നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ

ചരണ്‍ജിത് സിങ് ചന്നി, ഭഗവന്ത് സിങ് മന്‍ | Photo: ANI
ചരണ്‍ജിത് സിങ് ചന്നി, ഭഗവന്ത് സിങ് മന്‍ | Photo: ANI

ചണ്ഡീഗഡ്: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ച നടക്കും. 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 1304 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷന്‍മാരും 93 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം.  

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ബിജെപി മത്സരിക്കുന്നത്. ബി.എസ്.പിയുമായി ചേര്‍ന്നാണ് ശിരോമണി അകാലിദള്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസും ശിരോമണി അകാലിദളും മാറി മാറി ഭരിച്ച സംസ്ഥാനത്ത് ഇത്തവണ മാറ്റമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് സൂചന. 

പ്രചാരണത്തില്‍ വളരെ മുന്നിലായിരുന്ന ആംആദ്മി പാര്‍ട്ടിക്ക് അവരുടെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കണ്ട ആവേശം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ ഡല്‍ഹിക്ക് പുറത്ത് ഒരു സംസ്ഥാനത്ത് അധികാരം പിടിക്കുക എന്ന ലക്ഷ്യവും പൂര്‍ത്തിയാക്കാനാകും. അതേസമയം, ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ കാരണം അനായാസം ജയിച്ചുകയറേണ്ടിയിരുന്ന ഒരു സംസ്ഥാനത്ത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയതിന് കോണ്‍ഗ്രസിന് സ്വയം പഴിക്കേണ്ടിവരികയും ചെയ്യും.

പിസിസി അധ്യക്ഷന്‍ സിദ്ദുവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ് പാര്‍ട്ടി വിട്ടത്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയായിരുന്നു കോണ്‍ഗ്രസ് പരീക്ഷണം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും ചന്നിയെ തന്നെയാണ്. രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി ജനവിധി തേടുന്നത്. 

അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് സിദ്ദു മത്സരിക്കുന്നത്. അമരീന്ദര്‍ സിങ് പാട്യാല മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്.  ശിരോമണി അകാലിദളിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സുഖ്ബിര്‍ ബാദല്‍ ജലാലാബാദില്‍ നിന്ന് മത്സരിക്കുന്നു. 

ഭഗവന്ത് സിങ് മന്‍ ആണ് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ശിരോമണി അകാലിദള്‍ സഖ്യത്തിലാണ് ബിജെപി പഞ്ചാബില്‍ മത്സരിച്ചിട്ടുള്ളതും അധികാരത്തിന്റെ ഭാഗമായിട്ടുള്ളതും. എന്നാല്‍ കാര്‍ഷിക ബില്ലിനെ തുടര്‍ന്ന് സഖ്യത്തില്‍ നിന്ന് ശിരോമണി അകാലിദള്‍ പിരിയുകയായിരുന്നു.

Content Highlights: Punjab assembly polls 2022

Content Highlights: