എഎപി തരംഗത്തില്‍ ക്യാപ്റ്റനും വീണു; തട്ടകത്തില്‍ അമരീന്ദറിന് കനത്ത തോല്‍വി

അമൃത്സര്‍: പട്യാലയില്‍ എഎപിയുടെ അജിത് പാല്‍ സിങ്ങിനു മുന്നില്‍ കാലിടറി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ വന്‍ നേട്ടം കൊയ്യുന്നതിനിടെയാണ് അടുത്തിടെ കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റനും തിരിച്ചടിയേറ്റത്. സെപ്റ്റംബറില്‍ ക്യാപ്റ്റനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് നീക്കിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ തുടര്‍ച്ചയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് നേരിടേണ്ടിവന്ന കനത്ത തിരിച്ചടി. 19873 വോട്ടുകള്‍ക്കാണ് അമരീന്ദര്‍ സ്വന്തം തട്ടകത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അജിത്പാല്‍ സിങ് കോലിയോട് പരാജയപ്പെട്ടത്.
രണ്ട് തവണ മുഖ്യമന്ത്രി ആയിരുന്ന അമരീന്ദറിന് എതിരായിരുന്നു ജനവികാരം എന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ തോല്‍വിയെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 2002 മുതല്‍ 2007 വരെയും പിന്നീട് 2017 മാര്‍ച്ച് മുതല്‍ 2019 വരെയും പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്നു അമരീന്ദര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാണ് കോണ്‍ഗ്രസ് 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചത്. നവ്‌ജോത് സിങ്ങ് സിദ്ധുവുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ അദ്ദേഹം 2019 ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതൃത്വം തന്നെ വിശ്വാസത്തിലെടുത്തില്ലെന്നും താന്‍ അപമാനിതനായെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമരീന്ദര്‍ പറഞ്ഞിരുന്നു.
1980 ല്‍ ആദ്യമായി എംപി ആയ അമരീന്ദര്‍ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് പിന്നാലെ പാര്‍ട്ടിവിടുകയും എം.പി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് ശിരോമണി അകാലി ദള്ളിലെത്തിയ അദ്ദേഹം 1985 ല്‍ സുജിത് സിങ് ബര്‍ണാല മന്ത്രിസഭയില്‍ അംഗമായി. എന്നാല്‍ പിന്നീട് ബര്‍ണാലയുടെ ഉത്തരവ് പ്രകാരം പോലീസ് ദര്‍ബാര്‍ സാഹിബില്‍ കടന്നതിന് പിന്നാലെ അദ്ദേഹം മന്ത്രിസഭയില്‍നിന്ന് രാജിവച്ചു. ഇതിനുശേഷം സിഖ് നേതാവെന്ന പ്രതിച്ഛായ നേടിയ അദ്ദേഹം 2017 ല്‍ മുഖ്യമന്ത്രി കസേരയിലെത്തി.
അദ്ദേഹത്തിന് സിഖ് വിഭാഗക്കാര്‍ക്കിടയിലുള്ള സ്വീകാര്യതയാണ് 1999 ല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് വഴിതെളിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരുകാലത്ത് സിഖുകാര്‍ക്ക് കോണ്‍ഗ്രസിനോട് കടുത്ത ശത്രുത ഉണ്ടായിരുന്നുവെങ്കിലും പഞ്ചാബിലെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് സഹായകമായ പ്രധാന ഘടകങ്ങളിലൊന്ന് അമരീന്ദര്‍ ആയിരുന്നു. 2007 ലെയും 2012 ലെയും തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റുവെങ്കിലും അമരീന്ദറിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ മങ്ങലേറ്റില്ല.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവായ അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അമൃത്സറില്‍ മത്സരിച്ച അദ്ദേഹം കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിക്കിടെയും വിജയം നേടിയിരുന്നു. ഇതിനുശേഷം പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയിലും അദ്ദേഹം എത്തി. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അകാലി ദള്ളിനെ മൂന്നാം സ്ഥാനത്താക്കി കോണ്‍ഗ്രസ് വന്‍ വിജയം നേടിയിരുന്നു. സിഖ് ഭൂപിപക്ഷ പ്രദേശങ്ങളില്‍നിന്നാണ് കോണ്‍ഗ്രസ് അന്ന് ഭൂരിഭാഗം സീറ്റുകളും വിജയിച്ചത്. എന്നാല്‍ കര്‍താര്‍പുര്‍ സാഹിബി ഇടനാഴി തുറക്കുന്നതിനെ എതിര്‍ത്തതോടെ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
സിദ്ധുവുമായി ഏറ്റുമുട്ടി മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ട അദ്ദേഹം സ്വന്തം പാര്‍ട്ടി രൂപവത്കരിക്കുകയും 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്നും പ്രഖ്യാപനം നടത്തി. എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക പ്രക്ഷോഭം അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് വീണ്ടും മങ്ങലേല്‍പ്പിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. പഞ്ചാബിന്റെ സുരക്ഷയും സാമ്പത്തിക പുരോഗതിയും ഉറപ്പാക്കാന്‍ കഴിയുക ബിജെപിക്ക് മാത്രമാവുമെന്ന് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കുമെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
Content Highlights: Amarinder Singh, Punjab, Congress