പാര്‍ലമെന്ററി ഓംബുഡ്‌സ്മാന്‍ അഥവാ ലോകായുക്ത; അറിയാം ചില കൗതുകങ്ങള്‍

#അഡ്വ.ജോണി സെബാസ്റ്റ്യന്‍
Representative Image| Mathrubhumi.com
Representative Image| Mathrubhumi.com

ര്‍ക്കാര്‍ ഭരണസംവിധാനത്തിലും പൊതുജീവിതത്തിലുമുള്ള അഴിമതി, സ്വജനപക്ഷപാതം, അച്ചടക്കമില്ലായ്മ എന്നിവ അന്വേഷിക്കുന്ന ഔദ്യോഗികസംവിധാനമാണ്  ലോകായുക്ത. സ്വീഡന്‍, നോര്‍വേ, ഫിന്‍ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ ഈ സംവിധാനത്തെ പാര്‍ലമെന്ററി ഓംബുഡ്‌സ്മാന്‍ എന്നാണ് വിളിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്ററി ഓംബുഡ്‌സ്മാനാണ് ലോക്പാലും ലോകായുക്തയും. ദേശീയതലത്തില്‍ ലോക്പാലും. സംസ്ഥാനങ്ങളില്‍ ലോകായുക്തയും.

ചരിത്രം
ഈ സംവിധാനത്തിന്റെ ആദിരൂപം പ്രാചീന ചൈനയിലും കൊറിയയിലുമുണ്ടെന്ന് ചില വാദങ്ങളുണ്ട്. എന്നാല്‍, സ്വീഡന്‍, നോര്‍വേ പോലുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലാണ് ആധുനിക ഓംബുഡ്‌സ്മാന്റെ വേരുകളുള്ളത്.

ഇന്ത്യയില്‍  മൊറാര്‍ജി ദേശായി അധ്യക്ഷനായുള്ള  ഭരണപരിഷ്‌കാര കമ്മിഷനാണ് 1966 ഒക്ടോബറില്‍ ലോക്പാലും ലോകായുക്തയും  വേണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. 1968 മുതല്‍ എട്ടുതവണ  ഇത് നിയമമാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. 

ലോക്പാല്‍ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണ ഹസാരെ നടത്തിയ സമരത്തെത്തുടര്‍ന്ന് 2013-ല്‍  ലോക്പാല്‍  രാജ്യത്തിന്റെ നിയമമായി.

ആദ്യം മഹാരാഷ്ട്രയില്‍

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് ആദ്യമായി  ലോകായുക്ത നിയമം പാസാക്കിയത്. 1971-ലാണത്. തുടര്‍ന്ന് ഒഡിഷ, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് കേരളം തുടങ്ങിയ സംസ്ഥാനങ്ങളും ലോകായുക്താ നിയമം പാസാക്കി. 

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 1999-ലാണ് കേരളത്തില്‍ ലോകായുക്താനിയമം പാസാക്കിയത്. ഒരു ലോകായുക്തയും  രണ്ട് ഉപലോകായുക്തയുമാണ് ഉണ്ടാവുക. സുപ്രീംകോടതി ജഡ്ജിയായോ ഹൈക്കോടതി ചീഫ് ജസ്റ്റിസായോ വിരമിച്ച ആളായിരിക്കണം ലോകായുക്ത എന്ന് കേരളലോകായുക്ത നിയമത്തിന്റെ സെക്ഷന്‍ മൂന്നില്‍ പറയുന്നു. ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിമാര്‍ക്ക് ഉപലോകായുക്തയാകാം. ഗവര്‍ണറാണ് നിയമിക്കുന്നത്. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്ന് നിര്‍ദ്ദേശിക്കുന്ന ആളെയാണ് ലോകായുക്തയും ഉപലോകായുക്തയുമായി നിയമിക്കുന്നത്.
കര്‍ണാടകയില്‍

ലോകായുക്തയുടെ കര്‍ണാടകയിലെ ഒരു വിധി വളരെ പ്രസിദ്ധമായിരുന്നു. സുപ്രീംകോടതി അഭിഭാഷകനായിരിക്കെ സുപ്രീം കോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ കര്‍ണാടക ലോകയുക്തയായപ്പോള്‍ നടത്തിയ വിധിയിലാണ്  യെദ്യൂരപ്പയുടെ മുഖ്യമന്ത്രി സ്ഥാനം 2011-ല്‍ നഷ്ടമായത്.
 
 അഞ്ചുവര്‍ഷത്തേക്കാണ് നിയമനം

കേരളത്തില്‍ ലോകായുക്തയെ നിയമിക്കുന്നത് അഞ്ചുവര്‍ഷത്തേക്കാണ്. ഭരണപരമായ ഭാഗം കൈകാര്യം ചെയ്യാന്‍ ജില്ലാ ജഡ്ജിയുടെ യോഗ്യതയുള്ള ആളെ  രജിസ്ട്രാര്‍ ആയി നിയമിക്കുന്നു. 

അന്വേഷണത്തിന് പോലീസ് ഏജന്‍സിയും ലോകായുക്തയ്ക്കുണ്ട്.  ഓഫീസ് സ്ഥിതിചെയ്യുന്നത് നിയമസഭാ മന്ദിരത്തോടുചേര്‍ന്ന വികാസ്ഭവനിലാണ്. റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫാണ് കേരളത്തിലെ ലോകായുക്ത. ജസ്റ്റിസുമാരായ ഹാറൂണ്‍ അല്‍ റഷീദ്, ബാബു മാത്യു പി. ജോസഫ് എന്നിവരാണ് ഉപലോകായുക്തമാര്‍. ലോകായുക്തയിലേക്കുള്ള പരാതികള്‍  നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കാം. പരാതി  ഫയല്‍  ചെയ്യുന്നതിനുള്ള ഫോറത്തിന്റെയും സത്യവാങ്മൂലത്തിന്റെയും മാതൃക  ലോകായുക്തയുടെ  വെബ്‌സൈറ്റില്‍ ലഭ്യമാണ്. 18 വയസ്സുകഴിഞ്ഞവര്‍ക്ക് പരാതി സമര്‍പ്പിക്കാം.

Content Highlights: