  ആറ് വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു. അണ്‍പാര്‍ലമെന്ററി പെരുമാറ്റത്തിന്റെ പേരില്‍ 2017 മാര്‍ച്ചില്‍ ഛത്തീസ്ഗഢ് നിയമസഭ സെന്‍ഷുര്‍ പ്രമേയം പാസ്സാക്കി.'ഇതെല്ലാം രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണ്.അതൊന്നും ഞാന്‍ പരിഗണിക്കുന്നില്ല'-ചിരിയോടെ അമിത് ജോഗി തള്ളിക്കളയുന്നു.

കോണ്‍ഗ്രസാണ് ജോഗി കുടുംബത്തിന്റെ രക്തം.എന്നാല്‍ 2017 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി.കോണ്‍ഗ്രസിനോടുള്ള  താങ്കളുടെ സമീപനമെന്താണ് ?

നെഹ്രു-ഗാന്ധി കുടുംബത്തോട് ഞങ്ങള്‍ക്ക് എക്കാലത്തും അടുപ്പവും ആദരവുമുണ്ട്.വ്യക്തിപരമായി ഇപ്പോഴും സോണിയാ ഗാന്ധിയുമായും രാഹുലുമായും അടുപ്പമുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ അച്ഛന്‍ സോണിയയെ പോയി കണ്ടിരുന്നു. 2020 -ല്‍ എനിക്ക് മകനുണ്ടായപ്പോള്‍ സോണിയയാണ് അവന് പേരിട്ടത്. ഛത്തീസ്ഗഢിലൂടെ രാഹുലിന്റെ ഭാരത് ജോഡോയാത്ര കടന്നു പോയപ്പോള്‍ ഞാന്‍ അതില്‍ പങ്കു ചേര്‍ന്നു.എന്നാല്‍ ഈ അടുപ്പം രാഷ്ട്രീയത്തിലില്ല.രാഷ്ട്രീയത്തില്‍ ഞങ്ങള്‍ വ്യത്യസ്ത പാര്‍ട്ടികളിലാണ്.

ഛത്തീസ് ഗഢില്‍ തൂക്കുസഭയാണ് വരുന്നതെന്ന് കരുതുക.അപ്പോള്‍ താങ്കളുടെ പാര്‍ട്ടിയുടെ സീറ്റുകള്‍ നിര്‍ണായകമാകും. ഏത് പാര്‍ട്ടിയെ പിന്തുണക്കും ?

തുടക്കം മുതല്‍ ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്.നിങ്ങള്‍ ഞങ്ങളുടെ ഡി.എന്‍.എ നോക്കുക.ഏഴ് ജന്മം ജനിക്കേണ്ടി വന്നാലും ഞങ്ങള്‍ എന്‍.ഡി.എക്കൊപ്പം പോകില്ല. ഒരു നല്ല ബി.ജെ.പി സര്‍ക്കാരിനെക്കാള്‍ എനിക്ക് അനുഭാവം ,മോശമായാല്‍ പോലും ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനോടായിരിക്കും.(ഐ വില്‍ പ്രിഫര്‍ എ ബാഡ് കോണ്‍ഗ്രസ് ഗവണ്‍മെന്റ് ടു എ ഗുഡ് ബി.ജെ.പി ഗവണ്‍മെന്റ്).ബി.ജെ.പിയുമായുള്ള അടിസ്ഥാനപരമായ ആശയവ്യത്യാസം മറി കടക്കാന്‍ കഴിയില്ല.ഒരു കാര്യം എനിക്ക് ഉറപ്പാണ്,ഞങ്ങള്‍ പുതിയ സര്‍ക്കാരിലുണ്ടാകും.ഞങ്ങളില്ലാതെ ഇവിടെ ഒരു സര്‍ക്കാരുണ്ടാകില്ല.അടുത്ത  5 വര്‍ഷത്തെ അജണ്ട നിശ്ചയിക്കാന്‍ പോകുന്നത് ഞങ്ങളാണ്.

കോണ്‍ഗ്രസിനായിരിക്കുമോ താങ്കളുടെ പിന്തുണ ?

ഞാന്‍ പറഞ്ഞതില്‍ നിന്ന് അത് വായിച്ചെടുക്കാന്‍ കഴിയുമല്ലോ.

ജനതാ കോണ്‍ഗ്രസിന് എത്ര സീറ്റ് കിട്ടും ?

