അമരീന്ദറിനെ മെരുക്കാന്‍ കോണ്‍ഗ്രസ് വളര്‍ത്തി; ഒടുവില്‍ കുലംമുടിപ്പിച്ച് സിദ്ദു, സ്വന്തം തട്ടകവുംപോയി

ക്രിക്കറ്റ് താരമായിരുന്നപ്പോഴും രാഷ്ട്രീയത്തിലും വിവാദങ്ങളുടെ തോഴനാണ് നവജ്യോത് സിങ് സിദ്ദു. 2004-ലാണ് ബിജെപിയിലൂടെ സിദ്ദു രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തുന്നത്. അമൃത്സറില്‍ നിന്ന് മത്സരിച്ച് ജയിച്ച സിദ്ദു ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും 2009-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിലും അദ്ദേഹം അമൃത്സറില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2014-ലും അമൃത്സറില്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സിദ്ദുവിനെ അരുണ്‍ ജെയ്റ്റ്‌ലിക്കായി ബിജെപി തഴഞ്ഞു. അമൃത്സറില്‍ നിന്നല്ലാതെ ഒരിടത്തും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച സിദ്ദു ബിജെപിയുടെ മറ്റു സീറ്റ് വാഗ്ദാനങ്ങള്‍ നിരസിച്ചു. സിദ്ദു പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനകള്‍ക്കിടെ 2016-ല്‍ ബിജെപി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് എംപിയാക്കി. കേന്ദ്ര മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സിദ്ദു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ രാജിവെച്ചു.
തുടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച സിദ്ദു അധികം വൈകാതെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2017-ല്‍ പഞ്ചാബ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു. ആ തിരഞ്ഞെടുപ്പില്‍ പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരത്തിലെത്തി. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. അമരീന്ദര്‍ മന്ത്രിസഭയില്‍ സിദ്ദുവിനേയും ഉള്‍പ്പെടുത്തി. ഉപമുഖ്യമന്ത്രിയാക്കുമെന്നായിരുന്നു സിദ്ദു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തനിക്ക് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ അമരീന്ദര്‍ സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ തയ്യാറായില്ല. തനിക്ക് നല്‍കിയ വകുപ്പിലും സിദ്ദുവിന് അതൃപ്തിയുണ്ടായിരുന്നു. സര്‍ക്കാര്‍ രൂപീകരണം മുതല്‍ ആരംഭിച്ച സിദ്ദുവും അമരീന്ദറും തമ്മിലുള്ള വടംവലി രൂക്ഷമായി തന്നെ തുടര്‍ന്നു.
2018-ല്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് സിദ്ദു ക്ഷണിക്കപ്പെട്ടു. ഇതില്‍ ഉടക്കിയ അമരീന്ദര്‍ തന്റെ അതൃപ്തി തുറന്ന് പ്രകടിപ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത സിദ്ദു പാക് സൈനിക തലവനെ ആലിംഗനം ചെയ്തതും വിവാദമായി. സിദ്ദുവും അമരീന്ദറും തമ്മില്‍ തുറന്ന യുദ്ധമായി. അമരീന്ദറിനെതിരായ സിദ്ദുവിന്‍റെ വിമര്‍ശനങ്ങള്‍ക്ക് ഹൈക്കമാന്‍ഡിന്റെ പരോക്ഷ പിന്തുണയുണ്ടായിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് അത്ര സ്വീകാര്യനല്ലാത്ത അമരീന്ദറിനെ മെരുക്കാന്‍ ലഭിച്ച ഒരു ആയുധം കൂടിയായിരുന്നു സിദ്ദു. എന്നാല്‍ അത് പിന്നീട് വലിയ പാരയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതിക്കാണില്ല.
