ബനാറസ് ഹിന്ദു സർവകലാശാലയിൽ വെറ്ററിനറി സയൻസ് ബാച്ച്‌ലർ പ്രോഗ്രാം

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി |ANI
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി |ANI

ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു.)-വാരാണസി, മിർസാപുർ രാജീവ്ഗാന്ധി സൗത്ത് കാംപസിൽ നടത്തുന്ന ബാച്ച്‌ലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്‌സി. ആൻഡ് എ.എച്ച്.) പ്രോഗ്രാമിലെ 2024-25-ലെ പ്രവേശനത്തിന് അപേക്ഷിക്കാം.

ഒരുവർഷ ഇന്റേൺഷിപ്പ് ഉൾപ്പെടെ അഞ്ചരവർഷം ദൈർഘ്യമുള്ള കോഴ്സിൽ 60 സീറ്റുണ്ട്. ഇതിൽ ഒൻപത് സീറ്റ് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ (വി.സി.ഐ.) ഓൾ ഇന്ത്യ ക്വാട്ട കൗൺസലിങ് വഴി നികത്തും. ബാക്കി 51 സീറ്റുകൾ (ജനറൽ-21, ഇ.ഡബ്ല്യു.എസ്.-5, ഒ.ബി.സി.-14, എസ്.സി.-7, എസ്.ടി.-4, പിഡബ്ല്യു.ബി.ഡി.-3) ഈ പ്രക്രിയവഴി സ്ഥാപനം നികത്തും.

യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യതാപരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് (കോർ കോഴ്സ്) എന്നിവ പഠിച്ച്, ഇവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് വാങ്ങി (പട്ടിക/ഒ.ബി.സി./പി.സി./കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തുന്ന മറ്റ് സ്പെഷ്യൽ കാറ്റഗറി വിഭാഗക്കാർ എന്നിവർക്ക് 47.5 ശതമാനം) ജയിച്ചിരിക്കണം.

പ്രായം 2024 ഡിസംബർ 31-ന് 17-നും 25-നും ഇടയ്ക്കായിരിക്കണം (ജനിച്ചത് 31.12.1999-നും 31.12.2007-നും ഇടയ്ക്ക് -രണ്ടുദിവസങ്ങളും ഉൾപ്പടെ). പട്ടിക/ഒ.ബി.സി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെ ഇളവ്, ഉയർന്ന പ്രായപരിധിയിൽ കിട്ടും.

നീറ്റ് യു.ജി. 2024 യോഗ്യത നേടിയിരിക്കണം.

അപേക്ഷ bhuadm.samarth.edu.in./ വഴി സെപ്‌റ്റംബർ 29 വരെ നൽകാം (പ്രോസ്പെക്ടസിൽ അവസാനതീയതി ഒക്ടോബർ രണ്ട് എന്നാണ്) പ്രോസ്പെക്ടസ് ഈ സൈറ്റിൽ ലഭിക്കും. നീറ്റ് യു.ജി. 2024 മെറിറ്റ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. റെഗുലർഫീസ് ആദ്യ പ്രൊഫഷണൽ വർഷത്തിൽ 56,089 രൂപയും തുടർവർഷങ്ങളിൽ 50,314 രൂപയുമാണ്.

Content Highlights: veterinary science bachelor program in banaras hindu university