സി.എസ്.ഐ.ആർ. യു.ജി.സി. നെറ്റ്: 2023 ഡിസംബർ പരീക്ഷയ്ക്ക് അപേക്ഷിക്കാം

ശാസ്ത്ര വിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) അർഹത, സർവകലാശാലകളിലും കോളേജുകളിലും ലക്ചറർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള അർഹത എന്നിവ നിർണയിക്കുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് (നെറ്റ്) നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അപേക്ഷ ക്ഷണിച്ചു.
വിഷയങ്ങൾ
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ.), യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.) എന്നിവ സംയുക്തമായി, എൻ.ടി.എ. വഴി നടത്തുന്ന ജോയന്റ് സി.എസ്.ഐ.ആർ.-യു.ജി.സി. നെറ്റ്: കെമിക്കൽ സയൻസസ്, എർത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ അഞ്ചു വിഷയങ്ങളിൽ നടത്തും.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ
കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ഡിസംബർ 26, 27, 28 തീയതികളിൽ നടത്തുന്ന മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ഒരു പേപ്പറാണുള്ളത്. അതിൽ മൂന്നു ഭാഗങ്ങളിലായി ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. വിഷയമനുസരിച്ച്, ചോദ്യങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടാകും. ചോയ്‌സും ഉണ്ടാകും. കേരളത്തിൽ വയനാട് ജില്ലയിലൊഴികെ മറ്റു ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് നാല് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.
യോഗ്യത
മാസ്റ്റേഴ്സ് ബിരുദം/തത്തുല്യ യോഗ്യത/ഇന്റഗ്രേറ്റഡ് ബി.എസ്.- എം.എസ്./നാലുവർഷ ബി.എസ്./ബി.ഇ./ബി.ടെക്./ബി.ഫാർമ/എം.ബി.ബി.എസ്. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിൽ 55 ശതമാനം മാർക്ക് (ഒ.ബി.സി./പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ അപേക്ഷകർക്ക് 50 ശതമാനം) വേണം. (മാർക്ക് ക്രമപ്പെടുത്താനാകില്ല).
എം.എസ്‌സി.ക്കു പഠിക്കുന്നവർ, യോഗ്യതാ കോഴ്‌സിന്റെ 10+2+3 ഭാഗം പൂർത്തിയാക്കിയവർ എന്നിവർക്ക് റിസൽട്ട് എവൈറ്റഡ് വിഭാഗത്തിൽ അപേക്ഷിക്കാം. ഫെലോഷിപ്പിന്റെ സാധുതാ കാലയളവായ രണ്ടുവർഷത്തിനകം യോഗ്യത നേടണം. ബി.എസ്‌സി. (ഓണേഴ്‌സ്)/തത്തുല്യ ബിരുദമുള്ളവർ, ഇന്റഗ്രേറ്റഡ് എം.എസ്‌സി.- പിഎച്ച്.ഡി. വിദ്യാർഥികൾ എന്നിവർക്കും അപേക്ഷിക്കാം. മാർക്ക് വ്യവസ്ഥയുണ്ട്. ബാച്ച്‌ലർ ബിരുദധാരികൾക്ക് ജെ.ആർ.എഫിന് മാത്രമേ അർഹത ലഭിക്കൂ. ബി.ഇ./ബി.എസ്./ബി.ടെക്./ബി.ഫാർമ./എം.ബി.ബി.എസ്. അന്തിമ വർഷക്കാർ/ ഫലം കാത്തിരിക്കുന്നവർ എന്നിവർക്കും ഫെലോഷിപ്പിനുമാത്രമേ അപേക്ഷിക്കാൻ കഴിയൂ. ബി.എസ്‌സി. (ഓണേഴ്‌സ്) അന്തിമവർഷക്കാർ/ഫലം കാത്തിരിക്കുന്നവർ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല.
ജെ.ആർ.എഫിന് 1.7.2023-ന് ഉയർന്ന പ്രായപരിധി 28 ആയിരിക്കും. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്. ലക്ചറർഷിപ്പ്/അസിസ്റ്റന്റ് പ്രൊഫസർ അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല. ലക്ചറർഷിപ്പ്/അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സാധുതയ്ക്ക് സമയപരിധിയില്ല.
അപേക്ഷ
അപേക്ഷ csirnet.nta.ac.in വഴി നവംബർ 30-ന് വൈകീട്ട് അഞ്ചുവരെ നൽകാം. അപേക്ഷാ ഫീസ് അന്നേദിവസം രാത്രി 11.50 വരെ അടയ്ക്കാം.
ഒരാൾക്ക് ജെ.ആർ.എഫ്. അർഹതയ്ക്കോ ലക്ചറർഷിപ്പ്/അസിസ്റ്റന്റ് പ്രൊഫസർ അർഹതയ്ക്കോ അപേക്ഷിക്കാം. ജെ.ആർ.എഫ്. യോഗ്യത ലഭിക്കുന്നവർക്ക് അംഗീകൃത സ്ഥാപനത്തിൽ ഗവേഷണപ്രവേശനം ലഭിക്കുന്നമുറയ്ക്ക് ആകർഷകമായ ഫെലോഷിപ്പ് ലഭിക്കും. ആദ്യ രണ്ടുവർഷം പ്രതിമാസം 37,000 രൂപ ലഭിക്കും. മൂന്നാം വർഷംമുതൽ പ്രതിമാസ സ്റ്റൈപ്പെൻഡ് 42,000 രൂപ.
പ്രതിവർഷ കണ്ടിൻജൻസി ഗ്രാന്റ് 20,000 രൂപ. മറ്റ് യോഗ്യതാ വ്യവസ്ഥകൾക്കു വിധേയമായി ലക്ചറർഷിപ്പ്/അസിസ്റ്റന്റ് പ്രൊഫസർ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാനുള്ള അർഹതയും അവർക്കുണ്ടാകും.
Content Highlights: CSIR NET 2023 notification released