ഗോവയില്‍ കോണ്‍ഗ്രസിന്റെ 'വിശ്വാസപ്രതിജ്ഞാ യജ്ഞം'

തിരഞ്ഞെടുപ്പിൽ ജയിച്ചാൽ കാലുമാറില്ലെന്ന് ഗോവയിലെ കോൺഗ്രസ് സ്ഥാനാർഥികൾ ഭരണഘടനതൊട്ട് സത്യംചെയ്യുന്നു. മുൻ മുഖ്യമന്ത്രിയും മഡ്ഗാവിലെ സ്ഥാനാർഥിയുമായ ദിഗംബർ കാമത്താണ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്
തിരഞ്ഞെടുപ്പിൽ ജയിച്ചാൽ കാലുമാറില്ലെന്ന് ഗോവയിലെ കോൺഗ്രസ് സ്ഥാനാർഥികൾ ഭരണഘടനതൊട്ട് സത്യംചെയ്യുന്നു. മുൻ മുഖ്യമന്ത്രിയും മഡ്ഗാവിലെ സ്ഥാനാർഥിയുമായ ദിഗംബർ കാമത്താണ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്

പനജി: ജയിച്ചാല്‍ കാലുമാറില്ലെന്ന് സ്ഥാനാര്‍ഥികളെ ദേവാലയങ്ങളില്‍ കൊണ്ടുപോയി വിശ്വാസ പ്രതിജ്ഞ ചെയ്യിച്ചു. ഇപ്പോളിതാ രാഹുല്‍ഗാന്ധിക്കുമുമ്പില്‍ ഭരണഘടനതൊട്ട് ദൃഢപ്രതിജ്ഞയുമെടുപ്പിച്ചു. ഗോവയില്‍ കോണ്‍ഗ്രസ് ഇപ്പോഴും കൂട്ടക്കാലുമാറ്റത്തെ ഭയക്കുകയാണ്.

വെള്ളിയാഴ്ച പ്രചാരണത്തിനെത്തിയ രാഹുല്‍ഗാന്ധിക്കുമുമ്പാകെ പി.സി.സി.യാണ് സ്ഥാനാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞചെയ്യിപ്പിച്ചത്. ഡോണാപോളയിലെ ഹോട്ടലില്‍ മാധ്യമങ്ങളെ പങ്കെടുപ്പിക്കാതെയായിരുന്നു ചടങ്ങ്. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

മുന്‍മുഖ്യമന്ത്രിയും മഡ്ഗാവിലെ സ്ഥാനാര്‍ഥിയുമായ ദിഗംബര്‍ കാമത്ത് ഇന്ത്യന്‍ ഭരണഘടനയില്‍ തൊട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഗോവയില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള പി. ചിദംബരം എന്നിവരും പങ്കെടുത്തു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 17 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍, 13 സീറ്റുമാത്രം ലഭിച്ച ബി.ജെ.പി. ചെറുകക്ഷികളുടെ സഹായത്തോടെ കേവലഭൂരിപക്ഷമുറപ്പാക്കി ഭരണം പിടിച്ചു.

കോണ്‍ഗ്രസിലെ 10 എം.എല്‍.എ.മാര്‍ പിന്നീട് ഒറ്റയടിക്ക് ബി.ജെ.പി.യിലേക്ക് കൂറുമാറി. നിലവില്‍ കോണ്‍ഗ്രസിന് നിയമസഭയില്‍ രണ്ട് എം.എല്‍.എ.മാര്‍ മാത്രമേയുള്ളൂ.

Content Highlights: