കോണ്‍ഗ്രസിനൊപ്പം എഎപി; കുറ്റിച്ചൂല്‍ വിപ്ലവം ഡല്‍ഹിയും കടന്ന് പഞ്ചാബിലെത്തുമ്പോള്‍

അരവിന്ദ് കേജ്രിവാള്‍ തുടങ്ങിവെച്ച കുറ്റിച്ചൂല്‍ വിപ്ലവം ഡല്‍ഹിയും കടന്ന് പഞ്ചാബും കീഴടക്കിയിരിക്കുന്നു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം വെറുമൊരു വിജയമല്ല. ആ വിജയം ഇന്ത്യയില്‍ അപൂര്‍വതയാണ്, ചരിത്രമാണ്.
വര്‍ഷങ്ങളോളം ഇന്ത്യ തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസിനെ, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക ഭാഗമായ പാര്‍ട്ടിയെ, രാജ്യത്തിന്റെ മുഖ്യ പ്രതിപക്ഷമായി പോലും നിലനിന്ന പാര്‍ട്ടിയെ തൂത്തെറിഞ്ഞാണ് ആപ്പ് ഡല്‍ഹിക്ക് പുറത്ത് ഒരു സംസ്ഥാനത്ത് കൂടി ഭരണം പിടിച്ചെടുക്കുന്നത്. കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങള്‍ രണ്ടായി ചുരുങ്ങുമ്പോള്‍ എഎപിയും ആ തലത്തിലേക്ക് ഉയരുന്നു. വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഒരു പാര്‍ട്ടി, പ്രത്യയശാസ്ത്രത്തില്‍ ഊന്നിയുളള കേഡര്‍ സ്വഭാവമില്ലാത്ത ഒരു പാര്‍ട്ടി. മൃഗീയ ഭൂരിപക്ഷവുമായി ഇന്ത്യ ഭരിക്കുന്ന ബിജെപിയോട് പോലും പൊരുതി വിജയിക്കുന്നത് എങ്ങനെയാണ് എന്നതിന്റെ ഉത്തരം. ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്‍കുന്നതാണ്. ആ ഉത്തരം അരവിന്ദ് കേജ്രിവാള്‍ എന്നതാണ്. അയാള്‍ മുന്നോട്ട് വയ്ക്കുന്ന ഭരണ മാതൃക, ജനക്ഷേമ പദ്ധതികള്‍, അഴിമതി വിരുദ്ധ പ്രതിഛായ, വികസന പ്രവര്‍ത്തനങ്ങള്‍ അങ്ങനെ പലഘടകങ്ങള്‍ ചേര്‍ന്നതാണ് ആപ്പിന്റെ വിജയം. പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഇത്രയും ജനപ്രീതിയാര്‍ജിച്ച രണ്ട് സംസ്ഥാനങ്ങളോളം വളര്‍ന്ന മറ്റൊരു പാര്‍ട്ടിയെ ചൂണ്ടിക്കാണിക്കാന്‍ ഉണ്ടാകില്ല.
ആപ്പ് പിറക്കുന്നു...
വര്‍ഷം 2011, തികഞ്ഞ ഗാന്ധിയനും അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ 'ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍' എന്ന ഒരു പ്രസ്ഥാനവുമായി മുന്നോട്ടുവരുന്നു. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 2006ല്‍ ഇന്ത്യന്‍ റെവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ അരവിന്ദ് കേജ്രിവാള്‍ ജോലി ഉപേക്ഷിച്ചിരുന്നു. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് മികച്ച വിജയം നേടിയ പിന്നിട് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി ഇന്ത്യന്‍ റെവന്യൂ സര്‍വീസില്‍ എത്തുന്ന അദ്ദേഹത്തിന്റെ ലക്ഷ്യം പൊതുപ്രവര്‍ത്തനമായിരുന്നു. ജോലി വലിച്ചെറിഞ്ഞ് വിവരാവകാശ പ്രവര്‍ത്തകാനായും മറ്റും പൊതുപ്രവര്‍ത്തനം തുടങ്ങിയ കേജ്രിവാള്‍ 2011ല്‍ അണ്ണാ ഹസാരെയെ കണ്ടുമുട്ടുന്നു. അഴിമതി രഹിത രാജ്യത്തിനായി ലോക്പാല്‍ ബില്‍ നടപ്പിലാക്കാന്‍ രാം ലീല മൈതാനിയില്‍ അണ്ണാ ഹസാരെ വിളിച്ചുചേര്‍ത്ത കൂട്ടായ്മ പിന്നീട് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. സര്‍ക്കാരിനെ പോലും സമ്മര്‍ദ്ദത്തിലാക്കുന്നു. പക്ഷേ ലോക്പാല്‍ ബില്‍ നടപ്പിലാക്കുക. അതിനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക എന്നത് മാത്രമായിരുന്നു അണ്ണാ ഹസാരെയുടെ ലക്ഷ്യം. അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താത്പര്യമേയുണ്ടായിരുന്നില്ല. കേജ്രിവാളിന് പക്ഷേ പ്രവര്‍ത്തിക്കാന്‍ ഒരു പാര്‍ട്ടി വേണമെന്ന ആഗ്രഹം കൂടിയുണ്ടായിരുന്നു. ഈ ആവശ്യത്തില്‍മേല്‍ ഇരുവരും പിരിയുന്നു.
