80 രൂപയ്ക്ക് പെട്രോൾ, നിർധനർക്ക് മാസം 6000 രൂപവീതം; ഗോവൻ മനസ്സറിഞ്ഞ് കോൺഗ്രസിന്റെ പ്രകടനപത്രിക

#പനജിയിൽനിന്ന് സ്റ്റാഫ്‌ റിപ്പോർട്ടർ
• പ്രകടനപത്രിക പ്രകാശനംചെയ്തശേഷം പി. ചിദംബരം മാധ്യമങ്ങളോട് സംസാരിക്കുന്നു
• പ്രകടനപത്രിക പ്രകാശനംചെയ്തശേഷം പി. ചിദംബരം മാധ്യമങ്ങളോട് സംസാരിക്കുന്നു

പനജി: 2035 വരെയുള്ള വികസന അജൻഡകളും കാഴ്ചപ്പാടുകളും ഉൾപ്പെടുത്തി ഗോവയിൽ കോൺഗ്രസിന്റെ പ്രകടനപത്രിക. ‘വിഷൻ 2035’ എന്ന് പേരിട്ട പ്രകടനപത്രികയിൽ കുതിക്കുന്ന പെട്രോൾവിലയെ പിടിച്ചുകെട്ടുമെന്ന് പ്രഖ്യാപനമുണ്ട്. പ്രാദേശികനികുതി കുറച്ച് ലിറ്ററിന് 80 രൂപയ്ക്ക് പെട്രോൾ ലഭ്യമാക്കും. നിർധനർക്ക് മാസം 6000 രൂപവീതം നൽകും.

ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, വിനോദസഞ്ചാരം, സ്ത്രീശാക്തീകരണം, തൊഴിൽ, കടൽസംരക്ഷണം എന്നുതുടങ്ങി ഗോവയുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന പദ്ധതികളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

യുവാക്കൾക്ക് ജോലിക്കായി 500 കോടിയുടെ വാർഷികപദ്ധതികൾ നടപ്പാക്കും. സർക്കാർജോലിയിൽ സ്ത്രീകൾക്ക് 30 ശതമാനം സംവരണം, സ്വാശ്രയസംഘങ്ങൾക്ക് 50 ശതമാനം സബ്സിഡിനിരക്കിൽ ഒരുലക്ഷം രൂപവരെ സഹായം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗ്രാമങ്ങളിലെ വായനശാലകളിലും സൗജന്യ വൈഫൈ കണക്‌ഷൻ എന്നിവയും പ്രകടനപത്രികയിൽ പറയുന്നു. ഗോവയിൽ വിവാദങ്ങൾക്ക് വഴിമരുന്നിട്ട ഖനനവ്യവസായം നിയമപരമായും പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിലും നടപ്പാക്കുമെന്നാണ് മറ്റൊരുറപ്പ്. ഗോവയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി. ചിദംബരമാണ് പ്രകടനപത്രിക പ്രകാശനംചെയ്തത്.

Content Highlights: Congress releases manifesto for Goa polls

Content Highlights: