പ്രതിവർഷ ട്യൂഷൻ ഫീസ് 250 രൂപ; PGIMER-ല്‍ പാരാമെഡിക്കൽ കോഴ്‌സുകളില്‍ പ്രവേശനം നേടാം

#ഡോ. എസ്. രാജൂകൃഷ്ണൻ
Representational Image | Photo: freepik.com
Representational Image | Photo: freepik.com

ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ.) വിവിധ പാരാമെഡിക്കൽ ബാച്ചിലർ പ്രോഗ്രാമുകളിലെ 2023-’24 പ്രവേശനത്തിന് അപേക്ഷിക്കാം. എല്ലാ പ്രോഗ്രാമുകളുടെയും പ്രതിവർഷ ട്യൂഷൻ ഫീസ് 250 രൂപയാണ്.

ബാച്ച്‌ലർ ഇൻ മെഡിക്കൽ ലബോറട്ടറി സയൻസ് (നാലുവർഷം), ബി.എസ്‌സി. മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി(4), ബി.എസ്‌സി. റേഡിയോതെറാപ്പി ടെക്നോളജി (3.5), ബി.എസ്‌സി. ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി (4), ബി.എസ്‌സി. മെഡിക്കൽ ടെക്നോളജി - പെർഫ്യൂഷണിസ്റ്റ് (3), ബി.എസ്‌സി. എംബാമിങ് ആൻഡ് മോർച്ചറി സയൻസസ് (3), ബാച്ച്‌ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (4), ബി.എസ്‌സി. മെഡിക്കൽ ടെക്നോളജി (ഡയാലിസിസ് തെറാപ്പി ടെക്നോളജി) (4), ബാച്ച്‌ലർ ഓഫ് ഒപ്ടോമെട്രി (4), ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി (4.5), ബാച്ച്‌ലർ ഓഫ് പബ്ലിക് ഹെൽത്ത് (4), ബി.എസ്‌സി. മെഡിക്കൽ ആനിമേഷൻ ആൻഡ് ഓഡിയോ വിഷ്വൽ ക്രിയേഷൻ (3) എന്നീ പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പബ്ലിക് ഹെൽത്ത്, മെഡിക്കൽ ആനിമേഷൻ & ഓഡിയോ വിഷ്വൽ ക്രിയേഷൻ കോഴ്സുകളിലെ പ്രവേശത്തിന് ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. മറ്റു കോഴ്സുകൾക്ക്, കോഴ്സിനനുസരിച്ച് പ്ലസ് ടു നിശ്ചിത സയൻസ് വിഷയങ്ങൾ പഠിച്ച് ജയിച്ചിരിക്കണം. പ്രോഗ്രാമിനനുസരിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്‌ട്രോണിക്സ്, സൈക്കോളജി, ഇംഗ്ലീഷ് എന്നിവയിൽ ചിലത് വേണ്ടിവരും. മറ്റു ചില ഡിപ്ലോമ/വൊക്കേഷണൽ/സർട്ടിഫിക്കറ്റ്/ഇതര കോഴ്സുകളും ചില കോഴ്സുകൾക്ക് പരിഗണിക്കും. വിശദമായ വിദ്യാഭ്യാസ യോഗ്യത, യോഗ്യതാ പരീക്ഷയിലെ മാർക്ക് വ്യവസ്ഥ, പ്രായപരിധി, തുടങ്ങിയ വിശദാംശങ്ങൾ pgimer.edu.in ലെ പ്രോസ്പെക്ടസിൽ ലഭിക്കും (ഇൻഫർമേഷൻ ഫോർ കാൻഡിഡേറ്റ്സിലെ പ്രോഗ്രാം പ്രവേശന വിജ്ഞാപന ലിങ്കിൽ).

ഓഗസ്റ്റ് 11-ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷകൾ വഴിയാണ് പ്രവേശനം. അപേക്ഷ ജൂലായ് 10 വരെ ഓൺലൈൻ ആയി നൽകാം.

Content Highlights: PGIMER, Chandigarh, Postgraduate Institute of Medical Education and Research