സ്പെയ്‌സ് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം

IIST Thiruvananthapuram
IIST Thiruvananthapuram

ല്പിതസർവകലാശാലയായ, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്‌സ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി), 2025 ജൂലായ് സെഷനിലെ ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.എയ്‌റോസ്പെയ്‌സ് എൻജിനിയറിങ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്പെയ്‌സ്‌ സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വകുപ്പുകളിൽ ഗവേഷണ അവസരമുണ്ട്.

യോഗ്യത:

(i) എൻജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് ബിരുദം തങ്ങളുടെ ഉയർന്ന യോഗ്യതയായുള്ളവർക്ക് 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെയുള്ള എംഇ/എംടെക് ബിരുദം വേണം. വിദേശ സർവകലാശാലയിൽനിന്നുമുള്ള എൻജിനിയറിങ് മാസ്റ്റർ ഓഫ് സയൻസ് ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

(ii) എൻജിനിയറിങ്/ടെക്നോളജി ബാച്ച്‌ലേഴ്സ് ബിരുദം തങ്ങളുടെ ഉയർന്ന യോഗ്യതയായുള്ളവർക്ക് 75 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെയുള്ള ബിഇ/ബിടെക് ബിരുദം, സാധുവായ ഗേറ്റ് സ്കോർ എന്നിവ വേണം.

നിശ്ചിത ഗ്രേഡോടെ ഐഐടി, ഐഐഎസ്‌ടി എന്നിവയിൽനിന്നുമുള്ള ബിഇ/ബിടെക് ബിരുദം/ഡ്യുവൽ ഡിഗ്രി (എൻജിനിയറിങ് ബാച്ച്‌ലേഴ്‌സ്, സയൻസ് മാസ്റ്റേഴ്സ്) ഉള്ളവർ, പ്രസക്തമായ വിഷയത്തിൽ യുജിസി-സിഎസ്ഐആർ-നെറ്റ്- ജെആർഎഫ്/ലക്ചറർഷിപ്പ് അല്ലെങ്കിൽ എൻബിഎച്ച്എം/ജസ്റ്റ് യോഗ്യതയുള്ളവർ എന്നിവർക്ക്, ഗേറ്റ് സ്കോർ വേണമെന്ന വ്യവസ്ഥ ബാധകമല്ല.

(iii) സയൻസ്/ഹ്യുമാനിറ്റീസ്/മാനേജ്മെൻറ്/സോഷ്യൽ സയൻസസ് മാസ്റ്റേഴ്സ് ബിരുദം തങ്ങളുടെ ഏറ്റവും ഉയർന്ന യോഗ്യതയായുള്ളവർക്ക്, ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള മാസ്റ്റേഴ്സ് ബിരുദം വേണം. കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ യുജിസി-സിഎസ്ഐആർ-നെറ്റ്- ജെആർഎഫ്/ലക്ചറർഷിപ്പ് അല്ലെങ്കിൽ എൻബിഎച്ച്എം/ജസ്റ്റ്/ഗേറ്റ് എന്നിവയിലൊരു അർഹതാ ടെസ്റ്റ് യോഗ്യതയും (സാധുവായത്) വേണം.

(iv) സയൻസ്/ഹ്യുമാനിറ്റീസ്/മാനേജ്മെൻറ്/സോഷ്യൽ സയൻസസ് നാലുവർഷ ബാച്ച‌്‌ലേഴ്സ് ബിരുദം തങ്ങളുടെ ഏറ്റവും ഉയർന്ന യോഗ്യതയായുള്ളവർക്ക്, ബന്ധപ്പെട്ട വിഷയത്തിൽ 75 ശതമാനം മാർക്കോടെയുള്ള നാലുവർഷ ബാച്ച്‌ലേഴ്സ് ബിരുദം വേണം.

പ്രസക്തമായ വിഷയത്തിൽ, യുജിസി-സിഎസ്ഐആർ-നെറ്റ്- ജെആർഎഫ്/ലക്ചറർഷിപ്പ് അല്ലെങ്കിൽ എൻബിഎച്ച്എം/ജസ്റ്റ്/ഗേറ്റ് എന്നിവയിലൊരു അർഹതാ ടെസ്റ്റ് യോഗ്യതയും വേണം. ഓരോ വകുപ്പിലെയും ഗവേഷണമേഖലയ്ക്കനുസരിച്ചു വേണ്ട യോഗ്യതാബിരുദം, വിഷയം എന്നിവയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ മേയ് ഏഴിന് രാത്രി 11.59 വരെ admission.iist.ac.in വഴി നൽകാം.

Content Highlights: iist-phd-admissions-2025