സീറ്റെണ്ണം പ്രവചിക്കുന്നതില്‍ എനിക്ക് വിശ്വാസമില്ല.കഴിഞ്ഞ തവണയും ഞാന്‍ പ്രവചനത്തിന് മുതിര്‍ന്നിട്ടില്ല.ഈ സംസ്ഥാനത്തെ ജനങ്ങളാണ വിജയപരാജയങ്ങള്‍ നിശ്ചയിക്കുക.

ഇത് ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പാണ്.അവിടെ ചെറുപാര്‍ട്ടികള്‍ക്ക് എന്താണ് പ്രസക്തി ?

രണ്ട് പാര്‍ട്ടികളേ ഉള്ളു എന്ന് ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.അത് മാറി.ഞങ്ങള്‍  80 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.മറ്റ് പ്രാദേശിക പാര്‍ട്ടികളുമായി ധാരണയുണ്ട്.എണ്ണം കൂട്ടുകയല്ല എന്റെ ലക്ഷ്യം.എന്നാല്‍ സഭയ്ക്കുള്ളില്‍ ശബ്ദം ഉയരണം.എനിക്ക് കിംഗ് മേക്കറാകണ്ട.കിങ്ങാകണ്ട.ഛത്തീസ്ഗഡിലെ ജനങ്ങളെ രാജാക്കന്‍മാരാക്കുകയെന്നതാണ് എന്റെ ലക്ഷ്യം.കഴിഞ്ഞ കുറെ വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എവിടെ തിരഞ്ഞെടുപ്പുണ്ടായാലും ചെലവിടാനായി ബി.ജെ.പിയും കോണ്‍ഗ്രസും പണം കൊണ്ടു പോയിരുന്നത് ഛത്തീസ്ഗഢില്‍ നിന്നായിരുന്നു.രണ്ട് പാര്‍ട്ടികളുടെയും എ.ടി.എം ആയി ഛത്തീസ്ഗഢ് മാറി.പണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ഛത്തീസ്ഗഢിനെക്കുറിച്ച് ഓര്‍മ വരുന്നത്.ഈ പണം ജനങ്ങളിലെത്തേണ്ടതാണ്.ഇതാണ് ജനതാകോണ്‍ഗ്രസിന്‍െ നിലപാട്.

കോണ്‍ഗ്രസിനോട് താല്‍പര്യമുണ്ടെന്ന് താങ്കള്‍ പറയുന്നു.അതെസമയം, മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നു.ഇതെന്തു കൊണ്ടാണ് ?

എന്റെ മത്സരം മുഖ്യമന്ത്രിക്കെതിരെയല്ല.അഴിമതിക്കെതിരെയാണ്.അഴിമതിയും തുടര്‍ച്ചയായ വഞ്ചനയുമാണ് പ്രശ്നം.എല്ലാ തിരഞ്ഞെടുപ്പിലും എല്ലാ പാര്‍ട്ടികളും പ്രകടന പത്രികകളുമായി രംഗത്തു വരും.എന്നാല്‍ അധികാരം കിട്ടുന്ന ഉടന്‍ ഗജിനി സിനിമയിലെ നായകനെപോലെ മറവി രോഗം ബാധിക്കും.അളന്നാല്‍ തീരാത്തത്ര പ്രകൃതി വിഭവങ്ങള്‍ ഛത്തീസ്ഗഢിലുണ്ട്.എന്നിട്ടും 40 ശതമാനത്തോളം ആളുകള്‍ ദാരിദ്ര്യരേഖക്ക് താഴെയാണ്.ചാണകം മുതല്‍ മദ്യം വരെ ഇവിടെ അഴിമതിക്കുള്ള വിഭവങ്ങളാണ്. ഇത് കോണ്‍ഗ്രസിന്റെ മാത്രം സ്ഥിതിയല്ല.15 വര്‍ഷത്തെ ബി.ജെ.പി ഭരണവും അഴിമതിക്കാലമായിരുന്നു.ഇ.ഡി  തിരഞ്ഞു വെട്ടാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഭൂപേഷ് സര്‍ക്കാരിന്റെ 5 വര്‍ഷത്തെ അഴിമതി അന്വേഷിച്ചോളു.പക്ഷെ,അതിന് മുമ്പുള്ള 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിലെ കൊള്ളയും അന്വേഷിക്കേണ്ടതല്ലേ ഇത്തവണ ഞാന്‍ ഒരു പരീക്ഷണം നടത്തി.പ്രകടന പത്രിക അവതരിപ്പിച്ചില്ല.പകരം ഒരു സത്യവാങ്മൂലം പുറത്തിറക്കി.ജയിച്ചാല്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അതില്‍ പ്രഖ്യാപിച്ചു.100 രൂപയുടെ സറ്റാംപ് പേപ്പറില്‍ രേഖപ്പെടുത്തി.ഞാന്‍ ഛത്തീസ്ഗഡിന്റെ മകനാണ്.നേതാവല്ല.നിങ്ങളുടെ മകന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍,10 നടപടികളെടുക്കുമെന്നാണ് പ്രകടനപത്രികയില്‍ പറയുന്നത്.എന്റെ അച്ഛന്റെ വീക്ഷണത്തില്‍ നിന്നാണ് ഇതു ഞാന്‍ കാണുന്നത്.ഞാന്‍ ഛത്തീസ്ഗഡിനെ എന്റെ കുടുംബമായാണ് കാണുന്നത്.ജനങ്ങള്‍ പറയും,ജോഗി കുടുംബത്തില്‍ മൂന്ന് അംഗങ്ങളാണുള്ളതെന്ന്.എന്നാല്‍,ജോഗികുടുംബത്തില്‍ ഛത്തീസ്ഗഡിലെ 3 കോടി ജനങ്ങളുണ്ടെന്നാണ് ഞാന്‍ പറയുക.എന്റെ പോരാട്ടം ഏതെങ്കിലും ഒരു പാര്‍ട്ടിക്കെതിരെയല്ല.അത് ദാരിദ്യത്തിനെതിരെയാണ്.ഇത്രയും പ്രകൃതി വിഭവങ്ങളുണ്ടായിട്ടും ഛത്തീസ്ഗഡിലെ ജനങ്ങളാണ് ഏറ്റവും ദരിദ്രര്‍.23 വര്‍ഷം കൊണ്ട് ഈ സ്ംസ്ഥാനം എന്താണ് നേടിയത്.രാഷ്ട്രീയക്കാര്‍ വളര്‍ന്നു,ബിസിനസ്സുകാര്‍ വളര്‍ന്നു,ഛത്തീസ്ഗഡിന്റെ വികസനത്തില്‍ താല്‍പര്യമില്ലാത്തവരാണ് തീരുമാനമെടുക്കുന്നത്.

ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നാണോ താങ്കളുടെയും അഭിപ്രായം ?


രാഷ്ട്രീയപ്രേരിതമല്ലെങ്കില്‍ അവര്‍ എന്തു കൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികളെ മാത്രം ലക്ഷ്യമിടുന്നത്.രണ്ട് ഭാഗത്തും അഴിമതിയുണ്ട്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഏത് അഴിമതിക്കാരും വിശുദ്ധരാകും.അല്ലെങ്കില്‍ അന്വേഷണത്തില്‍ കുടുങ്ങും.ഇത് ശരിയല്ല, വിവേചനമില്ലാതെ നടപടികളുണ്ടാകണം.നീതി ഉറപ്പാക്കണം.

തിരഞ്ഞെടുപ്പില്‍ ജനതാ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ എന്താണ് ?

അച്ഛന്റെ വീക്ഷണങ്ങള്‍ യാഥാര്‍ഥ്യമാക്കുക എന്നതാണ് എന്റെ പ്രധാന ദൗത്യം.അത് നടപ്പാകുന്നത് വരെ എത്ര വേണമെങ്കിലും കാത്തിരിക്കാന്‍  തയ്യാറാണ്.48 ദിവസങ്ങള്‍ക്കിടയില്‍ 55 മണ്ഡലങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു.എന്റെ അച്ഛന് കിട്ടിക്കൊണ്ടിരുന്ന സ്‌നേഹവും ആദരവും ഇപ്പോള്‍ ജനങ്ങള്‍ എനിക്ക് നല്‍കുകയാണ്.ഇന്ന് എനിക്ക് അധികാരമോ മറ്റ് രണ്ട് പാര്‍ട്ടികള്‍ക്കുമുള്ളത്ര സമ്പത്തോ ഉണ്ടായിരിക്കില്ല.എന്നാല്‍ ജോഗി കുടുംബത്തിന് ലഭിക്കുന്ന ജനങ്ങളുടെ സ്‌നേഹവും ആദരവും അതിനെക്കാള്‍ എത്രയോ വലുതാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ക്ക് വളരെ കുറച്ച് സമയമാണ് ലഭിച്ചത്.എന്നിട്ടും ജനങ്ങള്‍ ഞങ്ങളെ അംഗീകരിച്ചു.ഞങ്ങളുടെ സഖ്യത്തിന്റെ 7 എം.എല്‍.എ മാര്‍ തിരഞ്ഞെടുക്കപ്പെട്ടു.ജനങ്ങള്‍ക്ക് എക്കാലത്തും ജോഗി കുടുംബത്തോട് അടുപ്പമുണ്ട്.കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പുകൊണ്ടോ വൈരാഗ്യം കൊണ്ടോ അല്ല എന്റെ അച്ഛന്‍ പ്രാദേശിക പാര്‍ട്ടി ഉണ്ടാക്കിയത്.ഛത്തീസ്ഗഢിന് വികസനമുണ്ടാകണമെങ്കില്‍ ഛത്തീസ്ഗഢിന്റെ സ്വന്തം ജനങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരുണ്ടാകണമെന്ന വീക്ഷണത്തിലാണ്.ഡല്‍ഹിയിലെ സിറ്റിംഗ് റൂമില്‍ ഇരിക്കുന്ന ചില നേതാക്കളായിരിക്കരുത് അത് നിശ്ചയിക്കുന്നത്.അതായിരുന്നു എന്റെ അച്ഛന്റെ ഉദ്ദേശം.ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത് പോലെ ഛത്തീസ്ഗഢില്‍ രാഷ്ട്രീയക്രിക്കറ്റ് മത്സരം നടക്കുകയാണ്.കോണ്‍ഗ്രസാണ് ബാറ്റിംഗ് നടത്തുന്നത്.ബി.ജെ.പി ബോളിങ്ങ്  നടത്തുന്നു.എന്നാല്‍ ജോഗി കോണ്‍ഗ്രസ്  ആള്‍ റൗണ്ടേഴ്‌സാണ്.ആള്‍ റൗണ്ടര്‍മാരില്ലാതെ ഒരു കളിയും ജയിക്കാന്‍ കഴിയില്ല.

കാര്‍ഷിക മേഖലയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്യമായി സഹായിച്ചെന്നാണ് കോണ്‍ഗ്രസിന്റെ പ്രചരണം.ഇത് ശരിയാണോ ?

ഇതൊക്കെ ഗീബല്‍സിയന്‍ തന്ത്രങ്ങളാണ്.ഒരു നുണ ആവര്‍ത്തിച്ചാല്‍ സത്യമായി വരും എന്ന തന്ത്രം.മാധ്യമങ്ങള്‍,പരസ്യങ്ങള്‍ എന്നിവയിലൂടെയെല്ലാം കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ 36 വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കി.ഒന്നും നടപ്പാക്കിയിട്ടില്ല.കര്‍ഷകര്‍ക്ക് വൈദ്യുതി ലഭിക്കുന്നത് യൂണിറ്റിന് 5 രൂപ പ്രകാരമാണ്.എന്നാല്‍ വ്യവസായങ്ങള്‍ക്ക് 3 രൂപയ്ക്ക ലഭിക്കുന്നു.അദാനിക്കും അംബാനിക്കും ജിന്‍ഡലിനും ഈ ആനുകൂല്യം ലഭിക്കുന്നു.ഇത് കര്‍ഷകരെ സഹായിക്കലാണോ.എല്ലാ ജില്ലയിലും കൃഷ്ി അടിസ്ഥാനമാക്കി വ്യവസായം കൊണ്ടു വരുമെന്ന് വാഗ്ദാനം ചെയ്തു.ഇതുവരെ ഒരെണ്ണം പോലും ഉണ്ടാക്കിയിട്ടില്ല.യഥാര്‍ഥ അവസ്ഥയും പരസ്യങ്ങളില്‍ കാണുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.രാഹുല്‍ ഗാന്ധി അദാനിക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നു.എന്നാല്‍ 15 വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി നല്‍കിയതിനെക്കാള്‍ സഹായം 5 വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അദാനിക്ക് നല്‍കി.15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ അദാനിക്ക ലഭിച്ചത്  3 ഖനികളാണ്.എന്നാല്‍ 5 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ലഭിച്ചത് 6 ഖനികളാണ്.ആരാണ് ഛത്തീസ്ഗഡിനെ അദാനിഗഡ് ആക്കിയത് ?ഒരു ഗ്രാം കല്‍ക്കരി പോലും എടുക്കാന്‍ അദാനിയെ താന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഒരു ഗ്രാമത്തില്‍ ഇപ്പോള്‍ അദാനിയുടെ 2 ഖനികളുണ്ട്.മൂന്നാമത്തെ ഖനിക്കായി അവര്‍ അപേക്ഷ നല്‍കിയിരിക്കുന്നു !


നെല്ല് സംഭരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കര്‍ഷകര്‍ക്ക് സഹായകരമല്ലേ ?

നെല്ല് സംഭരണം ആദ്യമായി നടപ്പാക്കിയത് എന്റെ അച്ഛനാണ്. അതില്‍ നിന്ന് പിന്നാക്കം പോകാന്‍ പില്‍ക്കാല സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല.എന്നാല്‍ രമണ്‍ സിങ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ക്ക് പണം നല്‍കിയില്ല.2018 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജനങ്ങള്‍ പാഠം പഠിപ്പിച്ചു.ബഘേല്‍ സര്‍ക്കാരും വ്യത്യസ്തരല്ല.എങ്കിലും 2500 രൂപ താങ്ങുവില കര്‍ഷകര്‍ക്ക് നല്‍കാന്‍ ബഗേല്‍ തയ്യാറായി.4 തവണകളായി പണം നല്‍കി.എന്നാല്‍ ഒരുകൈകൊണ്ട് നല്‍കുകയും മറു കൈ കൊണ്ട് തിരിച്ചെടുക്കുകയുമാണ് ബഘേലിന്റെ രീതി.കര്‍ഷകര്‍ക്കാവശ്യമായ വളത്തിന് വന്‍തോതില്‍ വിലവര്‍ധിപ്പിച്ചതോടെ കര്‍ഷകര്‍ക്ക് ഗുണമില്ലാതായി.സൊസൈറ്റി വഴിയായിരുന്നു നേരത്തെ വളം നല്‍കിയിരുന്നത്.ഇതിന് സബ്‌സിഡി ഉണ്ടായിരുന്നു.എന്നാല്‍,ഇത് നിര്‍ത്തലാക്കിയതോടെ കര്‍ഷകര്‍ക്ക് പൊതുകമ്പോളത്തെ ആശ്രയിക്കേണ്ടി വന്നു.വന്‍ വിലക്ക് വളം വാങ്ങേണ്ടി വരുന്നു.

മാവോയിസ്റ്റ് അക്രമങ്ങള്‍ സംസ്ഥാനത്ത് കുറഞ്ഞതായും ക്രമസമാധാന നില ഉയര്‍ന്നതായും കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്.ഇതെക്കുറിച്ചോ ?

മാവോയിസം കുറഞ്ഞിട്ടുണ്ട്.,10 വര്‍ഷം മുമ്പത്തെ സ്ഥിതിയല്ല ഇന്നുള്ളത്. മാവോയിസമെന്നതിനെ അക്രമത്തിന്റെ കണ്ണിലൂടെ മാത്രം കണ്ടിട്ട് കാര്യമില്ല.അതിന് സാമൂഹ്യ-സാമ്പത്തിക വശങ്ങളുണ്ട്.അതിന് പരിഹാരമുണ്ടാകണം.ഛത്തീസ്ഗഡിലെ മൂന്ന് ജില്ലകളിലാണ് നക്‌സലിസം വളരെ ശക്തമായിട്ടുള്ളത്.സൗത്ത് ബസ്തര്‍ മേഖലയില്‍.എന്നാല്‍ ഈ സര്‍ക്കാരുകള്‍ക്ക് ശരിയായ വീക്ഷണമില്ല. നക്‌സലിസത്തിന്റെ സാമൂഹ്യ,സാമ്പത്തിക,രാഷ്ട്രീയ മാനങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടായിരിക്കണം പരിഹാരമുണ്ടാകേണ്ടത്.ഒരു  ധാരണയിലൂടെ ഇവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടു വരാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായിരിക്കണം.രാഹുല്‍ ഗാന്ധി അദാനിക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നു. എന്നാല്‍ 15 വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി നല്‍കിയതിനെക്കാള്‍ സഹായം 5 വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അദാനിക്ക് നല്‍കി. 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ അദാനിക്ക ലഭിച്ചത്  3 ഖനികളാണ്.എന്നാല്‍ 5 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിനുള്ളില്‍ ലഭിച്ചത് 6 ഖനികളാണ്.ആരാണ് ഛത്തീസ്ഗഡിനെ അദാനിഗഡ് ആക്കിയത് ? ഒരു ഗ്രാം കല്‍ക്കരി പോലും എടുക്കാന്‍ അദാനിയെ താന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞ ഒരു ഗ്രാമത്തില്‍ ഇപ്പോള്‍ അദാനിയുടെ 2 ഖനികളുണ്ട്.മൂന്നാമത്തെ ഖനിക്കായി അവര്‍ അപേക്ഷ നല്‍കിയിരിക്കുന്നു.


 

Content Highlights: chhattisgarh assembly election interview with amit jogi