ഛത്തീസ്ഗഢ്: മാവോവാദി ഭീതിയില്‍ ഒന്നാംഘട്ടം

റായ്പുര്‍: മാവോവാദിഭീഷണി നിലനില്‍ക്കേയാണ് ഛത്തീസ്ഗഢിലെ ബസ്തര്‍ ഉള്‍പ്പെടെ പ്രശ്നബാധിതമേഖലയില്‍ ചൊവ്വാഴ്ച ആദ്യഘട്ട വിധിയെഴുത്ത്. വോട്ടുചോദിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളാരും ബസ്തറിലേക്കു വരരുതെന്ന് മാവോവാദികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിച്ച് മടങ്ങുകയായിരുന്ന ബി.ജെ.പി.യുടെ നാരായണ്‍പുര്‍ ജില്ലാ വൈസ് പ്രസിഡന്റും ജില്ലാപഞ്ചായത്തംഗവുമായിരുന്ന രത്തന്‍ ദുബെയെ ശനിയാഴ്ച മാവോവാദികള്‍ വെടിവെച്ചുകൊന്നിരുന്നു. രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബി.ജെ.പി. നേതാവാണ് ദുബെ. ഒരുവര്‍ഷത്തിനിടെ ഏഴു രാഷ്ട്രീയനേതാക്കള്‍ക്കാണ് ബസ്തറില്‍ ജീവന് നഷ്ടപ്പെട്ടത്.
പ്രചാരണം ഞായറാഴ്ച സമാപിച്ചു. മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ വിശ്വസ്തനും സംസ്ഥാന മിനറല്‍ ഡിവലപ്മെന്റ് കോര്പ്പറേഷന് ചെയര്‍മാനുമായ കോണ്‍ഗ്രസിലെ ഗിരീഷ് ദേവാന്ഗനാണ് രാജ്നന്ദഗാവ് മണ്ഡലത്തില്‍ മുന്‍മുഖ്യമന്ത്രി ഡോ. രമണ്‍ സിങ്ങിനെ നേരിടുന്നത്.
ആദിവാസിവിഭാഗങ്ങള്ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിലേറെയും. വികസനത്തില്‍ പിന്നാക്കംനില്‍ക്കുന്ന ഈ വനമേഖലയിലെ 12 മണ്ഡലങ്ങള്‍ പട്ടികവര്‍ഗ സംവരണമണ്ഡലങ്ങളാണ്. 2018 വരെ ബി.ജെ.പി.ക്ക് സ്വാധീനമുണ്ടായിരുന്ന ഈ പ്രദേശം 2018-ല്‍ കോണ്‍ഗ്രസിനൊപ്പമാണ് നിലയുറപ്പിച്ചത്. കാര്‍ഷികമേഖലയില്‍ ഇരുപാര്‍ട്ടികളോടുമുള്ള ജനസമീപനം വ്യക്തമാക്കുന്ന വിധിയെഴുത്ത് സംസ്ഥാനഭരണസാധ്യതയില് നിര്‍ണായകമാണ്. നേരത്തേ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടായിരുന്ന ഈ മേഖലയില്‍ സി.പി.ഐ.യുടെ ചില സ്വാധീനപ്രദേശങ്ങളില്‍ ആം ആദ്മി പാര്‍ട്ടി ഇക്കുറി സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. ആറുമണ്ഡലങ്ങളില്‍ ആപ് പിടിക്കുന്ന വോട്ടുകള്‍ ജയപരാജയങ്ങളെ സ്വാധീനിക്കാനിടയുണ്ട്.
Content Highlights: chhattisgarh assembly election first phase