അങ്ങനെ 2012 ഒക്ടബോര്‍ രണ്ടിന് കേജ്രിവാള്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നു. 2012 നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന ദിവസം ആം ആദ്മിപാര്‍ട്ടി പിറക്കുന്നു. ഡല്‍ഹിയെ വൃത്തിയാക്കാന്‍ എന്ന മുദ്രാവാക്യവുമായി ചൂല് ചിഹ്നമായെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ പാര്‍ട്ടി പിന്നീട് രാജ്യത്തുടനീളം തരംഗമാകുന്നു. യുവാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആം ആദ്മിയുടെ ഭാഗമാകുന്നു. പച്ചപിടിച്ചില്ലെങ്കിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടു.
ഡല്‍ഹി മുതല്‍ പഞ്ചാബ് വരെ
2013ല്‍ ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് അരവിന്ദ് കേജ്രിവാള്‍ കന്നിയങ്കത്തിന് ഇറങ്ങുന്നത്. അന്ന് ഷീല ദിക്ഷീദ് എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് ഡല്‍ഹിയുടെ ഭരണത്തലപ്പത്ത്. കേജ്രിവാള്‍ കന്നിയങ്കത്തില്‍ തന്നെ വിജയിക്കുന്നു. വെറും വിജയമായിരുന്നില്ല ഷീല ദിക്ഷീദ് എന്ന വന്‍ വൃക്ഷത്തെ തോല്‍പിച്ചായിരുന്നു കേജ്രിവാളിന്റെ കന്നിജയം. അന്ന് ബിജെപി 31, എഎപി 28, കോണ്‍ഗ്രസ് 8 എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ തൂക്ക് മന്ത്രിസഭ നിലവില്‍ വരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇല്ലെന്ന് പറഞ്ഞ് ബിജെപി മാറി നില്‍ക്കുന്നു. ഇതോടെ കോണ്‍ഗ്രസും എഎപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും കേജ്രിവാള്‍ മുഖ്യമന്ത്രിയാകുകയും ചെയ്യുന്നു. പക്ഷേ 45 ദിവസത്തിന് ശേഷം കേജ്രിവാള്‍ രാജിവയ്ക്കുന്നു. ലോക്പാല്‍ ബില്‍ നടപ്പിലാക്കാതിരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. തൊട്ടുപിന്നാലെ 2014ല്‍ നടന്ന ലോക്‌സഭാ ഇലക്ഷനില്‍ നരേന്ദ്രമോദിയ്‌ക്കെതിരെ വാരാണാസിയില്‍ നിന്ന് കേജ്രിവാള്‍ ജനവിധി തേടുന്നു. പക്ഷേ ദയനീയമായി പരാജയപ്പെടുന്നു. പക്ഷേ അന്ന് പഞ്ചാബില്‍ നിന്ന് നാല് എം.പിമാരെ എഎപിക്ക് ലഭിച്ചു. അതില്‍ ഒരാളാണ് ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഏല്‍ക്കാന്‍ ഒരുങ്ങുന്ന ഭഗവന്ത് മന്‍. അന്നും കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ പഞ്ചാബില്‍ നിന്നുള്ള നമ്പര്‍ വെറും മൂന്നെണ്ണമായിരുന്നു.
2015ല്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ഞെട്ടിക്കുന്നതായിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിനെ സംപൂജ്യരാക്കികൊണ്ടാണ് ആപ്പ് വിജയിച്ചത്. 70 ല്‍ 67 സീറ്റും ആം ആദ്മി തൂത്ത് വാരിയപ്പോള്‍ ബിജെപിക്ക് നേടാനായത് മൂന്ന് സീറ്റുകള്‍ മാത്രമാണ്. മോദി തരംഗം ആഞ്ഞടിച്ച സാഹചര്യത്തിലായിരുന്നു എഎപിയുടെ ഈ വിജയം. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും അന്ന് പരാജയപ്പെട്ടു. മോദി തരംഗത്തെ തൂത്തെറിഞ്ഞ കേജ്രിവാളിന്റെ കുറ്റിച്ചൂല്‍ വിപ്ലവം എന്നായിരുന്ന അന്ന് മാധ്യമങ്ങളുടെ തലക്കെട്ടുകള്‍.
ഡല്‍ഹി തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ആം ആദ്മി പാര്‍ട്ടി അന്ന് വിജയം തൂത്ത് വാരിയത്. 2020ല്‍ ഡല്‍ഹിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി 62 സീറ്റുകള്‍ നേടി. ബിജെപി മൂന്നില്‍ നിന്ന് എട്ടിലേക്ക് എത്തി. കോണ്‍ഗ്രസ് അത്തവണയും സംപൂജ്യരായി തന്നെ തുടര്‍ന്നു.
എന്തുകൊണ്ട് കേജ്രിവാള്‍
വിവരാവകാശ പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം തുടങ്ങിയ കേജ്രിവാളിന് അവകാശപ്പെടാന്‍ രാഷ്ട്രീയ പാരമ്പര്യങ്ങള്‍ ഒന്നുമില്ല. സാധാരണക്കാരെ തൊടുന്ന പ്രകടന പത്രിക പ്രഖ്യാപിക്കുക. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക. ഇതാണ് കേജ്രിവാളിനെ ഡല്‍ഹിയില്‍ ജനപ്രിയനാക്കുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര. പ്രായമായവര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ തീര്‍ത്ഥാടനം. കുറഞ്ഞ വൈദ്യുതി നിരക്ക്, സാധാരണക്കാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം, ഇതൊക്കെ കേജ്രിവാള്‍ നടപ്പിലാക്കിയ ജനക്ഷേമപദ്ധതികളില്‍ ചിലത് മാത്രമാണ്.
ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലെത്തുമ്പോള്‍
ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാള്‍ ആണ് നായകനെങ്കില്‍ പഞ്ചാബിലെ വിജയ ഫാക്ടര്‍ ഭഗ്‌വന്ത് മന്‍ ആണ്. വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ മന്‍ പ്രചാരണ വേളയില്‍ തന്നെ തരംഗം സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പേ ആരാകണം മുഖ്യമന്ത്രിയെന്ന് ആംആദ്മി പാര്‍ട്ടി സര്‍വേ നടത്തിയപ്പോള്‍ 94 ശതമാനം പേരും നല്‍കിയ ഉത്തരം മന്‍ എന്ന് തന്നെയായിരുന്നു. അരവിന്ദ് കേജ്രിവാള്‍ കഴിഞ്ഞാല്‍ പ്രളയം എന്ന എഎപി നേരിടുന്ന ഏറ്റലും വലിയ വിമര്‍ശനത്തിനുള്ള ഉത്തരം കൂടയാണ് ഡല്‍ഹിക്ക് പുറത്ത് കേജ്രിവാളിന് പുറമെ മന്‍ എന്നൊരു പുതിയ നേതാവ്.
മന്നിന്റെ നേതൃത്വത്തില്‍ ആപ്പ് നേടിയ വിജയം മറ്റൊരു പാര്‍ട്ടിയിലേക്കും അവര്‍ നേടിയ വിജയത്തെയും ആണ് ഓര്‍മ്മിപ്പിക്കുന്നത്. പാര്‍ട്ടി തെലുങ്കുദേശം. തെലങ്കാനയില്‍ 1982ല്‍ എന്‍.ടി. രാമ റാവു ആണ് പാര്‍ട്ടി രൂപീകരിക്കുന്നത്. ചലച്ചിത്ര താരമായിരുന്ന രാമറാവുവിന്റെ വ്യക്തി പ്രഭാവത്തില്‍ ആണ് പാര്‍ട്ടി ആന്ധ്ര തൂത്ത് വാരിയതും നിര്‍ണായക ശക്തിയായതും.
പഞ്ചാബിന്റെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച നിര്‍ണായക ഘടകങ്ങളില്‍ ഒന്നാണ് കര്‍ഷക പ്രക്ഷോഭം. രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തോട് അരവിന്ദ് കേജ്രിവാള്‍ പ്രകടിച്ച അനുകൂല മനോഭാവവും പഞ്ചാബില്‍ വോട്ടായി മാറിയിട്ടുണ്ടാകാം.
പുതിയ പാര്‍ട്ടികള്‍ വരുന്നതും അവരെ ജനങ്ങള്‍ സ്വീകരിക്കുന്നതും ജനാധിപത്യ പ്രക്രിയയ്ക്ക് ശക്തിപകരുന്നതാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ ജനാധിപത്യം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍. അതുകൊണ്ടുതന്നെ പഞ്ചാബില്‍ എഎപി നേടിയ ജയം ശുഭപ്രതീക്ഷകള്‍ നല്‍കുന്നതാണ്. കേജ്രിവാളിനെ പോലെ ജനങ്ങളുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഭഗ്‌വന്ത് മന്നിനാകുമോയെന്ന് കാത്തിരുന്നു കാണാം
Content Highlights: Punjab Election Result 2022 Live Updates,Aam Aadmi Party,AAP in Punjab