പാര്‍ട്ടി മാറില്ല, വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാം-ആം ആദ്മി സ്ഥാനാര്‍ഥികള്‍

#സി.കെ.റിംജു
ഗോവയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി മുദ്രക്കടലാസില്‍ തയ്യാറാക്കിയ ഉറപ്പുകളടങ്ങിയ സത്യവാങ്മൂലം മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി വായിക്കുന്നു |ഫോട്ടോ: എന്‍. രാമനാഥ പൈ|മാതൃഭൂമി
ഗോവയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി മുദ്രക്കടലാസില്‍ തയ്യാറാക്കിയ ഉറപ്പുകളടങ്ങിയ സത്യവാങ്മൂലം മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി വായിക്കുന്നു |ഫോട്ടോ: എന്‍. രാമനാഥ പൈ|മാതൃഭൂമി

പനജി: 'ഞാന്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി, ജയിച്ചുകഴിഞ്ഞാല്‍ പാര്‍ട്ടിമാറില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും നിങ്ങള്‍ക്ക് തന്ന വാഗ്ദാനങ്ങള്‍ ഞാന്‍ പാലിച്ചില്ലെങ്കില്‍ എനിക്കെതിരേ നിയമനടപടി സ്വീകരിക്കാമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു...'

കൂറുമാറ്റത്തിന്റെ കൂടാരമായ ഗോവന്‍ രാഷ്ട്രീയത്തില്‍ വോട്ടര്‍മാരുടെ വിശ്വാസം നേടിയെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ വ്യത്യസ്ത രാഷ്ട്രീയതന്ത്രം. ദേശീയാധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ ഗോവയില്‍ പ്രചാരണത്തിനെത്തിയതിന്റെ രണ്ടാം നാളാണ് സ്ഥാനാര്‍ഥികളെക്കൊണ്ട് മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം എഴുതി ഒപ്പിട്ടുവാങ്ങി മാധ്യമങ്ങള്‍ മുമ്പാകെ പ്രദര്‍ശിപ്പിച്ചത്.

കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളില്‍ കൊണ്ടുപോയി പാര്‍ട്ടിമാറില്ലെന്ന് സത്യം ചെയ്യിച്ചതിനു പിന്നാലെയാണ് ആം ആദ്മിപാര്‍ട്ടിയുടെ പുത്തന്‍ രാഷ്ട്രീയനീക്കം. 100 രൂപയുടെ മുദ്രപ്പത്രത്തിലാണ് താന്‍ പാര്‍ട്ടിമാറില്ലെന്ന് പറഞ്ഞുതുടങ്ങുന്ന അഞ്ച് ഉറപ്പുകള്‍ കൊങ്കിണി ഭാഷയില്‍ ദേവനാഗിരി ലിപിയില്‍ എഴുതി ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി 39 സ്ഥാനാര്‍ഥികളും ഒപ്പിട്ടുനല്‍കിയത്.

സ്ഥാനാര്‍ഥികള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഈ സത്യവാങ്മൂലം ഏറ്റുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തു. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമിത് പലേക്കര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതിന്റെ പകര്‍പ്പ് ഓരോ വീട്ടിലും വിതരണം ചെയ്യണമെന്നും കെജ്‌രിവാള്‍ നിര്‍ദേശിച്ചു.

''ഇത് ഞങ്ങളെ വിശ്വസിച്ച് വോട്ടുചെയ്യുന്ന സമ്മതിദായകര്‍ക്കുള്ള പാര്‍ട്ടിയുടെ ഉറപ്പാണ്, ഞങ്ങള്‍ നിങ്ങളെ വഞ്ചിക്കില്ല എന്ന ഉറപ്പ്'' -കെജ്‌രിവാള്‍ പറഞ്ഞു.

Content Highlights: