അന്ന് ഹാസ്യപരിപാടിയില്‍ ചിരിപ്പിച്ച് ഭഗവന്ത് മന്‍, ജഡ്ജായി സിദ്ദു; ഇന്ന് മുഖ്യമന്ത്രിപദത്തിലേക്ക്

2006ലെ ഹാസ്യപരിപാടിയില്‍ ഭഗവന്ത് മന്‍, നവ്‌ജ്യോത് സിങ് സിദ്ദു
2006ലെ ഹാസ്യപരിപാടിയില്‍ ഭഗവന്ത് മന്‍, നവ്‌ജ്യോത് സിങ് സിദ്ദു

ഛണ്ഡിഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് ആം ആദ്മി പാർട്ടി അധികാരം പിടിച്ചെടുത്തതില്‍ ഭഗവന്ത് മനുള്ള പങ്ക് ചെറുതല്ല. പാര്‍ട്ടിയെ മുന്നില്‍നിന്ന് നയിച്ച് സ്വപ്‌നതുല്യമായ വിജയം സമ്മാനിച്ച ഭഗവന്തിനെ തന്നെ മുഖ്യമന്ത്രിയാക്കാനാണ് എ.എപിയുടെ തീരുമാനം. ഇതിനിടെ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവും ഭഗവന്ത് മനും ഒന്നിച്ചുള്ള പഴയ ഒരു വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മന്‍ മത്സരാര്‍ഥിയായി എത്തിയ 2006-ലെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്' എന്ന ഹാസ്യപരിപാടിയുടെ വീഡിയോയാണിത്. 

സിദ്ദു ജഡ്ജായെത്തിയ പരിപാടിയില്‍ രാഷ്ട്രീയത്തെക്കുറിച്ചും സര്‍ക്കാറിനെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു ഭഗവന്ത് മന്റെ അന്നത്തെ പ്രകടനം. ഇത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ചര്‍ച്ചാവിഷയമാവുകയാണ്. 

'രാഷ്ട്രീയം എന്താണെന്ന് ഞാന്‍ ഒരു രാഷ്ട്രീയക്കാരനോട് ചോദിച്ചു. എങ്ങനെ ഭരിക്കണമെന്ന് തീരുമാനിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അടുത്തതായി എന്താണ് സര്‍ക്കാരിന്റെ അര്‍ഥമെന്ന് ഞാന്‍ ചോദിച്ചു. ഓരോ പ്രശ്‌നവും സൂക്ഷ്മമായി നിരീക്ഷിച്ച് ഒരുമിനിറ്റിന് ശേഷം അതുമറക്കുന്നവരാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു', ഭഗവന്ത് മന്റെ ഈ തമാശകള്‍ കേട്ട് പരിപാടിയുടെ ജഡ്ജായെത്തിയ സിദ്ദു പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

2011-ല്‍ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുന്നതുവരെ ഒരു ടെലിവിഷന്‍ കൊമേഡിയനായിരുന്നു മന്‍. 2011-ല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബിലൂടെയാണ് മന്‍ രാഷ്ട്രീയ പ്രവേശം നടത്തിയത്. 2014-ല്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഗ്രൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സസരിച്ച ഭവന്ത് മന്‍ രണ്ട് ലക്ഷത്തിന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2019-ലെ തിരഞ്ഞെടുപ്പില്‍ സംഗ്രൂറില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ധുരി മണ്ഡലത്തില്‍ നിന്നാണ് 43-കാരനായ മന്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. 

അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ച പിസിസി അധ്യക്ഷന്‍ നവ് ജ്യോത് സിങ് സിദ്ദു 6750 വോട്ടുകള്‍ക്ക് തോല്‍ക്കുകയും ചെയ്തു.

Content Highlights: Sidhu judged Bhagwant Mann in comedy show in 2006