അമരീന്ദര്‍ സിങിന്റെ നിത്യവിമര്‍ശകനായിരുന്ന സിദ്ദു അദ്ദേഹവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. തുടര്‍ന്ന് അദ്ദേഹം അമരീന്ദറിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഹൈകമാന്‍ഡിന് മുന്നില്‍ എംഎല്‍എമാരെ വെച്ച് വിലപേശല്‍ തുടങ്ങി. സര്‍വ്വ ശക്തിയുമെടുത്ത് അമരീന്ദര്‍ ഇതിന് തടയിടാന്‍ നോക്കിയെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം സിദ്ദുവിനെ തിരഞ്ഞെടുത്തു. പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നതോടെ സിദ്ദു അമരീന്ദറിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചു. ഒടുവില്‍ അമരീന്ദറിനെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് പുറത്ത് ചാടിച്ചു. ഇതോടെ മുഖ്യമന്ത്രിയാകുമെന്ന് കരുതിയ സിദ്ദുവിന് തെറ്റി. അമരീന്ദറിന് പകരക്കാരനായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത് ദളിത് വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ജിത് ചന്നിയെയാണ്. നിരാശനായ സിദ്ദു അടങ്ങിയല്ല. ചന്നിയുമായിട്ടായി പിന്നീടുള്ള അദ്ദേഹത്തിന് പോര്. ഇതിനിടെ അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടു.
അമരീന്ദര്‍ സിങിനോട് കോര്‍ത്തതുപോലെ സിദ്ദു ചന്നിയോട് കോര്‍ത്തില്ലെങ്കിലും മുഖ്യമന്ത്രിപദമെന്ന തന്റെ സ്വപ്‌നത്തിനായി ചക്കളത്തിപ്പോര് തുടര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് പഞ്ചാബ് രാഷ്ട്രീയം വലിയ തലവേദനയായി മാറി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനുവേണ്ടിയായി അടുത്ത പോര്. ഒടുവില്‍ ആം ആദ്മി പാര്‍ട്ടിയെ മാതൃകയാക്കി ജനാഭിപ്രായം തേടി കോണ്‍ഗ്രസ് ചന്നിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഇത്. ഉള്‍പാര്‍ട്ടി പോര് മൂലം തിരഞ്ഞെടുപ്പ് പ്രകടനപത്രിക പോലും കോണ്‍ഗ്രസിന് കൃത്യസമയത്ത് പുറത്തിറക്കാനായില്ല.
കഴിഞ്ഞ അഞ്ചു വര്‍ഷവും കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയത തീര്‍ക്കലായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രധാന പണി. വിഭാഗീയതയില്‍ മനംമടുത്ത പഞ്ചാബ് ജനത ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിനെ സംസ്ഥാനത്തുനിന്ന് തൂത്തെറിഞ്ഞിരിക്കുകയാണ്.
കോണ്‍ഗ്രസിനെ മൂലയിലിരുത്തിയ സിദ്ദുവിന് സ്വന്തം തട്ടകംപോലും സംരക്ഷിക്കാനായില്ല. സിദ്ദു മത്സരിച്ച അമൃത്സര്‍ ഈസ്റ്റ് സിദ്ദു ദമ്പതിമാരുടെ കോട്ടയായാണ് കണക്കാക്കപ്പെട്ടിരുന്നത്. 2012-ല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച സിദ്ദുവിന്റെ ഭാര്യയാണ് ഇവിടെ വിജയിച്ചിരുന്നത്. 2017-ല്‍ സിദ്ദു 42809 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. ഇത്തവണ ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥി ബിക്രം സിങ് മജീതിയായിരിക്കും സിദ്ദുവിന് വെല്ലുവളി ഉയര്‍ത്തുകയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച എഎപി തരംഗത്തില്‍ സിദ്ദുവും മജീതിയയും കടപുഴകി. ആം ആദ്മി പാര്‍ട്ടിയുടെ ജീവന്‍ ജ്യോത് കൗറാണ് ഇവിടെ ജയിച്ചു കയറിയത്.
Content Highlights: sidhu defeats Congress in Punjab