പനജിയില്‍ ജയിക്കുക 'പരീക്കറുടെ മഹത്വമോ'; കൂറുമാറ്റത്തിനുള്ള അംഗീകാരമോ?

#സി കെ റിംജു
ഉത്പല്‍ പരീക്കര്‍ | Photo: ANI
ഉത്പല്‍ പരീക്കര്‍ | Photo: ANI

മംഗളൂരു: വോട്ടെടുപ്പ് ഫെബ്രുവരി 14ന്, നോമിനേഷന്‍ പിന്‍വലിക്കേണ്ടത് ജനുവരി 30 ന്.ഗോവന്‍ തീരത്ത് തിരഞ്ഞെടുപ്പ് ചൂടുപിടിക്കാന്‍ ഇനിയും ദിവസങ്ങളുണ്ടെങ്കിലും പനജി മണ്ഡലം ഇപ്പൊളേ തിളച്ചു തുടങ്ങി. അന്തരിച്ച മുന്‍മുഖ്യമന്ത്രി  മനോഹര്‍ പരീക്കറിന്റെ സ്വന്തം മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകനായ ഉത്പല്‍ പരീക്കറിന് ബിജെപി ടിക്കറ്റ് നല്‍കാത്തതോടെയാണ് പനജി തുടക്കത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായത്.

അച്ഛന്റെ മഹത്വത്തില്‍ മാത്രം മകന് സീറ്റ് നല്‍കില്ലെന്ന് ബിജെപി വാശിപിടിച്ചതോടെ ഉത്പല്‍ ഇടഞ്ഞു.20 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച പിതാവിന്റെ പ്രതാപം മണ്ഡലത്തില്‍ തനിക്ക് വോട്ടായ് വീഴുമെന്ന് കണ്ട് ഉത്പല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.എന്നാല്‍ ബി ജെ പി സിറ്റിങ് എം.എല്‍.എ ആയ അറ്റനാസിയോ മൊന്‍സരാറ്റ യെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.ഇതും ഉത്പലിനെ ചൊടിപ്പിച്ചു.

2019 ല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ആളാണ് അറ്റനാസിയോ. അതുവരെ മനോഹര്‍ പരീക്കറിന്റെ രാഷ്ട്രീയ എതിരാളി ആയിരുന്നു അറ്റനാസിയോ. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലെന്ന് ഉത്പല്‍ തുറന്നടിച്ചു. എന്നാല്‍ പനജിയില്‍ ബിജെപി നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്ന് അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം പനജിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഉത്പല്‍ പരീക്കറിനെ ബിജെപി ഇതര പാര്‍ട്ടികള്‍ പിന്തുണക്കണമെന്നഭ്യര്‍ത്ഥിച്ച് ശിവസേന ശനിയാഴ്ച രംഗത്തുവന്നു. ഉത്പലിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍, ആം ആദ്മി പാര്‍ട്ടി നേതാക്കളോട് ശിവസേന നേതാവ് സഞ്ജയ് റാവത് അഭ്യര്‍ത്ഥിച്ചു.

പനജിയില്‍ ഉത്പലിന്റെ വിജയം ഉറപ്പാക്കാന്‍ എല്ലാവരും ഒന്നിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ചയായിരുന്നു ഉത്പല്‍ പരീഖര്‍ ബിജെപി വിട്ടതും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതും.

Content Highlights: manohar parrikar`s son utpal parrikar against bjp

Content Highlights: