ഭരണംലഭിച്ചാൽ 12000 രൂപ നൽകുമെന്ന് BJP, 15000 നൽകുമെന്ന് കോൺഗ്രസ്; ഛത്തീസ്ഗഡിൽ ലക്ഷ്യം സ്ത്രീവോട്ടുകൾ

അമിത് ഷായും ഭൂപേഷ് ബഘേലും ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെ | Photo: ANI
അമിത് ഷായും ഭൂപേഷ് ബഘേലും ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെ | Photo: ANI

റായ്പുര്‍: രണ്ടാംഘട്ട വോട്ടെടുപ്പിന് ഛത്തീസ്ഗഢ് ഒരുങ്ങുന്നതിനിടെ പുതിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്. ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ എല്ലാ സ്ത്രീകള്‍ക്കും പ്രതിവര്‍ഷം 15,000 രൂപ വീതം നല്‍കുമെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ വാഗ്ദാനം. വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ നല്‍കുമെന്ന ബി.ജെ.പി.യുടെ പ്രഖ്യാപനത്തിനു പിന്നാലെയാണിത്. 

ഗൃഹലക്ഷ്മി യോജന എന്നാണ് പദ്ധതിക്ക് നല്‍കിയ പേര്. അപേക്ഷകള്‍ പൂരിപ്പിക്കേണ്ട, വരിനില്‍ക്കണ്ട, വീടുകളില്‍ നടത്തുന്ന സര്‍വെപ്രകാരം പണം ഓണ്‍ലൈനായി എല്ലാവരുടെയും അക്കൗണ്ടിലെത്തും, ബഘേല്‍ പറഞ്ഞു. ദാരിദ്ര്യം ഇല്ലാതാക്കുകയാണ് കോൺഗ്രസ് ലക്ഷ്യമെന്നും ബഘേൽ കൂട്ടിച്ചേർത്തു.

വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും പ്രതിവര്‍ഷം 12,000 രൂപ വീതം നല്‍കുമെന്നതായിരുന്നു മോദി കി ഗ്യാരന്റി 2023 എന്ന പ്രകടനപത്രികയില്‍ ബി.ജെ.പി.യുടെ പ്രധാന വാഗ്ദാനം. ഇതുമായി ബന്ധപ്പെട്ട് വീടുകളില്‍ അപേക്ഷാ ഫോമുകളും വിതരണം ചെയ്തിരുന്നു. ബി.ജെ.പി.യുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഛത്തീസ്ഗഢിനെ പൂര്‍ണ വികസിത സംസ്ഥാനമാക്കിമാറ്റുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. 

എണ്ണത്തില്‍ കൂടുതലായതുകൊണ്ടുതന്നെ ഛത്തീസ്ഗഢില്‍ സ്ത്രീവോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പില്‍ നിര്‍ണായകസ്ഥാനമുണ്ട്. മദ്യനിരോധനമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ടുകള്‍ ലക്ഷ്യംവെച്ച് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രധാന തന്ത്രം. പക്ഷേ, വാഗ്ദാനം പാലിക്കാന്‍ കോണ്‍ഗ്രസിനായില്ല. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബി.ജെ.പി. ആയുധമാക്കിയതും നടപ്പിലാക്കാതെ പോയ ഈ പ്രഖ്യാപനമായിരുന്നു.
 

Content Highlights: chhattisgarh assembly election, congress, bjp