55 ലക്ഷം ഫീസ്; സയൻസ് പ്ലസ്ടുകാർക്ക് പൈലറ്റാവാം, കൊമേഴ്സ്യൽ ലൈസൻസ് കോഴ്സിന് അപേക്ഷിക്കാം

യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കാൻ ആവശ്യമായ, കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ.) കോഴ്സിൽ ചേരാൻ സയൻസ് സ്ട്രീമിൽ പ്ലസ് ടു ജയിച്ചവർക്ക് അവസരം. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഉത്തർ പ്രദേശ്, അമേഠി, ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (ഐ.ജി.ആർ.യു.എ.) ആണ് പ്രോഗ്രാം നടത്തുന്നത്.
ഏകദേശം 36 മാസമാണ് സി.പി.എൽ. പ്രോഗ്രാം [അബ് ഇനിഷ്യോ ടു സി.പി.എൽ. കോഴ്സ് ഫോർ ഇഷ്യൂ ഓഫ് സി.പി.എൽ. വിത്ത് മൾട്ടി എൻജിൻ എൻഡോഴ്സ്മൻ്റ് ആൻഡ് ഇൻസ്ട്രുമെൻറ് റേറ്റിങ് (ഐ.ആർ.) ഓൺ മൾട്ടി എൻജിൻ എയർക്രാഫ്റ്റ്] ദൈർഘ്യം. വിദ്യാർഥിയുടെ അക്കാദമിക്സ്, ഫ്ളൈയിങ് പുരോഗതിക്കനുസരിച്ച് കോഴ്സ് ദൈർഘ്യം മാറാം.
ഒന്നിൽ കൂടുതൽ എൻജിനുകളുള്ള എയർക്രാഫ്റ്റുകൾ പറപ്പിക്കാനുള്ള പരിശീലനം ലഭിക്കുന്നതിനെ മൾട്ടി എൻജിൻ എൻഡോഴ്സ്‌മെൻറ് എന്ന് അറിയപ്പെടുന്നു. വിമാനത്തിൻന്റെ ഫ്ലൈറ്റ് അവസ്ഥ വ്യക്തമാക്കുന്ന ഡാറ്റ നൽകുന്ന കോക്പിറ്റ് ഉപകരണങ്ങളാണ് ഫ്ലൈറ്റ് ഇൻസ്ട്രുമെന്റുകൾ. ഇൻസ്ട്രുമെൻ്റ് ഫ്ലൈറ്റ് റൂൾസ് (ഐ.എഫ്.ആർ.) പ്രകാരം വിമാനം പറപ്പിക്കാൻ വേണ്ട യോഗ്യതയാണ് ഇൻസ്ട്രുമെന്റ് റേറ്റിങ് (ഐ.ആർ.)
ഫ്ളൈറ്റ് സ്റ്റിമുലേഷൻ ടെക്നിക് സെൻറർ (എഫ്.എസ്.ടി.സി.) ഗുഡ്ഗാവ്, ഹൈദരാബാദ് കാമ്പസുകളിൽ നടത്തുന്ന വിവിധ തരം എയർക്രാഫ്റ്റുകളിലെ (A320/B737/ATR72/Q400) ടൈപ്പ് ട്രെയിനിങ്ങിനുള്ള ടൈ അപ് സ്ഥാപനത്തിനുണ്ട്. ഈ പരിശീലനത്തിന് താത്‌പര്യമുള്ളവർ അപേക്ഷിക്കുമ്പോൾ താത്‌പര്യം അറിയിക്കണം.
കോഴ്സ് ഫീ
കോഴ്സ് ഫീസ് എല്ലാ വിഭാഗക്കാർക്കും 55 ലക്ഷം രൂപയാണ്. സാമ്പത്തികസഹായം സംബന്ധിച്ച വിവരങ്ങൾ igrua.gov.in/financial-assistance ലിങ്കിൽ ഉണ്ട്. ടൈപ്പ് ട്രെയിനിങ്ങും ഓപ്റ്റ് ചെയ്യുന്നവർ എയർക്രാഫ്റ്റിനനുസരിച്ച് 17 ലക്ഷം/19 ലക്ഷം രൂപകൂടി നൽകണം. മെസ്സിങ്/ഹോസ്റ്റൽ ചെലവ് പ്രതിമാസം 15,000 രൂപ വരും.
