ഛത്തീസ്ഗഢിലെ ബി.ജെ.പി. പ്രകടനപത്രിക കോപ്പിയടിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ ബി.ജെ.പി.യുടെ പ്രകടനപത്രിക തങ്ങളുടേത് പകർത്തിയെഴുതിയതാണെന്ന ആരോപണവുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെപേരിൽ സൗജന്യങ്ങൾ വാരിക്കോരി പ്രഖ്യാപിക്കുന്നെന്ന് വിമർശിക്കുന്നവർ അതേ വാഗ്ദാനങ്ങളിൽ അടയിരിക്കുകയാണെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി ജയറാം രമേഷ് കുറ്റപ്പെടുത്തി.
വിവാഹിതരായ സ്ത്രീകൾക്കും ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്കും വാർഷിക സാമ്പത്തികസഹായം, നെല്ല് സംഭരണത്തിന് ക്വിന്റലിന് 3100 രൂപ, പാവപ്പെട്ടവർക്ക് 500 രൂപയ്ക്ക് പാചകവാതക സിലിൻഡർ തുടങ്ങിയവയാണ് ബി.ജെ.പി. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. പാചകവാതക സിലിൻഡറും നെല്ല് സംഭരണവിലയുമടക്കമുള്ളവ കോൺഗ്രസിന്റെ വാഗ്ദാനങ്ങളാണ്. രാഹുൽഗാന്ധി ഇവയെ കോൺഗ്രസ് ഗാരന്റി എന്ന് വിശേഷിപ്പിച്ചപ്പോൾ വിമർശിച്ചവരാണ് ഇപ്പോൾ മോദിയുടെ ഗാരന്റിയെന്ന് പറയുന്നതെന്നും ജയറാം രമേഷ് കുറ്റപ്പെടുത്തി.
Content Highlights: chhattisgarh assembly election congress dubs bjp election manifesto as copy cat