യോഗ്യത
ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ച് ജയിച്ച്, ഓരോ വിഷയത്തിനും 50 ശതമാനം മാർക്ക് വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം (പട്ടിക/മറ്റു പിന്നാക്ക/സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 45 ശതമാനം വീതം). പ്രവേശനം നേടുമ്പോൾ, കുറഞ്ഞത് 17 വയസ്സ് പ്രായം വേണം. ഉയർന്ന പ്രായപരിധി 2026 ജനുവരി ഒന്നിന് 28 വയസ്സ്. ഒ.ബി.സി.ക്കാർക്ക് 31-ഉം പട്ടികവിഭാഗക്കാർക്ക് 33-ഉം വയസ്സ്. അപേക്ഷകർ അവിവാഹിതരായിരിക്കണം.
തിരഞ്ഞെടുപ്പ്
ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, വൈവ/ഇന്റർവ്യൂ, പൈലറ്റ് അഭിരുചി പരീക്ഷ/സൈക്കോമട്രിക് ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. മേയ് മൂന്നിന് നടത്തുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരവും ചെന്നൈ, മാണ്ഡ്യ, ഹൈദരാബാദ് തുടങ്ങിയവയും പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് മൂന്ന് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.
ജനറൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, റീസണിങ് ആൻഡ് കറന്റ് അഫയേഴ്സ് എന്നീ വിഷയങ്ങളിൽ നിന്നുമുള്ള, പ്ലസ് ടു നിലവാരമുള്ള ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. തെറ്റുന്ന ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ഇല്ല.
പരീക്ഷയിലെ മാർക്കിന് കട്ട് ഓഫ് നിശ്ചയിച്ച്, ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് (ജനറൽ വിഭാഗത്തിൽ അവസാനമായി ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്ന കാൻഡിഡേറ്റിന്റെ കട്ട് ഓഫ് മാർക്കിനെക്കാൾ അഞ്ച് ശതമാനം കുറവായിരിക്കും സംവരണ വിഭാഗക്കാർക്ക് നിശ്ചയിക്കുന്ന കട്ട് ഓഫ്), വൈവ/ഇന്റർവ്യൂ/പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്/സൈക്കോമെട്രിക് ടെസ്റ്റ് എന്നിവ ഉണ്ടാകും. ജൂൺ ഒന്നിന് ഇവ തുടങ്ങും.
സീറ്റുകൾ, പ്രവേശനം
മൊത്തം 125 സീറ്റ് (ജനറൽ -49, എസ്.സി. -19, എസ്.ടി. -10, ഒ.ബി.സി. -34, ഇ.ഡബ്ല്യു.എസ്.-13). തിരഞ്ഞെടുക്കപ്പെടുന്നവരെ 2026 ജുലായ്, 2027 ജനുവരി എന്നീ മാസങ്ങളിൽ രണ്ട് ബാച്ചുകളിലായി കോഴ്സിൽ പ്രവേശിപ്പിക്കും. മെഡിക്കൽ ഫിറ്റ്നസിന് വിധേയമാണ് പ്രവേശനം. ഡി.ജി.സി.എ. അംഗീകൃത ഡോക്ടറുടെ സർട്ടിഫിക്കറ്റ് നൽകണം.
അപേക്ഷ
വിശദമായ വിജ്ഞാപനം igrua.gov.in ൽ ലഭിക്കും (ഐ.ജി.ആർ.യു.എ. എൻട്രൻസ് ലിങ്ക്). അപേക്ഷ ഈ ലിങ്ക് വഴി ഏപ്രിൽ 13-ന് രാത്രി 11.55 വരെ നൽകാം. അപേക്ഷാഫീസ് 15,000 രുപ. പട്ടിക വിഭാഗക്കാരെ അപേക്ഷാഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തുക ഓൺലൈനായി അടയ്ക്കാം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ഈ കോഴ്സിനൊപ്പം രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന മൂന്നു വർഷത്തെ ബി.എസ്‌സി. (ഏവിയേഷൻ) കോഴ്സിലേക്ക് (120 സീറ്റ്) അപേക്ഷിക്കാനും അവസരമുണ്ട്.
Content Highlights: Science stream +2 graduates can join CPL course at IGRUA for commercial pilot training